പരിചയക്കാരനുവേണ്ടി ജലീലും മകനുവേണ്ടി  കടകംപള്ളിയും കോണ്‍സുലേറ്റില്‍ വന്നുവെന്ന് സ്വപ്ന

തിരുവനന്തപുരം- യു.എ.ഇ കോണ്‍സുലേറ്റില്‍ പരിചയക്കാരന് ജോലി തരപ്പെടുത്താനായി മന്ത്രി കെ.ടി ജലീല്‍ ശുപാര്‍ശയുമായി തന്നെ വിളിച്ചിരുന്നതായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റ മൊഴി. ആയിരം ഭക്ഷ്യ കിറ്റ് മന്ത്രി ജലീല്‍ ആവശ്യപ്പെട്ടിരുന്നു. മന്ത്രിമാരായ ജലീലും കടകംപള്ളി സുരേന്ദ്രനും കോണ്‍സുലേറ്റില്‍ എത്തിയിരുന്നുവെന്നും സ്വപ്‌ന ഇ.ഡിക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്.
കെ.ടി ജലീലിന്റെ ഫോണ്‍ നമ്പര്‍ കാണിച്ച് ആരുടേതാണെന്ന് അറിയുമോയെന്ന് ഇ.ഡി ചോദിച്ചപ്പോള്‍ ഇത് ജലീലിന്റേതാണെന്ന് സ്വപ്‌ന പറഞ്ഞിട്ടുണ്ട്. പല തവണ ഫോണില്‍ ബന്ധപ്പെട്ടുവെന്നും റമദാന്‍ കിറ്റിനായി ഇങ്ങോട്ട് വിളിച്ച് ആവശ്യപ്പെടുകയായിരുന്നുവെന്നും സ്വപ്ന മൊഴി നല്‍കി. അലാവുദ്ദീന്‍ എന്നയാളുടെ ജോലിക്കാര്യവുമായി ബന്ധപ്പെട്ടാണ് പിന്നെ വിളിച്ചത്. യു.എ.ഇയില്‍ കേസില്‍ പെട്ട ഒരാളെ ഇങ്ങോട്ട് ഡീപോര്‍ട്ട് ചെയ്യാനായി വ്യക്തിപരമായി അപേക്ഷ നല്‍കിയെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി വ്യക്തിപരമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിന് ഔദ്യോഗിക ആവശ്യത്തിന് മാത്രമാണ് ബന്ധപ്പെട്ടിരുന്നതെന്നും കോണ്‍സുല്‍ ജനറലിന്റെ ഒപ്പമല്ലാതെ ഒരുതവണ മാത്രമാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് സ്വര്‍ണക്കള്ളക്കടത്തിനെ കുറിച്ച് അറിയില്ല. മുഖ്യമന്ത്രിയുടെ കുടുംബവുമായിട്ടും തനിക്ക് അടുപ്പമില്ലെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.
 

Latest News