റിയാദ് - സ്വകാര്യ മേഖലയിൽ സൗദി യുവതീയുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ധനസഹായ പദ്ധതിയിൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി പരിഷ്‌കരണങ്ങൾ വരുത്തി. സ്വകാര്യ മേഖലയിൽ പുതുതായി നിയമിക്കുന്ന സൗദി പൗരന്മാരുടെ വേതന വിഹിതം നിശ്ചിത കാലം വിതരണം ചെയ്യുന്ന പദ്ധതിയാണ് മാനവശേഷി വികസന നിധി നടപ്പാക്കുന്നത്. പരിഷ്‌കരണത്തിന്റെ ഭാഗമായി ധനസഹായം നൽകുന്നതിനുള്ള സ്വദേശി ജീവനക്കാരുടെ മിനിമം വേതനം 4000 റിയാലിൽ നിന്ന് 3200 റിയാലായി കുറച്ചിട്ടുണ്ട്. ഇതുവരെ ധനസഹായ പദ്ധതി പ്രയോജനം ലഭിക്കുന്നതിന് സൗദി ജീവനക്കാരുടെ മിനിമം വേതനം 4000 റിയാലിൽ കുറവാകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇതാണിപ്പോൾ 3200 റിയാലായി കുറച്ചിരിക്കുന്നത്.
കൊറോണ പ്രതിസന്ധി പ്രതികൂലമായി ബാധിച്ച മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പത്തു ശതമാനം അധിക ധനസഹായം നൽകാനും തീരുമാനിച്ചിട്ടുണ്ട്. 2019 ജൂലൈ ഒന്നു മുതൽ സ്വകാര്യ സ്ഥാപനങ്ങളിൽ നിയമനം ലഭിച്ച ജീവനക്കാർക്കും ഇവരെ ജോലിക്കു വെച്ച സ്ഥാപനങ്ങൾക്കും പുതിയ പരിഷ്‌കരണങ്ങളുടെ ഗുണം ലഭിക്കും. സൗദിവൽക്കരണത്തിന് ലക്ഷ്യമിടുന്ന ഏതാനും പ്രത്യേക തൊഴിലുകളിൽ നിയമിക്കുന്ന സൗദികൾക്കും പത്തു ശതമാനം അധിക ധനസഹായം ലഭിക്കും.
സ്വകാര്യ മേഖലയിൽ തൊഴിൽ തേടുന്ന സൗദി യുവതീയുവാക്കളുടെ വേതനത്തിന്റെ നിശ്ചിത വിഹിതമാണ് മാനവശേഷി വികസന നിധി വഹിക്കുന്നത്. ഫുൾടൈം അടിസ്ഥാനത്തിലും വിദൂര തൊഴിൽ രീതിയിലും സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മുഴുവൻ സ്വദേശി ജീവനക്കാരുടെയും വേതന വിഹിതം നിശ്ചിത കാലം മാനവശേഷി വികസന നിധി വഹിക്കും. തൊഴിലവസരങ്ങൾ കുറഞ്ഞ പ്രവിശ്യകളിലെയും നഗരങ്ങളിലെയും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്ന സൗദികൾക്ക് പദ്ധതി വഴി അധിക സഹായം നൽകുന്നുണ്ട്. വനിതകൾക്കും വികലാംഗർക്കും ജോലി നൽകുന്ന സ്ഥാപനങ്ങൾക്കും അധിക സഹായം നൽകുന്നുണ്ട്. ധനസഹായ പദ്ധതി പ്രയോജനം ലഭിക്കുന്ന സ്വേേദശി ജീവനക്കാരുടെ വേതനത്തിൽ മാനവശേഷി വികസന നിധിയിൽ നിന്നുള്ള ധനസഹായം കഴിഞ്ഞുള്ള തുക മാത്രം സ്ഥാപന ഉടമകൾ വഹിച്ചാൽ മതിയാകും.