റിയാദ് - പുനരുപയോഗ ഊർജ സ്രോതസ്സുകൾ കൂടുതലായി ഉപയോഗപ്പെടുത്തുന്നതിന് ആഗോള തലത്തിൽ ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെങ്കിലും ലോകത്ത് എണ്ണക്കുള്ള ആവശ്യം 2050 ഓടെ 45 ശതമാനം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. റിയാദിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആഗോള എണ്ണ വ്യവസായ മേഖലയിലെ ഏറ്റവും പ്രധാന ശക്തിയായി വരും കാലത്തും സൗദി അറേബ്യ തുടരും. കഴിഞ്ഞ അഞ്ചു വർഷത്തെ ശരാശരി തോതിലേക്ക് ആഗോള വിപണിയിലെ എണ്ണ ശേഖരം കുറക്കുന്നതിന് ആവശ്യമായ എല്ലാ ശ്രമങ്ങളും സൗദി അറേബ്യ നടത്തും.
ആഗോള വിപണിയിൽ 18 കോടിയിലേറെ ബാരൽ എണ്ണ ശേഖരമാണുണ്ടായിരുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇത് 16 കോടി ബാരലായി കുറഞ്ഞിട്ടുണ്ട്. ഉൽപാദനം കുറച്ച് എണ്ണ ശേഖരം കുറക്കുന്നതിന് ഒപെക്കിന്റെ നേതൃത്വത്തിൽ ഉൽപാദക രാജ്യങ്ങൾ കരാറുണ്ടാക്കുകയും ആഗോള സമ്പദ്‌വ്യവസ്ഥ തിരിച്ചുകയറാൻ തുടങ്ങുകയും ചെയ്തതോടെ എണ്ണ വ്യവസായ മേഖലയിൽ നിക്ഷേപങ്ങളും പുനരാരംഭിച്ചിട്ടുണ്ടെന്ന് ഊർജ, വ്യവസായ മന്ത്രി പറഞ്ഞു. ഉൽപാദനം കുറക്കുന്നതിനുള്ള ധാരണ ജനുവരി മുതലാണ് പ്രാബല്യത്തിൽ വന്നത്.