തിരുവനന്തപുരം - ഹാഥറസിൽ ദലിത് പെൺകുട്ടിയെ ക്രൂരമായി ബലാൽസംഗംചെയ്ത് കൊലപ്പെടുത്തിയ സവർണ ക്രിമിനലുകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന ഉത്തർപ്രദേശ് സർക്കാറിനെതിരെ സംസ്ഥാനത്തുടനീളമുള്ള പോസ്‌റ്റോഫീസുകളിൽ നിന്ന് ദേശീയ തപാൽ ദിനമായ ഒക്ടോബർ 10ന് വിമൻ ജസ്റ്റിസ് പ്രതിഷേധക്കത്തുകൾ അയച്ചു. ആയിരങ്ങളാണ് കോവിഡ് സാഹചര്യത്തെ വകഞ്ഞുമാറ്റി പ്രതിഷേധക്കത്തുകൾ പോസ്റ്റു ചെയ്യുന്നതിൽ പങ്കാളികളായത്. മുഖ്യമന്ത്രി യോഗിയെ വിചാരണ ചെയ്തുകൊണ്ടുള്ള കത്തുകളാണ് അയച്ചത്.
വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് പ്രതിഷേധക്കത്ത് പോസ്റ്റ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ബി.ജെ.പിയുടെ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനു ശേഷം ദലിത് വംശഹത്യയും സ്ത്രീപീഡനങ്ങളും യു.പിയിൽ പൂർവാധികം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അവർ പറഞ്ഞു. ആഴ്ചകളുടെ വ്യത്യാസത്തിൽ യു.പിയിൽ ആറോളം പെൺകുട്ടികളാണ് ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ടത്.
സംഘ്പരിവാറിൻെറ സ്ത്രീവിരുദ്ധ സവർണ പ്രത്യയ ശാസ്ത്രത്തിൻെറ പിൻബലമുള്ള ബി.ജെ.പി സർക്കാരിന്റെ തനതുമുഖമാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. സവർണ താക്കൂർമാർക്കൊപ്പം നിന്ന് പീഡിതരായ കുടുംബത്തെ ഭീഷണിപ്പെടുത്തുകയാണ് യു.പി സർക്കാർ ചെയ്യുന്നത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി നിഷേധിക്കുന്നതോടൊപ്പം നുണ പരിശോധന നടത്തുവാനുള്ള നീക്കം യു.പി സർക്കാർ ആരുടെ പക്ഷം നിൽക്കുന്നു എന്നതിന്റെ തെളിവാണ്. വൻ ജനാധിപത്യ പ്രതിഷേധങ്ങളെ തുടർന്ന് സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും നീതിയെക്കുറിച്ച നിരാശയിലാണ് പെൺകുട്ടിയുടെ കുടുംബം. ക്രൂരമായി കൊലചെയ്യപ്പെട്ട് മൃതദേഹം പോലും നിഷേധിക്കപ്പെട്ട സന്തപ്ത കുടുംബം ഭീഷണികൾക്ക് നടുവിലാണെന്നത് ദലിത് സമൂഹം അനുഭവിക്കുന്ന അരക്ഷിതാവസ്ഥയുടെ ആഴത്തെയാണ് വെളിപ്പെടുത്തുന്നത്. പിറന്ന മണ്ണിൽനിന്നും കുടിയൊഴിഞ്ഞു പോകാൻ ആ പാവങ്ങൾ നിർബന്ധിക്കപ്പെടുകയാണ്. ഇതിനെതിരിൽ സ്ത്രീ മുന്നേറ്റത്തിന് വിമൻ ജസ്റ്റിസ് നേതൃത്വം കൊടുക്കുമെന്നും ജബീന ഇർഷാദ് പറഞ്ഞു.