പൊന്നാനി- പൊന്നാനി അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിംഗ് ബ്രിഡ്ജ് ടെണ്ടറുമായി ബന്ധപ്പെട്ടുള്ള തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ എക്കൗണ്ട് ഹാക്ക് ചെയ്ത് കമന്റിട്ടതായി സ്പീക്കർ ശ്രീരാമകൃഷ്ണൻ. ഇതുമായി ബന്ധപ്പെട്ട് തെളിവു സഹിതം പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചെന്നും ഹാക്ക് ചെയ്തവരുടെ കുബുദ്ധിയല്ലാതെ ഇതിൽ ഒന്നുമില്ലെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. ശ്രീരാകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
പൊന്നാനിയിൽ നിർമ്മാണനുമതി ലഭിച്ചു ടെൻഡർ നടപടികളിലേക്ക് പോകുന്ന അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ചു ഇന്നലെ എന്റെ ഫേസ്ബുക്ക് പോസ്റ്റിൽ
'എന്നെ അഭിനന്ദിച്ചു കൊണ്ട് ഞാൻ തന്നേ കമെന്റ് ചെയ്തതായി' കാണുകയുണ്ടായി. മിനിട്ടുകൾ കൊണ്ട് ആ കമെന്റിൽ നിരവധി റിയാക്ഷനുകളും റിപ്ലേ കമെന്റുകളും വരികയും, സ്‌ക്രീൻ ഷോട്ട് എടുത്ത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതായി കണ്ടു.
അക്കൗണ്ട് ഹാക്ക് ചെയ്ത് കയറി കൊച്ചിയിൽ നിന്നും കമന്റിട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ തെളിവ് സഹിതം പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഹാക്ക് ചെയ്തവരുടെ കുബുദ്ധിയല്ലാതെ ഇതിൽ മറ്റൊന്നുമില്ലെന്നു എല്ലാ സുഹൃത്തുക്കളെയും അറിയിക്കുന്നു.
എന്നാൽ ഇത് ഹാക്ക് ചെയ്തതല്ലെന്നും അഡ്മിന് പറ്റിയ പിഴവാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ശ്രീരാമകൃഷ്ണന്റെ പോസ്റ്റിന് താഴെ കമന്റിട്ടു.