ഫേസ്ബുക്കിൽ മൽബി ഒരാളുടെ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നു. അടിക്കുറപ്പിൽ കൂടുതൽ വിശദാംശങ്ങളൊന്നുമില്ല. ആകെയുള്ള കാപ്ഷൻ ഞാൻ ധന്യയായി എന്നു മാത്രം.
മൽബിയുടെ ധാരാളം കൂട്ടുകാർ ലൈക്ക് ചെയ്തിട്ടുണ്ട്.
ആരാണിത്? കമന്റ്സിൽ പലരും ചോദിച്ചു.
ചോദ്യങ്ങൾക്ക് മൽബിയുടെ ലൈക്കുണ്ട്, പക്ഷേ ഉത്തരമില്ല. പോസ്റ്റ് എന്തായാലെന്താ.. ലൈക്ക് ചെയ്യാനും പുകഴ്ത്താനും ധാരാളം പേരുണ്ടാകും.
മൽബിയെ പോലുള്ളവരാണ് പോസ്റ്റ് ഉടമകളെങ്കിൽ ലൈക്കിന്റെ പട.
മനോഹരമായിരിക്കുന്നു, ത്രസിപ്പിച്ചു..രോമാഞ്ചം കൊള്ളിക്കുന്ന കമന്റുകൾ.
പ്രജകൾ പരസ്പരം സ്നേഹിച്ചും കലഹിച്ചും പ്രകീർത്തിച്ചും വാഴുന്ന രാഷ്ട്രമാണ് എഫ്.ബി. പരസ്പരം ചൊറിയുകയാണ് വിജയ മന്ത്രം.
അളിഞ്ഞ പോസ്റ്റ്. എങ്ങനെ ലൈക്ക് ചെയ്യുമെന്ന് ആലോചിക്കുന്നവരുടെ
സെൽഫ് മാർക്കറ്റിംഗ് തകർന്നു തരിപ്പണമാകും. ഇതൊക്കെ മൽബിയാണ് മൽബുവിനെ പഠിപ്പിച്ചത്.
മൽബി പോസ്റ്റ് ചെയ്യുന്ന ഗുഡ് മോണിംഗ് ചിത്രത്തിന് ആയിരം ലൈക്ക്.
ഇന്ത്യയെ കാർന്നുതിന്നുന്ന ഫാസിസത്തെ കുറിച്ചുള്ള മൽബുവിന്റെ ഗഹനമായ കുറിപ്പിനു വെറും പത്ത്. മൽബിക്ക് മറുപടി ഉണ്ടായിരുന്നു.
നിങ്ങൾ എന്റെ പോസ്റ്റിനു പോലും ലൈക്ക് ചെയ്യുന്നില്ല. അതുകൊണ്ട് ഞാനുമില്ല.
ഭർത്താവിന്റെ പോസ്റ്റ് ലൈക്ക് ചെയ്യാത്ത ധീരയായ ഭാര്യ. ഭാര്യയെന്ന് വിളിക്കുന്നത് മൽബിക്ക് ഈയിടെയായി തീരെ ഇഷ്ടമല്ല. എന്തോ വായിച്ച ശേഷമുള്ള കൽപനയാണ്. പരസ്പരം ഇണയെന്നു പറഞ്ഞാൽ മതി.
സ്വന്തം പേരിനൊപ്പം വാലായി ചേർത്തിരുന്ന മൽബുവിന്റെ പേരും മൽബി ഈയിടെ ഉപേക്ഷിച്ചു. ധിക്കാരമൊന്നുമല്ല, തിരിച്ചറിവു നേടിയ ശേഷമുള്ള തിരുത്ത് എന്നാണ് മൽബിയുടെ മറുപടി.
എന്തു തിരിച്ചറിവ്?
നിന്നെയും മക്കളെയും പോറ്റാനല്ലേ ഞാൻ ഈ മരുഭൂമിയിൽ വന്ന് കഷ്ടപ്പെടുന്നത്?
അത് നിങ്ങളുടെ കൈയിലിരിപ്പ് കൊണ്ടല്ലേ?
എന്തു കൈയിലിരിപ്പ്?
പ്രവാസം മതിയാക്കി എത്രയെത്ര പേർ സുഖസുന്ദരമായി കുടുംബത്തോടൊപ്പം നാട്ടിൽ കഴിയുന്നു. നിങ്ങൾ നാട്ടിലെത്തി വലിയ ബിസിനസല്ലേ തുടങ്ങിയത്. പൊളിഞ്ഞ് പാളീസായി വീണ്ടും വിമാനം കയറിപ്പോയി. ഇനി കരഞ്ഞുതീർക്കുക.
എന്നാലും നിന്റെ പേരിനോടൊപ്പം എന്റെ പേരു തന്നെയാണ് ഭംഗി. ഇതിപ്പോ എന്റെ പേരു മാറ്റി വാപ്പയുടെ പേരു ചേർത്തതോടെ ആരൊക്കെ എന്തൊക്കെ ചിന്തിക്കും.
വേറെയാളുകൾ ചിന്തിക്കുന്ന കാര്യം ഊഹിക്കുന്ന പരിപാടി ആദ്യം നിർത്തണം. ആരെങ്കിലും എന്തെങ്കിലും ഊഹിച്ചോട്ടെ, നമുക്കെന്താ.. ഊഹങ്ങൾ ചിലപ്പോൾ വലിയ അബദ്ധങ്ങളിലെത്തിക്കും. എന്തായാലും നിന്റെ പേരിനൊപ്പം ബാപ്പയുടെ പേര് ചേരുന്നേയില്ല. എന്റെ പേരാകുമ്പോൾ എന്താ അതിന്റെ ഒരു സ്റ്റൈൽ.
സ്റ്റൈൽ നോക്കിയിട്ട് കാര്യമില്ല. ഒരു കാര്യത്തെ കുറിച്ച് അറിവ് ലഭിച്ചാൽ അത് പ്രാവർത്തികമാക്കാൻ ശ്രമിക്കണം. ഞാൻ യുട്യൂബിൽ ഉസ്താദിന്റെ പ്രസംഗം കേട്ടു, നടപ്പിലാക്കി. നിങ്ങളല്ല ഉസ്താദാണ് ശരി.
സ്ത്രീകളുടെ പേരിനൊപ്പം ഭർത്താവിന്റെ പേരല്ല, ബാപ്പയുടെ പേരു തന്നെയാണ് ഉചിതം.
നാളെ നിങ്ങൾ എന്നെ ഉപേക്ഷിച്ചു പോയാൽ നിങ്ങളുടെ പേരൊഴിവാക്കാൻ ഞാൻ ഓടിനടക്കേണ്ടല്ലോ..
മുത്തേ.. ഞാൻ നിന്നെ ഉപേക്ഷിക്കുമെന്നോ?
എന്താ സംശയം, വീടും പറമ്പും പകുതി ഇതുവരെ നിങ്ങൾ എന്റെ പേരിലാക്കിയില്ലല്ലോ..ഉപേക്ഷിക്കുമെന്നതിന്റെ തെളിവാണത്.
ഇനി നാട്ടിൽ വന്നാൽ ഞാൻ അതു ചെയ്തിരിക്കും. വിശ്വാസമാണ് ദാമ്പത്യത്തിൽ പ്രധാനം.
എന്നാൽ ലൈക്ക് കിട്ടാനുള്ള ഗുട്ടൻസ് പറഞ്ഞുതരാം.
പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ ലൈക്ക് കൊടുക്കണം.
അവർ തിരിച്ചു ചൊറിഞ്ഞില്ലെങ്കിൽ എന്നോടു പറ.
അങ്ങനെ മൽബി പോസ്റ്റ് ചെയ്ത അജ്ഞാതന്റെ ഫോട്ടോക്ക് മൽബുവും ലൈക്ക് ചെയ്തു. എല്ലാവിധ ആശംസകളുമെന്ന് കമന്റുമിട്ടു.
അതാരാണെന്നു ചോദിച്ചപ്പോൾ അയാളെ അറിയില്ലെങ്കിൽ നിങ്ങൾ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നായിരുന്നു മൽബിയുടെ മറുപടി.
ചിലപ്പോൾ അങ്ങനെയാണ്. പിടിച്ചിടത്തുനിന്ന് ഒരടി അനങ്ങൂല. ഫേസ്ബുക്കും കൂട്ടുകാരുമാണ് നാട്ടിൻപുറത്തുകാരിയായ മൽബിയെ ഇങ്ങനെ മാറ്റിമറിച്ചതെന്ന് മൽബുവിന് അഭിപ്രായമുണ്ട്. ഫോട്ടോയുടെ പശ്ചാത്തലം മൽബു പരിശോധിച്ചു. മൽബിയുടെ വീട്ടിൽനിന്ന് കൊണ്ടുവന്ന കസേരയിലാണ് അജ്ഞാതൻ ഇരിക്കുന്നത്. ഏതാണ്ട് മൽബിയുടെ വാപ്പയുടെ അതായത് മൽബുവിന്റെ അമ്മാവന്റെ പ്രായമുണ്ട്. എത്ര ആലോചിച്ചിട്ടും ആളെ പടികിട്ടുന്നില്ല.
മൽബിയുടെ പോസ്റ്റ് കണ്ട് അതാരാണെന്നു ചോദിച്ചവരോട് അതൊക്കെ ഉണ്ട് എന്നു പറഞ്ഞാണ് മൽബു രക്ഷപ്പെട്ടത്. പക്ഷേ അധികം കാലതാമസമുണ്ടായില്ല. മൽബു അടക്കമുള്ള ഫോളോവേഴ്സിന്റെ ആകാംക്ഷ അവസാനിപ്പിച്ചുകൊണ്ട് മൽബി പുതിയൊരു പോസ്റ്റുമായി രംഗത്തു വന്നു.
പ്രിയപ്പെട്ട ചങ്കുകളെ, അത് മറ്റാരുമല്ല, എന്റെ മനസ്സിൽനിന്ന് ഒരിക്കലും പറിച്ചുമാറ്റാൻ പറ്റാത്ത എന്റെ പ്രിയപ്പെട്ട ഗുരുനാഥനാണ്.