അഡ്വക്കറ്റ് ജനറലിനോട് ഉപദേശം തേടും, മന്ത്രിസഭാ യോഗത്തിന് മുമ്പ് മുഖ്യമന്ത്രിയുമായി തോമസ് ചാണ്ടിയുടെ കൂടിക്കാഴ്ച
തിരുവനന്തപുരം- ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ ജില്ലാ കലക്ടർ ടി.വി. അനുപമ സമർപ്പിച്ച റിപ്പോർട്ടിൽ കൂടുതൽ നിയമോപദേശം തേടാൻ സർക്കാർ തീരുമാനിച്ചു.
അഡ്വക്കറ്റ് ജനറലിനോടാണ് നിയമോപദേശം തേടുക. റവന്യൂ അഡീ. ചീഫ് സെക്രട്ടറിയുടെ നിലപാടിന് സർക്കാർ അംഗീകാരം നൽകിയെങ്കിലും റിപ്പോർട്ടിൻമേൽ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ വിദഗ്ധ നിയമോപദേശം കൂടി ലഭ്യമായ ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ. ജില്ലാ കലക്ടറുടെ റിപ്പോർട്ട് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം പരിഗണിച്ചില്ല.
മന്ത്രിസഭ ചേരുന്നതിന് മുമ്പ് തോമസ് ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച 15 മിനിട്ട് നീണ്ടു. കലക്ടറുടെ റിപ്പോർട്ട് സംബന്ധിച്ച നിലപാട് മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചുവെന്നാണ് സൂചന. മാർത്താണ്ഡം കായൽ കൈയേറ്റം സംബന്ധിച്ച കേസ് മാത്രമേ തനിക്കെതിരെ ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലുള്ളൂവെന്നും അതിൽ തീർപ്പാകുന്നതിന് മുമ്പ് കലക്ടർ റിപ്പോർട്ട് നൽകിയത് ശരിയായില്ലെന്നും തോമസ് ചാണ്ടി പറഞ്ഞതായാണ് സൂചന.
കായൽ കൈയേറ്റവും നിലം നികത്തലുമായി ബന്ധപ്പെട്ട കലക്ടറുടെ റിപ്പോർട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് റവന്യൂ അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ കഴിഞ്ഞ ദിവസം രേഖാമൂലം അറിയിച്ചിരുന്നു. ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ചുള്ള പരിശോധന നടത്തണം. 2006 മുതൽ 2011 വരെയുള്ള ചിത്രങ്ങളാണ് പരിശോധിക്കേണ്ടത്. കോടതി പരിഗണിക്കുന്ന കാര്യമായതിനാൽ കൂടുതൽ നിയമോപദേശം തേടേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.
മന്ത്രിസഭ പരിഗണിക്കാതെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോർട്ടിൽ തീരുമാനമെടുക്കാമെന്നിരിക്കേയാണ് നിയമോപദേശം തേടിയത്. മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കട്ടെ എന്ന അഭിപ്രായമാണ് റവന്യൂ മന്ത്രിക്കുള്ളത്.
മന്ത്രിസഭാ ചർച്ചകൾ ചോരുന്നതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി
തിരുവനന്തപുരം- മന്ത്രിസഭാ യോഗ തീരുമാനങ്ങളും ചർച്ചകളും മാധ്യമങ്ങൾക്ക് ചോർന്നു കിട്ടുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ അതൃപ്തി രേഖപ്പെടുത്തി.
ഇക്കാര്യത്തിൽ മന്ത്രിമാർ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിർദ്ദേശം നൽകി. സോളാർ കേസ് സംബന്ധിച്ച് മന്ത്രിസഭാ ചർച്ചകൾ പുറത്തു വന്നതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. സോളാർ പ്രശ്‌നത്തിൽ മന്ത്രി എ.കെ. ബാലനും ഇ. ചന്ദ്രശേഖരനും തമ്മിലുള്ള അഭിപ്രായ ഭിന്നത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ മന്ത്രിസഭാ യോഗം കഴിഞ്ഞിറങ്ങിയ മന്ത്രിമാർ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായതുമില്ല.