മോസ്‌കോ-മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളായ അർമീനിയയും അസർബൈജാനും റഷ്യയുടെ മധ്യസ്ഥതയിൽ നഗർണോ കാരബാഖിൽ വെടിനിർത്തലിനു സമ്മതിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ രണ്ടാഴ്ച പിന്നിട്ട രൂക്ഷമായ ഏറ്റുമുട്ടലിനു വിരാമമിടാൻ റഷ്യയുടെ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവിന്റെ നേതൃത്വത്തിലായിരുന്നു ചർച്ച. 10 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് വെടിനിർത്തലിന് ഇരുരാജ്യങ്ങളും സമ്മതിച്ചു. എന്നാൽ, വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു മണിക്കൂറുകൾക്കകം കരാർ ലംഘിച്ചതായി ഇരുരാജ്യങ്ങളും പരസ്പരം ആരോപിച്ചു.സെപ്റ്റംബർ 27ന് ആരംഭിച്ച സംഘർഷത്തിൽ നൂറുകണക്കിനാളുകളാണു കൊല്ലപ്പെട്ടത്. റഷ്യൻ പ്രസിഡന്റ് വഌഡിമിർ പുടിൻ ഇരുരാജ്യങ്ങളിലെയും ഭരണത്തലവന്മാരെ പലവട്ടം നേരിട്ടു വിളിച്ചാണു സമാധാന ചർച്ചയ്ക്കു വേദിയൊരുക്കിയത്.