കൊച്ചി- അമിതമായി ഗുളികകള്‍ കഴിച്ചതിനെ തുടർന്ന് അവശനിലയിലായ ട്രാൻസ്ജെൻഡർ സജ്‍ന ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ തുടരുന്ന പ്രചാരണത്തില്‍ മനംനൊന്താണ് ആത്മഹത്യാശ്രമമെന്ന് പറയുന്നു.
വഴിയരികില്‍ ബിരിയാണി കച്ചവടം നടത്തിവന്നിരുന്ന സജ്‍ന സമൂഹ മാധ്യമങ്ങളില്‍ വിമർശം നേരിട്ടിരുന്നു. കോട്ടയം സ്വദേശിയായ സജ്‍ന 13 വര്‍ഷമായി കൊച്ചിയിലാണ് താമസം. കോവിഡ് പ്രതിസന്ധിക്കിടെ മൂന്നുമാസം മുമ്പാണ് തൃപ്പൂണിത്തറ ഇരുമ്പനത്ത് വഴിയോര ബിരിയാണി കച്ചവടത്തിന് സജ്‍ന തുടക്കമിട്ടത്.
വാര്‍ഡ് കൗണ്‍സിലറും ഹെല്‍ത്ത് ഇന്‍സ്പെക്ടറും ഭീഷണിപ്പെടുത്തിയതായി സജ്‍ന ആരോപിച്ചിരുന്നു. വില്‍പ്പന നടത്താത്ത ബിരിയാണിപൊതികളുമായി ലൈവില്‍ വന്ന് പൊട്ടിക്കരഞ്ഞ് സജ്‍ന നിസഹായാവസ്ഥ വിവരിച്ചിരുന്നു.