Sorry, you need to enable JavaScript to visit this website.

മലയാളം മിഷൻ രാഷ്ട്രീയവൽക്കരിക്കരുത് -ജിദ്ദ ഒ.ഐ.സി.സി

ജിദ്ദ- മലയാള ഭാഷ പരിപോഷിപ്പിക്കുന്നതിനായി രൂപീകരിച്ച മലയാളം മിഷന്റെ  പ്രവർത്തനത്തിൽ പോലും സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുകയണെന്നും, സ്വന്തക്കാർക്കും പാർട്ടിക്കാർക്കും  മാത്രമായി ഈ പൊതു വേദിയിലെ  സ്ഥാനങ്ങൾ വീതംവെക്കുകയാണെന്നും ഒഐസിസി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.  ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ സഹകരണത്തോടെ ഇന്ത്യയിലെയും വിദേശത്തെയും വിവിധ സ്ഥലങ്ങളിൽ മലയാള ഭാഷാ പഠന കേന്ദ്രങ്ങൾ സ്ഥാപിക്കുകയും മേൽനോട്ടം വഹിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കേണ്ട,  ഈ സംവിധാനത്തെ അക്ഷര വൈരികളായ ചില പ്രവാസി സിപിഎം അനുകൂലികളുടെ  സ്വകാര്യ സംവിധാനമായാണ് സൗദിയിൽ പ്രവർത്തിക്കുന്നത്.  പ്രവാസികൾക്കിടയിൽ നിരവധി സംസ്‌കാരിക സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന പ്രമുഖ സംഘടനകളെയും പ്രവാസി  സാഹിത്യകാരന്മാരെയും  തീർത്തും അവഗണിച്ചുകൊണ്ടാണ് മലയാളം മിഷനിന്റെ പ്രവർത്തനങ്ങൾ സൗദിയിൽ നടക്കുന്നത്. 2009 ൽ രൂപീകൃതമായ മലയാളം മിഷൻ ഓരോ മലയാളിയുടെയും ഭാഗമാകുവാനാണ്  ശ്രമിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന്റെ അധ്യക്ഷനായതോടെ എല്ലാം തങ്ങളുടെ സ്വകാര്യ സ്വത്തായി ഉപയോഗിക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നു ജിദ്ദ ഒ ഐ സി സി കുറ്റപ്പെടുത്തി.


കോവിഡ് മഹാമാരിയുടെ കാലത്ത് മലയാളം മിഷൻ സൗദി ചാപ്റ്റർ ആരുമായും കൂടിയാലോചിക്കാതെ സ്വന്തക്കാരുടെ തറവാടുകണക്കെ ഭാരവാഹിത്വങ്ങൾ അവർ തന്നെ വീതിച്ചെടുക്കുകയാണ് ചെയ്തിരിക്കുന്നത്. മലയാളി എന്ന പൊതു സംവിധാനത്തെപോലും അധികാരത്തിന്റെ ധാർഷ്ട്യത്തിൽ ദുരുപയോഗം ചെയ്യുന്ന കേരള സർക്കാരിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണ്. ഈ സംസ്‌കാരശൂന്യ നിലപാടുകൾക്കെതിരെ സമാന മനസ്‌കരായവരുമായി കൂടിയാലോച്ചിച്ച് ശബ്ദമുയർത്തും. പ്രവാസി മലയാളികളുടെ പൊതുമുഖമായി മലയാളം മിഷൻ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും, സംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനും നിവേദനം നൽകിയതായി റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെടിഎ മുനീർ പറഞ്ഞു.


സുഗത കുമാരിയും മധുസൂദനൻ നായരും അടങ്ങുന്ന പ്രമുഖ സാഹിത്യകാരന്മാർ അംഗങ്ങളായുള്ള മലയാള മിഷനെപോലും  രാഷ്ട്രീയ താൽപര്യങ്ങൾക്കു ഉപയോഗിക്കുന്നത് ശരിയായ സമീപനമല്ല. പ്രത്യേകിച്ചും പ്രവാസ ലോകത്ത് എല്ലാവരെയും  ഒരുമിച്ച്  നിർത്തേണ്ട കേരള സർക്കാർ,  മുഖ്യമന്ത്രിയുടെ പാർട്ടിക്കാരെ മാത്രം കുത്തിനിറച്ച്് സൗദി അറേബ്യയിൽ മലയാളം മിഷന്റെ ചാപ്റ്റർ രൂപീകരിച്ചതു ഭിന്നിപ്പിന് മാത്രമേ ഉപകരിക്കൂ. ഇത് നാട്ടിൽ തുടർന്ന് വരുന്ന സ്വജനപക്ഷ പാതത്തിന്റെയും അഴിമതിയുടെയും തുടർച്ചയാണെന്നു  ഒഐസിസി കുറ്റപ്പെടുത്തി.
റീജണൽ പ്രസിഡണ്ട് കെടിഎ മുനീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ  സാക്കിർ ഹുസൈൻ എടവണ്ണ, മാമദു പൊന്നാനി, നൗഷാദ് അടൂർ, ജോഷി വർഗീസ്, വൈസ് പ്രസിഡണ്ട് ഷുക്കൂർ വക്കം,  ട്രഷറർ ശ്രീജിത്ത് കണ്ണൂർ, നാഷണൽ സെക്രട്ടറി നാസിമുദ്ധീൻ മണനാക്,  അലി തേക്കുതോട്, മുജീബ് മുത്തേടത്ത്, അനിയൻ ജോർജ്, മുജീബ് തൃത്താല, മനോജ് മാത്യു, വിലാസ് അടൂർ, യൂനുസ് കാട്ടൂർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.    

Latest News