അബുദാബി- ജോലി ചെയ്തില്ലെങ്കിൽ ആ ദിവസത്തെ ശമ്പളം വെട്ടിക്കുറക്കുമെന്ന് മുന്നറിയിപ്പു നൽകിയതിനെ തുടർന്ന് അബുദാബിയിൽ നിർമ്മാണ തൊഴിലാളി മേലുദ്യോസ്ഥനെ അടിച്ചു വിരലുകളൊടിച്ചു. ജോലിക്കു പോകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് തൊഴിലാളിക്ക് മുന്നറിയിപ്പു നൽകിയത്. സൂപ്പർവൈസറെ മർദിച്ച തൊഴിലാളിക്ക് ശിക്ഷയായി കോടതി 10,000 ദിർഹം പിഴയും വിധിച്ചു. സൂപ്പർവൈസറെ മർദ്ദിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ ഏഷ്യക്കാരനായ തൊഴിലാളി കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ.
തൊഴിലിടത്തു വച്ചു ആക്രമിക്കപ്പെട്ട ശേഷം സൂപ്പർവൈസർ പോലീസിൽ പരാതി നൽകിയിരുന്നു. ജോലി ചെയ്തില്ലെങ്കിൽ ശമ്പളം വെട്ടുമെന്ന് മുന്നറിയിപ്പു നൽകിയതിനെ തുടർന്നാണ് തന്നെ ആക്രമിച്ചെതെന്നും ഇതിനിടെ വിരലുകളൊടിഞ്ഞെന്നും പരാതിയിൽ പറയുന്നു. പരിക്കേറ്റ ഇദ്ദേഹം പിന്നീട് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.
കോടതി വിചാരണയ്ക്കിടെ തൊഴിലാളി കുറ്റം സമ്മതിച്ചു. സൂപ്പർവൈസറുടെ ശല്യം സഹിക്കവയ്യാതെയാണ് താനിതു ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. മറ്റു തൊഴിലാളികൾ വിശ്രമിക്കുമ്പോഴും തന്നെ കൊണ്ട് ജോലിചെയ്യിപ്പിക്കാൻ ശ്രമിച്ചതാണ് പ്രകോപിപ്പിച്ചതെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും കമ്പനി മാനേജ്മന്റിൽ പരാതിപ്പെട്ടാൽ നാടുകടത്തുമെന്നും സൂപ്പർവൈസർ ഭീഷണിപ്പെടുത്തിയിരുന്നതായും തൊഴിലാളി പറഞ്ഞു.
സുപ്പർവൈസർ പിന്നീട് മാപ്പു നൽകി പരാതി പിൻവലിച്ചതോടെ ജയിൽ ശിക്ഷയിൽ നിന്നും തൊഴിലാളി രക്ഷപ്പെട്ടു. എങ്കിലും 10000 ദിർഹം പിഴയടക്കാൻ വിധിക്കുകയായിരുന്നു.