ജിദ്ദ- കേന്ദ്ര ഭരണവും ഒട്ടുമിക്ക സംസ്ഥാനങ്ങളുടെ അധീശത്വവും കയ്യടക്കി ഭരണഘടനാ സ്ഥാപനങ്ങളെ വിലക്കെടുക്കുകയും ചെയ്ത് ബ്രാഹ്മണിക്കൽ ആധിപത്യം പൂർണ്ണമാക്കാനുള്ള ആഹ്വാനം പോലെയാണ് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി യോഗം പ്രസ്താവനയിൽ പറഞ്ഞു. നാനാജാതി മതസ്ഥർക്കും അവരവരുടെ ആചാര വിശ്വാസമനുസരിച്ചു ജീവിക്കാൻ മൗലികാവകാശമുള്ള ഇന്ത്യാ മഹാരാജ്യത്ത് കടുത്ത വംശീയ വിദ്വേഷം വമിക്കുന്ന പ്രസ്താവനകളിലൂടെ രാജ്യത്തിന്റെ മഹത്തരമായ ഭരണഘടനയെ വെല്ലുവിളിക്കുകയാണ് ഹിന്ദുത്വ തീവ്രവാദികളുടെ ആചാര്യൻ ചെയ്തത്. ആർ.എസ്.എസ്സിന്റെ നാഗ്പൂർ അജണ്ട നടപ്പാക്കാനുള്ള തത്രപ്പാടിൽ സർവ്വസൈന്യാധിപൻ ചമയുന്ന തരത്തിലാണ് ഇന്ത്യയിൽ മുസ്ലിംകൾക്ക് ഹിന്ദുക്കളുടെ മേൽക്കോയ്മ അംഗീകരിച്ചാൽ ജീവിക്കാമെന്നുള്ള മോഹൻ ഭാഗവതിന്റെ ആക്രോശം. എന്നാൽ ഇത്തരം രാജ്യദ്രോഹപരമായ പ്രസ്താവനകൾ നിരന്തരം ആവർത്തിക്കുന്ന പ്രഭൃതികൾക്കെതിരെ കേസെടുക്കാൻ ഭരണകൂടം തയ്യാറാകാതിരിക്കുന്നതും ഉത്തരവാദപ്പെട്ട മതേതര രാഷ്ട്രീയ കക്ഷികൾ നിസ്സംഗത പുലർത്തുന്നതും ആശങ്കാജനകമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഇ.എം. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആലിക്കോയ ചാലിയം പ്രമേയം അവതരിപ്പിച്ചു. അബ്ദുൽ ഗനി, മുജാഹിദ് പാഷ ബാംഗ്ലൂർ, നാസർഖാൻ നാഗർകോവിൽ, മൊയ്ദീൻ ഷാ, ഹംസ കരുളായി, കോയിസ്സൻ ബീരാൻകുട്ടി, ഹനീഫ കിഴിശ്ശേരി, സയ്യിദ് കലന്ദർ, ഫൈസൽ മമ്പാട് തുടങ്ങിയവർ സംസാരിച്ചു.