ബുറൈദ - ബുറൈദയിൽ ഈത്തപ്പഴ വ്യാപാര മേഖലയിൽ ബിനാമി ബിസിനസ് സ്ഥാപനം നടത്തിയ കേസിൽ നാലു പേരെ ബുറൈദ ക്രിമിനൽ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. മൂന്നു സൗദി പൗരന്മാരെയും പാക്കിസ്ഥാനിയെയുമാണ് കോടതി ശിക്ഷിച്ചത്. സ്വന്തം നിലയിൽ ബിസിനസ് സ്ഥാപനം നടത്തിയ പാക്കിസ്ഥാനി മുഹമ്മദ് ഖാസിം മുഹമ്മദ് ഹാശിം, ഇതിനു വേണ്ട ഒത്താശകൾ ചെയ്തുകൊടുത്ത സൗദി പൗരന്മാരായ മിശ്അൽ ബിൻ അലി അൽറശീദി, സ്വാലിഹ് ബിൻ മുഹമ്മദ് അൽഈദ്, അബ്ദുറഹ്മാൻ ബിൻ സ്വാലിഹ് അൽതുവയ്യാൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. മിശ്അൽ അലി അൽറശീദി കോൺട്രാക്ടിംഗ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ മറവിലാണ് സൗദി പൗരന്മാരുടെ സഹായത്തോടെ പാക്കിസ്ഥാനി ബിനാമി സ്ഥാപനം നടത്തിയിരുന്നത്.
സൗദി പൗരന്മാർക്കും പാക്കിസ്ഥാനിക്കും പിഴ ചുമത്തിയ കോടതി ബിനാമി സ്ഥാപനം അടച്ചുപൂട്ടാനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കാനും ഉത്തരവിട്ടു. ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് സൗദി പൗരന്മാർക്ക് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. ശിക്ഷ പൂർത്തിയാക്കിയ ശേഷം പാക്കിസ്ഥാനിയെ സൗദിയിൽ നിന്ന് നാടുകടത്താനും പുതിയ തൊഴിൽ വിസയിൽ രാജ്യത്ത് വീണ്ടും പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്താനും കോടതി വിധിച്ചു. നിയമ ലംഘകരുടെ പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും കുറ്റക്കാരുടെ ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യാനും കോടതി ഉത്തരവിട്ടു.
അൽഖസീമിൽ ഈത്തപ്പഴ വ്യാപാര മേഖലയിൽ ബിനാമി സ്ഥാപനങ്ങൾ നടത്തിയ ഏതാനും വിദേശികളെയും ഇതിനു കൂട്ടുനിന്ന സൗദി പൗരന്മാരെയും കഴിഞ്ഞ മാസങ്ങളിൽ കോടതികൾ ശിക്ഷിച്ചിരുന്നു. ഈ ശിക്ഷാ വിധികൾ വാണിജ്യ മന്ത്രാലയം പരസ്യപ്പെടുത്തിയിട്ടുണ്ട്.
ബിനാമി ബിസിനസ് സ്ഥാപനങ്ങളെ കുറിച്ച് 1900 എന്ന നമ്പറിൽ കംപ്ലയിന്റ്‌സ് സെന്ററിൽ ബന്ധപ്പെട്ടോ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ് വഴിയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ എല്ലാവരും അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. നിയമ ലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴയുടെ 30 ശതമാനം വരെ ബിനാമി ബിസിനസുകളെ കുറിച്ച് അറിയിക്കുന്നവർക്ക് പാരിതോഷികമായി കൈമാറും. ബിനാമി കേസ് പ്രതികൾക്ക് 50 ലക്ഷം റിയാൽ വരെ പിഴ ചുമത്താൻ ബിനാമി ബിസിനസ് വിരുദ്ധ നിയമം അനുശാസിക്കുന്നുണ്ട്.