കണ്ണൂർ - നിരോധിത തീവ്രവാദ സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്നാരോപിച്ച് കണ്ണൂരിൽ പോലീസ് അറസ്റ്റ് ചെയ്ത അഞ്ചു പേരിൽ ഒരാളായ യു കെ ഹംസ എന്ന താലിബാൻ ഹംസ ഇക്കൂട്ടത്തിലെ പ്രധാനിയെന്ന് സംശയിക്കുന്നതായി പോലീസ്. ഐഎസിലേക്ക് യുവാക്കളെ ആകർഷിക്കുന്നതിൽ പ്രധാനപങ്കുള്ളയാളാണ് 52കാരനായ ഹംസയെന്ന് പോലീസ് പറയുന്നു. ഐ എസ് ആണ് ശരിയായ ഇസ്്‌ലാം എന്ന തന്റെ വാദം തെളിയിക്കാൻ മതപണ്ഡിതനെ കൊണ്ടുവരാനും ഇയാൾ പോലീസിനെ വെല്ലുവിളിച്ചത്രെ.
1998 മുതൽ ഹംസ ഗൾഫ് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. ബഹ്‌റൈനിലെ മത കേന്ദ്രമായ അൽ അൻസാറിലായിരുന്നു. ഐസിസ് അനുഭാവം പുലർത്തുന്നവർക്ക് പരിശീനം നൽകുന്ന സ്ഥാപനമാണത്രെ ഇത്. ഐഎസിൽ ചേർന്നുവെന്ന് സംശയിക്കപ്പെടുന്ന പല ഇന്ത്യക്കാരും സിറിയയിലേക്ക് പോയത് ഈ സ്ഥാപനം വഴിയാണെന്നും കണ്ണൂർ ഡി.എസ്.പി പി.പി സദാനന്ദൻ പറയുന്നു.
ഹംസയോടൊപ്പം അറസ്റ്റിലായ മനാഫ് റഹ്മാനെ വലയിലാക്കിയതും ഇദ്ദേഹം തന്നെ. ആറു മാസം മുമ്പ് മനാഫ് സിറിയയിലേക്ക് പോകാൻ ശ്രമിച്ചിരുന്നതായും പോലീസ് പറയുന്നു. വളപട്ടണം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഹംസയ്ക്ക് ഐ.എസിന്റെ ഉന്നത നേതൃത്വവുമായി ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു.
തുർക്കി സന്ദർശിച്ച് തിരിച്ചെത്തിയ മൂന്നു പേരെ ഐ.എസ് ബന്ധം സംശയിച്ച് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂർ മുണ്ടേരി കൈപക്കയിലെ മിഥിലാജ് (26), പടന്നോട്ട് മെട്ടയിലെ റാഷിദ് എം.വി (25), മയ്യിൽ ചെട്ടികുളത്തെ അബ്ദുറസാഖ് (24) എന്നിവരാണ് പിടിയിലായത്. ഇവർക്ക് ഐ.എസ് ബന്ധമുള്ള കാര്യം സ്ഥിരീകരിച്ചതായും മറ്റു ചിലർ നിരീക്ഷണത്തിലാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും കണ്ണൂർ ഡിവൈ.എസ്.പി. പി.പി. സദാനന്ദൻ പറഞ്ഞിരുന്നു.
ഇന്നലെ ഉച്ചയോടെ വളപട്ടണം പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കണ്ണൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം വിശദമായി ചോദ്യം ചെയ്ത ശേഷം വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. യു.എ.പി.എ 38, 39 വകുപ്പുകൾ അനുസരിച്ചാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
കണ്ണൂരിൽ വെച്ചാണ് ഇവരെ ഒരാൾ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തത്. പിന്നീട് ദുബായ് വഴി ഇസ്താംബൂളിലെത്തിയ ഇവർ സിറിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അതിർത്തിയിൽ സൈന്യത്തിന്റെ പിടിയിലായത്രേ. ഇന്ത്യക്കാരാണെന്ന് വ്യക്തമായതോടെ ഇവരെ ദൽഹിയിലേക്ക് മടക്കി അയക്കുകയായിരുന്നു. ഏതാനും മാസം മുമ്പാണ് ഇവർ നാട്ടിൽ തിരിച്ചെത്തിയത്. അന്നു മുതൽ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ഐ.എസ് ബന്ധം വ്യക്തമായ ശേഷമാണ് കസ്റ്റഡിയിലെടുത്തതെന്ന് ഡിവൈ.എസ്.പി പറഞ്ഞു. ഐ.എസിലേക്കു കൂടുതൽ പേർ കണ്ണൂരിൽനിന്നു റിക്രൂട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. അടുത്തിടെ ഗൾഫിൽനിന്നു നാട്ടിൽ തിരിച്ചെത്തിയ ചിലരും നിരീക്ഷണത്തിലാണ്.
ഏതാനും മാസം മുമ്പ് ഐ.എസിൽ ചേർന്ന ചക്കരക്കൽ സ്വദേശി സിറിയയിൽ കൊല്ലപ്പെടുകയും മറ്റൊരാൾ നാട്ടിൽ മടങ്ങിയെത്തി പോലീസ് പിടിയിലാവുകയും ചെയ്തിരുന്നു. വളപട്ടണം, ചക്കരക്കൽ മേഖലകളിൽ നിരവധി യുവാക്കൾ സമീപകാലത്ത് നാട്ടിൽനിന്നു അപ്രത്യക്ഷരായിട്ടുണ്ട്. ഇവരിൽ പലരും ഐ.എസിൽ ചേർന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്. വടക്കൻ ജില്ലകളിൽനിന്നുള്ള 15 പേർ സിറിയയിലും അഫ്ഗാനിസ്ഥാനിലുമായി പട്ടാളവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. സിറിയൻ അതിർത്തിയിൽ പട്ടാളത്തിന്റെ പിടിയിലായ ചിലരെ നാട്ടിലേക്കു തിരിച്ചയക്കുകയും ചെയ്തിട്ടുണ്ട്.