മദീന - മസ്ജിദുന്നബവിയില്‍ സിയാറത്ത് നടത്താനും റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാനും വിശ്വാസികളെ ഇന്നു മുതല്‍ അനുവദിക്കും. മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരനും ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്‍തനും ഇതിനായുള്ള ഒരുക്കങ്ങള്‍ വിശകലനം ചെയ്തു. ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ഫത്താഹ് മുശാത്ത്, സിയാറത്ത് കാര്യങ്ങള്‍ക്കുള്ള ഹജ്, ഉംറ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ബൈജാവി തുടങ്ങിയവര്‍ സംബന്ധിച്ചു. മസ്ജിദുന്നബവി സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന മുഴുവന്‍ മുന്‍കരുതല്‍, പ്രതിരോധ നടപടികളും നടപ്പാക്കണമെന്ന് മദീന ഗവര്‍ണര്‍ ആവശ്യപ്പെട്ടു. വനിതകള്‍ക്ക് സിയാറത്ത് നടത്താനും റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാനും ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു.
സ്വദേശികളെയും വിദേശികളെയും ഇന്നു മുതല്‍ സ്വീകരിക്കുന്നതിന് ഹജ്, ഉംറ മന്ത്രാലയം തയാറാക്കിയ പദ്ധതി ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വിലയിരുത്തി. പടിപടിയായി ഉംറ തീര്‍ഥാടനവും സിയാറത്തും ആരംഭിക്കാനുള്ള പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് ഹജ്, ഉംറ മന്ത്രാലയം മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്‍തന്‍ പറഞ്ഞു.