കണ്ണൂർ-വയൽ നികത്തി ദേശീയപാതാ ബൈപാസ് നിർമിക്കുന്നതിനെതിരെ തളിപ്പറമ്പ് കീഴാറ്റൂരിൽ കോലം കത്തിച്ച് പ്രതിഷേധം. പരിസ്ഥിതി സംരക്ഷണത്തിനായി ദേശീയ ശ്രദ്ധ നേടിയ സമരം നയിച്ച വയൽക്കിളികളുടെ നേതൃത്വത്തിലാണ് ബൈപാസ് നിർമാണോദ്ഘാടന ദിവസം കീഴാറ്റൂർ വയലിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിൻ ഗഡ്ഗരി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ കോലം കത്തിച്ച് പ്രതിഷേധിച്ചത്. വയൽക്കിളി സമര നായകൻ സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലായിരുന്നു സമരം. നിർദിഷ്ട തളിപ്പറമ്പ് മുഴപ്പിലങ്ങാട് ബൈപാസ് റീച്ചിന്റെ ഉദ്ഘാടന ചടങ്ങ് നടന്ന കീഴാറ്റൂരിൽ തന്നെയായിരുന്നു പ്രതിഷേധവും. ജെയിംസ് മാത്യു എം.എൽ.എയാണ് ദേശീയ പാത നിർമാണ ഉദ്ഘാടനം നിർവഹിച്ചത്.
പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ സമരമായിരുന്നു കീഴാറ്റൂരിലെ വയൽക്കിളികളുടേത്. ദേശീയ ശ്രദ്ധ ആകർഷിച്ച ഈ സമരത്തിന് പിൻതുണയുമായി വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും എത്തിയിരുന്നു. 2018 മാർച്ച് 14 നാണ് കീഴാറ്റൂരിലെ കർഷകർ, വയൽക്കിളികൾ എന്ന പേരിൽ പ്രത്യക്ഷ സമരം ആരംഭിച്ചത്.
കീഴാറ്റൂരിലെ വയൽ അളക്കുന്നതിനായി ദേശീയപാതാ അധികൃതർ എത്തിയപ്പോൾ പ്രവർത്തകർ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയായിരുന്നു സമരം ആരംഭിച്ചത്. ഇത് ദേശീയ ശ്രദ്ധ നേടുകയും വിവിധ സംഘടനകളും വ്യക്തികളും വയൽക്കിളികൾക്ക് ഐക്യദാർഢ്യം നേർന്ന് സമരത്തിനെത്തുകയുമായിരുന്നു.
തുടർന്ന് മാർച്ച് 25 ന് കീഴാറ്റൂർ വയലിൽ സംഘടിപ്പിച്ച കേരളം കീഴാറ്റൂരിലേക്ക് എന്ന പരിപാടിയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ഈ പരിപാടി ഉദ്ഘാടനം ചെയ്തത് സുരേഷ് ഗോപി എം.പിയായിരുന്നു. നന്ദിഗ്രാമിൽ നിന്നു കൊണ്ടുവന്ന മണ്ണ് കീഴാറ്റൂർ വയലിൽ വിതറിയായിരുന്നു ഈ പരിപാടി ആരംഭിച്ചത്. കേരളത്തിലെ പ്രശസ്തരായ പരിസ്ഥിതി പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും അടക്കം ഇതിൽ പങ്കെടുക്കുകയും ചെയ്തു. കീഴാറ്റൂരിന്റെ ഹൃദയം പിളർന്ന് റോഡ് നിർമിക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനത്തോടെയാണ് ഈ പരിപാടി അവസാനിപ്പിച്ചത്.
പിന്നീട് സമരം ബി.ജെ.പി ഏറ്റെടുക്കുകയും കർഷക രക്ഷാ മാർച്ച് അടക്കം സംഘടിപ്പിക്കുകയും ചെയ്തു. സമര സമിതി നേതാക്കൾ ദില്ലിയിൽ കേന്ദ്ര മന്ത്രി നിഥിൻ ഗഡ്ഗരിയെ നേരിൽ കണ്ട് പ്രശ്‌നം അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ ദേശീയപാതാ വിഭാഗം സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ നേരത്തെ തയാറാക്കിയ അലൈൻമെന്റുമായി മുന്നോട്ടു പോവുകയായിരുന്നു.വയൽക്കിളികൾ ഇതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ദേശീയപതാ വിഭാഗം ത്രിഡി നോട്ടിഫിക്കേഷൻ ഇറക്കി സ്ഥലമേറ്റെടുപ്പുമായി മുന്നോട്ടു പോയതോടെ, സമീപകാലത്ത് കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത കീഴാറ്റൂർ സമരത്തിന് തിരശ്ശീല വീഴുകയായിരുന്നു. സമര രംഗത്തുണ്ടായിരുന്നവർ അടക്കം സ്വന്തം സ്ഥലം വിട്ടുനൽകാൻ നിർബന്ധിതരുമായി.
ഏറ്റവും ഒടുവിലത്തെ പ്രതിഷേധം എന്ന നിലയിലാണ് കീഴാറ്റൂർ വയലിൽ നിഥിൻ ഗഡ്ഗരിയുടെയും പിണറായി വിജയന്റെയും കോലം കത്തിച്ചത്. വയൽക്കിളി സമര മുഖത്തുണ്ടായിരുന്നവരെല്ലാം ഇതിൽ പങ്കെടുത്തു.