കൊച്ചി- മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ വച്ചായിരുന്നെന്നു സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. 2017ൽ നടന്നത് അനൗദ്യോഗിക കൂടിക്കാഴ്ചയായിരുന്നെന്നും സ്വപ്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മൊഴി നൽകി. യുഎഇ കോൺസൽ ജനറലും മുഖ്യമന്ത്രിയും തമ്മിലായിരുന്നു കൂടിക്കാഴ്ച.
ആശയവിനിമയത്തിന് ശിവശങ്കറിനെ ബന്ധപ്പെടാൻ മുഖ്യമന്ത്രി നിർദേശിച്ചതായും സ്വപ്നയുടെ മൊഴിയിലുണ്ട്. കോൺസുലേറ്റിലെ സെക്രട്ടറിയായതു മുതൽ മുഖ്യമന്ത്രിക്കു തന്നെ അറിയാം. 48.5 ലക്ഷം രൂപയുടെ നിക്ഷേപം തനിക്കുണ്ടെന്നും സ്വപ്ന സുരേഷ് ഇഡിയോടു വെളിപ്പെടുത്തി. സ്‌പേസ് പാർക്കിൽ ജോലി കിട്ടിയത് എങ്ങനെ എന്ന ചോദ്യത്തിനായിരുന്നു മറുപടി.
പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച വീടുകളുടെ അറ്റകുറ്റപണിക്കും കമ്മീഷൻ ലഭിച്ചതായി കണ്ടെത്തി. ഇ.ഡിക്ക് നൽകിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. 150 വീടുകളുടെ അറ്റകുറ്റപണിയാണ് നടത്തിയത്.