തിരുവനന്തപുരം- സംസ്ഥാനത്ത് ബീച്ചുകള്‍ ഒഴികെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തിങ്കളാഴ്ച തുറക്കും. ഹില്‍ സ്‌റ്റേഷനുകള്‍, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, കായലോര ടൂറിസം കേന്ദ്രങ്ങള്‍ തുടങ്ങിയവയാണ് സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുന്നത്. അതേസമയം, നവംബര്‍ ഒന്നുമുതല്‍ മാത്രമേ ബീച്ചുകള്‍ തുറക്കുകയുള്ളൂവെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കോവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് രണ്ട് ഘട്ടമായി പ്രവേശനത്തിന് അനുമതി നല്‍കുന്നതിനാണ് തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു. ഹില്‍ സ്‌റ്റേഷനുകളിലും, സാഹസിക വിനോദ കേന്ദ്രങ്ങളിലും, കായലോര ടൂറിസം കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികള്‍ക്ക് ഉപാധികളോടെ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചതായും മന്ത്രി അറിയിച്ചു.
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ബിസിനസ് ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ക്ക് 7 ദിവസം വരെ ക്വാറന്റൈന്‍ നിര്‍ബന്ധമല്ലെന്ന് നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതേ മാതൃകയില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള ടൂറിസ്റ്റുകള്‍ക്കും ഒരാഴ്ച വരെയുള്ള ഹ്രസ്വസന്ദര്‍ശനത്തിന് ക്വാറന്റൈന്‍ നിര്‍ബന്ധമില്ല.