ഹായിൽ - അനധികൃതമായി മൊബൈൽ ഫോൺ സിം കാർഡ് വിൽപന നടത്തിയ മൂന്നു പേരെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. ഹായിലിൽ രണ്ടു പേരും റിയാദിൽ ഒരാളുമാണ് പിടിയിലായത്. സൗദി പൗരന്മാരും വിദേശികളും അറിയാതെ അവരുടെ പേരുകളിൽ രജിസ്റ്റർ ചെയ്ത് ആക്ടിവേറ്റ് ചെയ്യുന്ന സിം കാർഡുകൾ വിൽപന നടത്തിയ ബംഗ്ലാദേശുകാരനും ഈജിപ്തുകാരനുമാണ് ഹായിൽ പോലീസിന്റെ പിടിയിലായത്. വിവിധ ടെലികോം കമ്പനികളുടെ പേരിലുള്ള 2695 സിം കാർഡുകളും മറ്റു ഉപകരണങ്ങളും പ്രതികളുടെ പക്കൽ കണ്ടെത്തി. നിയമ നടപടികൾക്ക് ഇരുവർക്കുമെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഹായിൽ പ്രവിശ്യ പോലീസ് ക്യാപ്റ്റൻ താരിഖ് അൽനസ്സാർ അറിയിച്ചു.
റിയാദിൽ അനധികൃതമായി സിം കാർഡുകൾ വിൽപന നടത്തിയ ഈജിപ്തുകാരനും കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായി. ടെലികോം കമ്പനി സെയിൽസ്മാനായ ഈജിപ്തുകാരൻ നേരത്തെ കമ്പനിയിൽ നിന്ന് സിം കാർഡുകൾ നേടിയവരുടെ വിരലടയാളങ്ങളും പേരുവിവരങ്ങളും ദുരുപയോഗിച്ച് അവരുടെ പേരിൽ സിം കാർഡുകൾ രജിസ്റ്റർ ചെയ്ത് ആക്ടിവേറ്റ് ചെയ്ത് മറ്റുള്ളവർക്ക് വിൽപന നടത്തുകയാണ് ചെയ്തിരുന്നത്. വിവിധ കമ്പനികളുടെ പേരിലുള്ള 2500 ലേറെ സിം കാർഡുകളും 22,000 ത്തിലേറെ റിയാലും മൂന്നു റീചാർജിംഗ് മെഷീനുകളും വിവിധ കമ്പനികളുടെ പേരുകളിലുള്ള സീലുകളും ലാപ്‌ടോപ്പും ഈജിപ്തുകാരന്റെ പക്കൽ കണ്ടെത്തി. അജ്ഞാത വ്യക്തികളുടെ വിരലടയാളങ്ങൾ പതിച്ച പേപ്പറുകളുടെ വൻ ശേഖരവും ഈജിപ്തുകാരന്റെ പക്കൽ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.