കള്ളക്കടത്തുകാരന്റെ കാറെന്ന് കെ.സുരേന്ദ്രന്‍
കോഴിക്കോട്- സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തുന്ന കേരള യാത്രയിലെ സ്വീകരണത്തിൽ ഉപയോഗിച്ച കാറുമായി ബന്ധപ്പെട്ട് വിവാദം. സ്വർണക്കടത്ത് കേസിലെ പ്രതിയുടെ കാറാണ് ഇതെന്നും പണജാഗ്രതായാത്രയാണ് കോടിയേരി നടത്തുന്നതെന്നും ആരോപിച്ച് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ രംഗത്തുവന്നതോടെയാണ് സംഭവം വിവാദമായത്. കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ അംഗം ഫൈസൽ കാരാട്ടിന്റെ മിനി കൂപ്പർ കാറാണ് കോടിയേരി ഉപയോഗിച്ചത്.
സ്വർണ്ണക്കള്ളക്കടത്തുകേസ്സിലെ പ്രതി, അതും ആയിരം കിലോയിലധികം സ്വർണ്ണം കടത്തിയതിന്റെ പേരിൽ ഡി.ആർ. ഐയും കോഫേപോസയും ചുമത്തപ്പെട്ട ഫൈസൽ കാരാട്ടിന്റെ കാറിലാണ് വിപ്ലവപാർട്ടിയുടെ നേതാവ് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതെന്നും ഇനിയും തെളിവുകൾ ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാമെന്നുമാണ് സുരേന്ദ്രൻ അവകാശപ്പെട്ടത്. നോട്ട് നിരോധനത്തിനെതിരെ ഉറഞ്ഞുതുള്ളിയതിന്റെ ഗുട്ടൻസ് ഇപ്പോൾ പിടികിട്ടിയില്ലേ എന്നും ചോദിച്ചാണ് സുരേന്ദ്രൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടത്.
അതേസമയം, സുരേന്ദ്രന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കാരാട്ട് ഫൈസൽ രംഗത്തെത്തി. തന്റെ പേരിൽ കൊഫേപോസ കേസില്ലെന്നും തെറ്റായ ആരോപണം ഉന്നയിച്ച സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കാരാട്ട് ഫൈസൽ ചൂണ്ടിക്കാട്ടി.
കൊടുവള്ളി മുനിസിപ്പാലിറ്റി പറമ്പത്തുകാവ് ഡിവിഷനിലെ കൗൺസിലറായ എന്റെ വാഹനം ഈ സ്വീകരണ പരിപാടിയിൽ ഉപയോഗിച്ചതിൽ എന്തെങ്കിലും തെറ്റുള്ളതായി കരുതുന്നില്ലെന്ന് ഫൈസൽ പറഞ്ഞു.
വസ്തുതകൾ മനസ്സിലാക്കാതെ എനിക്കെതിരെ പോസ്റ്റിട്ട സുരേന്ദ്രൻ പറഞ്ഞ കാര്യങ്ങളിൽ കൂടുതലും അദ്ദേഹത്തിന്റെ വിവരക്കേടാണ് വ്യക്തമാക്കുന്നത്. ആരെങ്കിലും ചർദ്ദിച്ചത് സ്വാദോടെ വിഴുങ്ങുകയും സോഷ്യൽ മീഡിയയിൽ തുപ്പുകയും ചെയ്യുന്നതിന് മുമ്പ് സുരേന്ദ്രന് കാര്യമെന്ത് എന്നതിനെക്കുറിച്ച് ഒരു അന്വേഷണം നടത്താമായിരുന്നു.
2013 ൽ നടന്ന കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ ഡി.ആർ.ഐ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും അവരെ കോഫേപോസ പ്രകാരം കരുതൽ തടങ്കലിൽ വെക്കുകയും ചെയ്തിരുന്നു. സ്ഥലത്തില്ലാത്ത രണ്ട് പേർക്കെതിരെ കോഫേപോസ നിയമപ്രകാരം കരുതൽ തടങ്കൽ ഉത്തരവ് നിലനിൽക്കുന്നതായുമാണ് എന്റെ അറിവ്.
ഈ കേസിലെ ഒരു പ്രതിയും എന്റെ ബന്ധുവും സുഹൃത്തുമായിരുന്ന വ്യക്തിയുടെ ഭാര്യയുടെ പേരിലുള്ള ഓഡി കാർ എന്റെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു എന്നതിന്റെ പേരിൽ എന്നെ ഡി.ആർ.ഐ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. അതല്ലാതെ സുരേന്ദ്രൻ പറഞ്ഞതുപോലെ എനിക്കെതിരെ കോഫേപോസ ചുമത്തിയിട്ടില്ല. ഞാൻ ഒരു കേസിലും പ്രതിയുമല്ല.
ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട അന്വേഷണ ഏജൻസിയായ ഡി.ആർ.ഐ എന്താണെന്ന് പോലും അറിയാത്ത കെ. സുരേന്ദ്രൻ ഉന്നയിച്ച ആരോപണം എന്നെ വ്യക്തിപരമായി തേജോവധം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണെന്നും ഫൈസൽ പറഞ്ഞു.
അതേസമയം, വൻവിലയുള്ള കാർ ജനജാഗ്രതാ യാത്രക്കായി ഉപയോഗിച്ചതിനെതിരെ വിമർശനമുണ്ട്.