തിരുവനന്തപുരം- കെ.എം മാണിയുടെ കല്ലറയില്‍ ചെന്ന് മകന്‍ ജോസ് കെ മാണി മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുമുന്നണിയിലേക്ക് പോയ ജോസ് കെ മാണിയുടെ തീരുമാനത്തോടുള്ള പ്രതികരണമായിരുന്നു ഇത്. ഫെയ്സ്ബുക്ക് പോസ്റ്റില്‍നിന്ന്:
കെ എം മാണി സാറിന്റെ ആത്മാവിനെയും മാണിസാറിന്റെ സ്‌നേഹിക്കുന്ന ജനങ്ങളെയും വഞ്ചിച്ച് കൊണ്ടാണ് ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് ചേക്കേറുന്നത്. കേരള കോൺഗ്രസ് വികാരം നെഞ്ചിലേറ്റുന്ന ജനങ്ങൾ ഒരിക്കലും ഇത് അംഗീകരിക്കുകയില്ല.
മാണി സാർ കുറ്റക്കാരനല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് തങ്ങൾ അദ്ദേഹത്തിനെതിരെ കള്ളപ്രചരണങ്ങൾ നടത്തുകയും, നിരപരാധിയായ അദ്ദേഹത്തെ ക്രൂശിക്കുകയും ചെയ്തതെന്നാണ് ഇടതുമുന്നണി കൺവീനർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. അന്നുണ്ടായ അവഹേളനത്തിന്റെയും, അപമാനത്തിന്റെയും വേദന എക്കാലവും മാണിസാറിന്റെ മനസ്സിലുണ്ടായിരുന്നു. ഇടതുമുന്നണിയുടെ നീചമായ വ്യാജപ്രചരണങ്ങൾ അദ്ദേഹത്തെ വ്യക്തിപരമായി തകർത്തപ്പോൾ തോളോട് തോൾ ചേർന്ന് അദ്ദേഹത്തെ സംരക്ഷിച്ചതും, അദ്ദേഹത്തിനുവേണ്ടി പോരാടിയതും യുഡിഎഫ് മാത്രമായിരുന്നു.
എക്കാലവും യുഡിഎഫിന്റെ ഭാഗമായി തുടരാനാണ് മാണി സാർ ആഗ്രഹിച്ചത്. മാണി സാർ ജീവിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു ദൗർഭാഗ്യകരമായ തീരുമാനം ഉണ്ടാകുമായിരുന്നില്ല.
മാണി സാറിന്റെ രക്തത്തിന് വേണ്ടി ദാഹിച്ച ഇതേ മുഖ്യമന്ത്രിയും, പാർട്ടിയുമാണ് ഇന്ന് ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പ്രസ്താവന ഇറക്കുന്നത്. മാണി സാറിന് എതിരെയുള്ള മുൻ നിലപാടിൽ മാറ്റം വന്നോ? നോട്ട് എണ്ണുന്ന യന്ത്രം, ബജറ്റ് വിറ്റ് കാശാക്കുന്ന ആൾ എന്ന ആക്ഷേപം, നിയമസഭയിൽ നടത്തിയ താണ്ഡവവുമെല്ലാം എന്തിനായിരുന്നു എന്ന് ജനങ്ങളോട് വ്യക്തമാക്കാൻ ഇടതുമുന്നണിക്ക് ബാധ്യതയുണ്ട്.
ഇടതുമുന്നണിക്ക് രാഷ്ട്രീയ മൂല്യശോഷണം സംഭവിച്ചിരിക്കുന്നു. തങ്ങളുടെ രാഷ്ട്രീയ നിലപാടുകളോട് യാതൊരു ആത്മാർത്ഥതയും പ്രകടിപ്പിക്കാത്ത, സൗകര്യത്തിനുവേണ്ടി ആരെയും മുന്നണിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഇടതുപക്ഷത്തിന്റെ കാപട്യം നിറഞ്ഞ മുഖമാണ് ഇവിടെ വെളിച്ചത്ത് വന്നിരിക്കുന്നത് . നിങ്ങൾ എന്തുചെയ്താലും അധികാരത്തിൽ തിരിച്ചു വരാൻ സാധിക്കില്ല. ജനങ്ങൾ ഈ കാപട്യം തിരിച്ചറിഞ്ഞിരിക്കുന്നു.