റിയാദ് - അൽഅഹ്‌ലി, സാംബ ഫിനാൻഷ്യൽ ഗ്രൂപ്പ് ലയനത്തിലൂടെ ആസ്തികളുടെ അടിസ്ഥാനത്തിൽ സൗദിയിലെ ഏറ്റവും വലിയ ബാങ്ക് ആയി പുതിയ ബാങ്ക് മാറും. ഗൾഫിലെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കുമായിരിക്കുമിത്. പുതിയ ബാങ്കിന്റെ ആകെ ആസ്തി 837 ബില്യൺ റിയാലായിരിക്കും. പുതിയ ബാങ്കിന്റെ 37.2 ശതമാനം ഓഹരികൾ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിനും 7.4 ശതമാനം ഓഹരികൾ പബ്ലിക് പെൻഷൻ ഏജൻസിക്കും 5.8 ശതമാനം ഓഹരികൾ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിനും ആയിരിക്കും. ഈ മൂന്നു സർക്കാർ സ്ഥാപനങ്ങൾക്കും ഏജൻസികൾക്കും കൂടി പുതിയ ബാങ്കിൽ ആകെ 50.4 ശതമാനം ഓഹരി ഉടമസ്ഥാവകാശമുണ്ടാകും.
സൗദിയിലെ ബാങ്കുകളുടെ ആകെ ആസ്തികളുടെ 31.8 ശതമാനം അൽഅഹ്‌ലിയുടെയും സാംബ ഗ്രൂപ്പിന്റെയും വിഹിതമാണ്. സൗദി ബാങ്കുകളുടെ ആകെ ആസ്തികൾ 2.63 ട്രില്യൺ റിയാലാണ്. ഇരു ബാങ്കുകളും ആകെ 464 ബില്യൺ റിയാൽ വായ്പകൾ നൽകിയിട്ടുണ്ട്. സൗദിയിലെ ആകെ ബാങ്ക് വായ്പകളുടെ 28.8 ശതമാനം അൽഅഹ്‌ലിയുടെയും സാംബ ഗ്രൂപ്പിന്റെയും വിഹിതമാണ്. സൗദി ബാങ്കുകൾ നൽകിയ ആകെ വായ്പകൾ 1.61 ട്രില്യൺ റിയാലാണ്.
ഇരു ബാങ്കുകളിലെയും ആകെ ഡെപ്പോസിറ്റുകൾ 568 ബില്യൺ റിയാലാണ്. സൗദി ബാങ്കുകളിലെ ആകെ ഡെപ്പോസിറ്റുകളുടെ 30.4 ശതമാനമാണിത്. സൗദി ബാങ്കുകളിലെ ആകെ ഡെപ്പോസിറ്റുകൾ 1.87 ട്രില്യൺ റിയാലാണ്. രണ്ടാം പാദത്തിൽ അൽഅഹ്‌ലി, സാംബ ഗ്രൂപ്പ് ലാഭം സൗദി ബാങ്കുകളുടെ ആകെ ലാഭത്തിന്റെ 159 ശതമാനമാണ്. ഇരു ബാങ്കുകളും രണ്ടാം പാദത്തിൽ 300 കോടിയോളം റിയാൽ ലാഭം നേടി. സൗദിയിലെ ബാങ്കുകൾ രണ്ടാം പാദത്തിൽ ആകെ 187 കോടി റിയാലാണ് ലാഭം നേടിയത്. സാബ് ബാങ്ക് ഭീമമായ നഷ്ടമുണ്ടാക്കിയതാണ് രണ്ടാം പാദത്തിൽ സൗദി ബാങ്കുകളുടെ ആകെ ലാഭത്തെ പ്രതികൂലമായി ബാധിച്ചത്.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അൽഅഹ്‌ലി, സാംബ ഗ്രൂപ്പ് വിപണി മൂല്യം 170.5 ബില്യൺ റിയാലാണ്. ഇതിൽ 115.5 ബില്യൺ അൽഅഹ്‌ലിയുടെയും 55 ബില്യൺ സാംബയുടെയും വിഹിതമാണ്. സൗദി ബാങ്കുകളുടെ ആകെ വിപണി മൂല്യത്തിന്റെ 29 ശതമാനം അഹ്‌ലി, സാംബ ഗ്രൂപ്പ് വിഹിതമാണ്.
ആസ്തികളുടെ അടിസ്ഥാനത്തിൽ ഗൾഫിലെ ഏറ്റവും വലിയ ബാങ്ക് ഖത്തർ നാഷണൽ ബാങ്ക് ആണ്. ക്യു.എൻ.ബി ഗ്രൂപ്പിന്റെ ആകെ ആസ്തികൾ 266.9 ബില്യൺ ഡോളറാണ്. രണ്ടാം സ്ഥാനത്തുള്ള ഫസ്റ്റ് അബുദാബി ബാങ്കിന് 235.7 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ട്. അൽഅഹ്‌ലി, സാംബ ഗ്രൂപ്പ് ലയനത്തിലൂടെ നിലവിൽ വരുന്ന പുതിയ ബാങ്കിന്റെ ആസ്തികൾ 223.1 ബില്യൺ ഡോളറായിരിക്കും. നാലാം സ്ഥാനത്തുള്ള എമിറേറ്റ്‌സ് എൻ.ബി.ഡി ബാങ്കിന് 189 ബില്യൺ ഡോളറിന്റെയും അൽറാജ്ഹി ബാങ്കിന് 1114 ബില്യൺ ഡോളറിന്റെയും അബുദാബി കൊമേഴ്‌സ്യൽ ബാങ്കിന് 110.6 ബില്യൺ ഡോളറിന്റെയും കുവൈത്ത് നാഷണൽ ബാങ്കിന് 96.8 ബില്യൺ ഡോളറിന്റെയും ദുബായ് ഇസ്‌ലാമിക് ബാങ്കിന് 80.3 ബില്യൺ ഡോളറിന്റെയും അൽറിയാദ് ബാങ്കിന് 78.7 ബില്യൺ ഡോളറിന്റെയും സാബ് ബാങ്കിന് 71.2 ബില്യൺ ഡോളറിന്റെയും ആസ്തികളുണ്ട്.