കൊച്ചി- തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫുമായി പ്രാദേശിക സഖ്യങ്ങൾക്ക് ധാരണയായെന്ന വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന്റെ പ്രസ്താവന സത്യമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സഖ്യ ചർച്ചകൾ നടത്തിയിട്ടില്ലെന്നും, വെൽഫെയർ പാർട്ടിയുമായി തദ്ദേശ തിരഞ്ഞെടുപ്പിന് ധാരണയായില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. വെൽഫെയർ പാർട്ടിയുമായി സഖ്യചർച്ചകൾ നടത്തിയിട്ടില്ലെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസനും പറഞ്ഞു. ജമാഅത്തെ ഇസ്്‌ലാമി അമീർ എന്ന നിലയിലാണ് അബ്ദുൽ അസീസിനെ കണ്ടതെന്നും ഹസൻ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫുമായി പ്രാദേശിക സഖ്യങ്ങൾക്ക് ധാരണയായതായി ഹമീദ് വാണിയമ്പലം പറഞ്ഞിരുന്നു. കോൺഗ്രസ്, മുസ്‌ലിം ലീഗ് നേതാക്കളുമായി ചർച്ച നടത്തിയാണ് ധാരണയിലെത്തിയതെന്നും സംസ്ഥാനത്ത് സ്വാധീനമുള്ള തദ്ദേശ സ്വയംഭരണ വാർഡുകളിലെല്ലാം വെൽഫെയർ പാർട്ടിക്ക് സ്ഥാനാർഥിയുണ്ടാകുമെന്നുമായിരുന്നു ഹമീദ് വാണിയമ്പലത്തിന്റെ അവകാശവാദം.