കോഴിക്കോട്- യുക്തിവാദി സംഘം സംസ്ഥാന നേതാവ് ഇ.എ ജബ്ബാറുമായി പരസ്യസംവാദത്തിന് തയ്യാറാണെന്ന് നിച്ച് ഓഫ് ട്രൂത്ത് നേതാവ് എം.എം അക്ബർ. ഇതുമായി ബന്ധപ്പെട്ട് ജബ്ബാറിന്റെ വെല്ലുവിളി സ്വീകരിക്കാൻ തയ്യാറാണെന്നും മധ്യസ്ഥരെ നിശ്ചയിച്ച് സംവാദത്തിന് സമയവും തിയതിയും തീരുമാനിക്കണമെന്നും അക്ബർ ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അക്ബറിന്റെ വെല്ലുവിളി. വെല്ലുവിളി സ്വീകരിച്ചെന്നും അക്ബർ മുന്നോട്ടുവെച്ച ഉപാധികൾ വിശദമായി പരിശോധിച്ച ശേഷം നിർദ്ദേശങ്ങളും നിലപാടുകളും അറിയിക്കാമെന്നും ജബ്ബാർ അറിയിച്ചു.
മൂന്ന് പതിറ്റാണ്ടോളമായി മലയാളത്തിൽ ഇസ്‌ലാം വിമർശനം നടത്തിക്കൊണ്ടിരിക്കുന്ന യുക്തിവാദിയായ ജബ്ബാറുമായി ഒരു പരസ്യസംവാദത്തിന് സന്നദ്ധമായിക്കൂടേയെന്ന് പലരും ചോദിക്കാറുണ്ടെന്നും അക്ബർ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. യുക്തിവാദിസംഘം സംസ്ഥാന പ്രസിഡന്റ് കലാനാഥൻ മാസ്റ്ററുമായി രണ്ട് തവണ പരസ്യമായി സംവദിച്ചിട്ടുള്ളതിനാലും യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള അതിന്റെ റിക്കാർഡിംഗ് ഇവ്വിഷയകമായ സത്യാന്വേഷികൾക്ക് വെളിച്ചം നൽകാൻ പര്യാപ്തമാണ് എന്നതിനാലും എന്റെ ശരീരത്തെക്കാളധികം ഞാൻ സ്‌നേഹിക്കുന്ന മുഹമ്മദ് നബിയെ പരസ്യമായി നിന്ദിക്കുന്നവരുമായി വേദി പങ്കിടാനുള്ള വൈമനസ്യം കൊണ്ടും യുക്തിവാദികൾക്കിടയിൽ ഒരു നബിനിന്ദകന് സ്വീകാര്യത ലഭിക്കുന്നതിന് എന്റെ പ്രവർത്തനം നിമിത്തമാകരുതെന്ന് കരുതുന്നത് കൊണ്ടും അത്തരമൊരു സംവാദത്തിൽ നിന്ന് ഇതേവരെ ഒഴിഞ്ഞുനിൽക്കുകയാണ് ചെയ്തിട്ടുള്ളത്. സ്വന്തമായി യാതൊരു പ്രത്യയശാസ്ത്രവുമില്ലാത്തവരും ഇസ്‌ലാംനിന്ദ വഴി സാമ്രാജ്യത്വത്തെയും ഫാഷിസത്തെയും സുഖിപ്പിക്കുകയെന്നതല്ലാത്ത ദൗത്യങ്ങളൊന്നും നിർവ്വഹിക്കാനില്ലാത്തവരുമായ നാസ്തികരുടെ വിമർശനങ്ങൾക്ക് പൊതുവേദികളിലെ തുറന്ന ചോദ്യോത്തരവേദികൾ വഴിയും ആനുകാലികങ്ങളും പുസ്തകങ്ങളും വഴിയും സാമൂഹ്യമാധ്യമങ്ങൾ വഴിയും മറുപടി പറഞ്ഞാൽ മതിയെന്ന നിലപാടായിരുന്നു ഇത് വരെ സ്വീകരിച്ചുപോന്നിരുന്നത്. സ്വന്തമായി ഉത്തരങ്ങളില്ലാത്തവരും ചോദ്യങ്ങൾ മാത്രമുള്ളവരുമായ നാസ്തികർ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുത്ത് അവർ ചോദിക്കുന്ന ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി പറയണമെങ്കിൽ അതുമാവാമെന്ന് പരസ്യമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ആരോടെങ്കിലും ജയിക്കാനോ ആരെയെങ്കിലും തോല്പിക്കാനോ വേണ്ടിയല്ല സത്യാന്വേഷികൾ ആരെങ്കിലും നാസ്തികരിലുണ്ടെങ്കിൽ അവർക്ക് വെളിച്ചമാകട്ടെയെന്ന് കരുതി, സത്യം കാണാനും സ്വീകരിക്കുവാനുമാണ് ഇങ്ങനെയെല്ലാം ചെയ്യുന്നതെന്നും അക്ബർ പറഞ്ഞു.