കണ്ണൂര്‍- അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ മുസ്‌ലിം ലീഗ് എംഎല്‍എ കെ എം ഷാജിയെ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യും. പരാതിയില്‍ ഇഡി അന്വേഷണം ആരംഭിച്ചു. മൊഴിയെടുക്കാനായി ഹാജരാകണമെന്നാവശ്യപ്പെട്ട് ഷാജിക്കും മറ്റു 30ലേറെ പേര്‍ക്കും ഇഡി നോട്ടീസ് നല്‍കി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്റെ പരാതിയില്‍ ഇഡി കോഴിക്കോട് സബ് സോണല്‍ ഓഫീസ് ആണ് അന്വേഷണം നടത്തുന്നത്. നോട്ടീസ് ലഭിച്ചവര്‍ അടുത്ത ദിവസം കോഴിക്കോട് ഇഡി ഓഫീസിലെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2014ല്‍ ഷാജി കോഴ വാങ്ങിയെന്നാണ് ആരോപണം. പണത്തിന്റെ ഉറവിടം, ചെലവഴിച്ച വഴികള്‍ എന്നിവയാണ് പ്രധാനമായും ഇഡി അന്വേഷിക്കുക. ഷാജിയുടെ സാമ്പത്തിക ഇടപാടുകളും ഇഡി പരിശോധിച്ചു വരികയാണ്. രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
ഷാജിക്കെതിരായ കോഴ ആരോപണം തലശ്ശേരി വിജിലന്‍സ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇഡിയും അന്വേഷിക്കുന്നത്. പണം വാങ്ങിയിട്ടില്ലെന്നും രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണ് വിജിലന്‍സ് അന്വേഷണമെന്നും നേരത്തെ ഷാജി പ്രതികരിച്ചിരുന്നു.