Sorry, you need to enable JavaScript to visit this website.

മലയാള സിനിമയ്ക്ക് പുതുഭാവുകത്വം  നൽകിയ സംവിധായകൻ

മലയാള സിനിമയിലെ കലാമൂല്യവും കച്ചവട സാധ്യതയും ഒരേപോലെ ഉപയോഗപ്പെടുത്തിയ ഐ. വി ശശിയുടെ സിനിമകൾ സിനിമാരംഗത്തേക്ക് കടന്നുവരുന്ന പുതിയ തലമുറയ്ക്ക് ഒരു പാഠപുസ്തകം തന്നെയാണ്. മലയാള സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവന എക്കാലവും സ്മരിക്കപ്പെടും. 

 മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകൾ ഒരുക്കുകയും ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്ത സിനിമാ പ്രതിഭയായിരുന്നു ഐ. വി ശശി.  തന്റെ  സ്വതഃസിദ്ധമായ ശൈലിയിലൂടെ മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനായി അദ്ദേഹം മാറി. എല്ലാ തലമുറയെയും ആകർഷിക്കുന്ന ഒരുപിടി നല്ല സിനിമകൾ അദ്ദേഹം സൃഷ്ടിച്ചു. 
ചിത്രകലയിൽ ഡിപ്ലോമ നേടിയശേഷം 1968 ൽ കലാസംവിധായകനായി ചലച്ചിത്രജീവിതം ആരംഭിച്ച ശശി 150 ഓളം ചിത്രങ്ങളാണ് വിവിധ ഭാഷകളിലായി ഇന്ത്യൻ സിനിമാ മേഖലയ്ക്കായി ഒരുക്കിയത്. 1975 ൽ പുറത്തിറങ്ങിയ ഉത്സവമായിരുന്നു ആദ്യചിത്രം. 2009 ൽ പുറത്തിറങ്ങിയ വെള്ളത്തൂവലാണ് അവസാന ചിത്രം. 
2014 ൽ സംസ്ഥാന സർക്കാർ ജെ.സി ഡാനിയേൽ പുരസ്‌കാരം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.  കഴിഞ്ഞ സെപ്തംബറിൽ തലശ്ശേരിയിൽ നടന്ന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ ഈ സർക്കാരിന്റെ ആദരം ഏറ്റുവാങ്ങാനും  അദ്ദേഹം എത്തുകയുണ്ടായി. അന്ന് അദ്ദേഹവുമായി സൗഹൃദം പുതുക്കുകയും ഏറെ നേരം സംസാരിക്കുകയും ചെയ്തു. രോഗവിവരത്തെ കുറിച്ചും സംസാരിച്ചിരുന്നു. 
2013 ഏപ്രിൽ 19 ന് കോഴിക്കോട് വച്ച് നടന്ന ഉത്സവ് 2013 പരിപാടിയിൽ കമലഹാസനും മോഹൻലാലും മമ്മൂട്ടിയും ചേർന്ന് ഐ.വി. ശശിയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിക്കുകയുണ്ടായി. 1982ൽ ആരൂഢത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ്. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്. ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ്. ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡ്. ആറു തവണ ഫിലിംഫെയർ അവാർഡ്. 2015ൽ ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം എന്നിവ ഈ പ്രതിഭയെ തേടിയെത്തിയിരുന്നു. 
ഒരു വലിയ ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. മലയാള സിനിമയിലെ കലാമൂല്യവും കച്ചവട സാധ്യതയും ഒരേപോലെ ഉപയോഗപ്പെടുത്തിയ ഐ.വി ശശിയുടെ സിനിമകൾ സിനിമാരംഗത്തേക്ക് കടന്നുവരുന്ന പുതിയ തലമുറയ്ക്ക് ഒരു പാഠപുസ്തകം തന്നെയാണ്. മലയാള സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവന എക്കാലവും സ്മരിക്കപ്പെടും. തലമുറകളിലേക്ക്  തെളിഞ്ഞുനിന്ന സിനിമാവിജ്ഞാനത്തിന്റെ വെളിച്ചമായിരുന്നു അദ്ദേഹം.   വ്യത്യസ്തമായ വിഷയങ്ങൾ അനായാസം ജനങ്ങളുടെ രുചി തിരിച്ചറിഞ്ഞ് അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. 
 

Latest News