Sorry, you need to enable JavaScript to visit this website.

മദ്രസാ അധ്യാപകർക്കും പ്രവാസി കുടുംബങ്ങൾക്കും ജിദ്ദ  ഐ.സി.എഫ് കാൽകോടി രൂപയുടെ സഹായം നൽകും

ജിദ്ദ - കോവിഡ് പ്രതിസന്ധിയിൽപ്പെട്ട് പ്രയാസപ്പെടുന്ന നാട്ടിലെ മദ്രസാ അധ്യാപകർക്കും പ്രവാസി കുടുംബങ്ങൾക്കും ഐ.സി.എഫ് ജിദ്ദ  കമ്മിറ്റി കാൽ കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രതിസന്ധി കാലത്ത് മതകലാലയങ്ങൾ അടഞ്ഞ് കിടക്കുന്നത് കാരണവും മറ്റും ഏറെ പ്രയാസമനുഭവിക്കുന്നവരാണ് മദ്രസ അധ്യാപകർ. അവരിൽ നിന്നും ഏറ്റവും അർഹരായവരെയാണ് സഹായത്തിന് പരിഗണിക്കുക. ജിദ്ദയിൽ നിന്നും നാട്ടിലെത്തി കോവിഡ് നിയന്ത്രണങ്ങൾ മൂലം തിരിച്ച് വരാനാവാതെ ജോലിയും വിസയും മറ്റും നഷ്ടപ്പെട്ട് കഷ്ടതയനുഭവിക്കുന്ന പ്രവാസി കുടുംബങ്ങൾക്കും സഹായം നൽകും. 14 ജില്ലകളിൽ നിന്നും ഐ.സി.എഫിന്റെ മാതൃ ഘടകമായ കേരള മുസ്ലിം ജമാഅത്ത് മുഖേന ഗുണഭോക്താക്കളെ കണ്ടെത്തിയാണ് സഹായ വിതരണം നടത്തുക. ഇതിനാവശ്യമായ ഫണ്ട് സെൻട്രൽ നേതാക്കൾ താമസിയാതെ കോഴിക്കോട് വെച്ച് കേന്ദ്ര നേതാക്കൾക്ക് കൈമാറും. അടുത്ത മാസം 30നകം വിതരണം പൂർത്തിയാവും. അനുബന്ധമായി പണ്ഡിതരും നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കുന്ന ജില്ലാതല ചടങ്ങുകൾ സംഘടിപ്പിക്കും. തുടർന്ന് പ്രസ്ഥാനത്തിന്റെ പ്രാദേശിക ഘടകങ്ങൾ മുഖേന സഹായധനം ഗുണഭോക്താക്കൾക്ക് നേരിട്ടെത്തിച്ചു കൊടുക്കുമെന്നും ഐ.സി.എഫ് നേതാക്കൾ പറഞ്ഞു. 


കോവിഡ് മൂലം ദുരിതമനുഭവിച്ച ആയിരങ്ങൾക്ക് നാട്ടിലും ഇവിടെയും അവശ്യ മരുന്നുകളും ഭക്ഷണവും അവശ്യ സേവനവും ലഭ്യമാക്കുവാൻ ജിദ്ദ സെൻട്രൽ കമ്മിറ്റി ഹെൽപ് ഡസ്‌ക് സംവിധാനത്തിൽ കൂടി സാധിച്ചിരുന്നു. സാന്ത്വനം, സ്വഫ്‌വ വളണ്ടിയർമാർ വിവിധ സംഘങ്ങളായി തിരിഞ്ഞ് അഞ്ച് മാസക്കാലം ഇതിനായി സേവനം ചെയ്തു. ആയിരക്കണക്കിന് ഭക്ഷ്യ ധാന്യക്കിറ്റുകളാണ് ജിദ്ദയിൽ വിതരണം ചെയ്തത്. ലോക്ഡൗൺ കാലത്ത് നാട്ടിൽ കഷ്ടപ്പെടുന്ന നിരവധി പ്രവാസി കുടുംബങ്ങൾക്ക് എസ്.വൈ.എസ് സാന്ത്വനം വളണ്ടിയർമാർ മുഖേനയും ഭക്ഷ്യധാന്യക്കിറ്റുകളെത്തിച്ചു നൽകി. നാടണയാൻ കഴിയാതെ കുടുങ്ങിക്കിടന്ന അറുനൂറിലേറെ പേരെ വന്ദേഭാരത് മിഷൻ, ഐ.സി.എഫ് ചാർട്ടേഡ് വിമാനങ്ങളിൽ സൗജന്യമായും സൗജന്യ നിരക്കിലും നാട്ടിലെത്തിച്ചു. പതിനൊന്ന് ലക്ഷത്തിലധികം രൂപയാണ് കോവിഡ് കാല സാന്ത്വന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി  സെൻട്രൽ കമ്മിറ്റി ചെലവഴിച്ചത്.
കഴിഞ്ഞ വർഷം വൻ പ്രളയദുരന്തമുണ്ടായ കവളപ്പാറയിൽ കേരള മുസ്ലിം ജമാഅത്ത് പ്രഖ്യാപിച്ച 50 വീടുകളിൽ 8 എണ്ണവും നിർമിച്ചു നൽകുന്നത് ജിദ്ദ ഐ.സി.എഫ് ആണ്. രോഗവും വാർധക്യവും മറ്റും മൂലം വീടുകളിൽനിന്നും പുറത്താക്കപ്പെട്ട് സംരക്ഷിക്കാനാളില്ലാതെ തെരുവുകളിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി മഞ്ചേരിയിൽ പണി പൂർത്തിയാവുന്ന എസ്.വൈ.എസ് സാന്ത്വന സദനം പ്രോജക്ടിന്റെ പ്രധാന ഭാഗമാണ് സാധുസംരക്ഷണ കേന്ദ്രം. ഒന്നര കോടി രൂപ ചെലവിൽ നിർമിക്കുന്ന പ്രസ്തുത കേന്ദ്രത്തിന്റെ പകുതി ഭാഗം ഇരുപത് നിർധനരെ സംരക്ഷിക്കാനുള്ള സംവിധാനം ജിദ്ദ ഐസിഎഫാണ് പുർത്തീകരിക്കുന്നത്. ഈ സാധു സംരക്ഷണ കേന്ദ്രം പണി പൂർത്തീകരിച്ച് അടുത്ത ഡിസംബർ മാസം നാടിന് സമർപ്പിക്കും.


പ്രവാസി പുനരധിവാസ പദ്ധതികൾക്ക് മുൻഗണന നൽകി നിരവധി പേർക്ക് ഉപജീവന മാർഗങ്ങൾക്കായുള്ള  തൊഴിൽ പദ്ധതികൾക്കായി ഇതിനോടകം നിരവധി പേർക്ക് സഹായങ്ങൾ നൽകിക്കഴിഞ്ഞു. പ്രസ്ഥാനത്തിന്റെ ദാറുൽ ഖൈർ ഭവന പദ്ധതി, വിവാഹ സഹായം, ചികിത്സ സഹായം, വിദ്യാഭ്യാസം, കുടിവെള്ള പദ്ധതി തുടങ്ങി പ്രവാസികൾക്കിടയിലും നാട്ടിലും 2.4 കോടി രൂപയിലധികം ചെലവഴിച്ചു കൊണ്ടുള്ള സാന്ത്വന പ്രവർത്തനങ്ങളാണ് ഒരു വർഷം പൂർത്തീകരിക്കുന്ന ഒക്‌ടോബർ മാസത്തോടെ ജിദ്ദ ഐ.സി.എഫ് കമ്മറ്റി പൂർത്തീകരിക്കുന്നത്. ഒക്ടോബർ 20 മുതൽ നവംബർ 30 വരെ ഐ സി എഫ് യൂണിറ്റ്, സെക്ടർ, സെൻട്രൽ വാർഷിക അസംബ്ലികൾ നടക്കുമെന്നും അവർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സയ്യിദ് ഹബീബ് അൽബുഖാരി, ശാഫി മുസ്‌ലിയാർ, ബഷീർ പറവൂർ, അബ്ദുറഹിം വണ്ടൂർ, മൊയ്തീൻ കുട്ടി സഖാഫി, മുജീബ് എആർ നഗർ, ഹനീഫ പെരിന്തൽ മണ്ണ, അബ്ദുൽ ഗഫൂർ പുളിക്കൽ, അബ്ദുറസാഖ് എടവണ്ണപ്പാറ എന്നിവർ പങ്കെടുത്തു. 

 

Latest News