വാളയാറിൽ പിച്ചിച്ചീന്തപ്പെട്ട് കൊല ചെയ്യപ്പെട്ട രണ്ടു ദളിത് കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ നീതിക്കായുള്ള പോരാട്ടം തുടരുകയാണ്. കഴിഞ്ഞ ദിവസം അവർ സെക്രട്ടറിയേറ്റിനു പടിക്കൽ സത്യഗ്രഹം നടത്തി. ഏതാനും ദിവസം മുമ്പ് എറണാകുളത്ത് ഗാന്ധി പ്രതിമക്കു മുന്നിലായിരുന്നു അവർ ഇരുന്നതെങ്കിൽ കഴിഞ്ഞ ദിവസം അയ്യങ്കാളി പ്രതിമക്കു മുന്നിൽ പുഷ്പാർച്ചന അർപ്പിച്ചാണ് അവർ സമരത്തിനെത്തിയത്. യു.പിയിൽ നടന്ന ഹീനമായ ബലാൽസംഗത്തിലും കൊലപാതകത്തിലും വീട്ടുകാരുടെ സമ്മതമില്ലാതെ അർധരാത്രി മൃതദേഹം കത്തിച്ചുകളഞ്ഞതിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളോടൊപ്പം കേരളത്തിലും പ്രതിഷേധങ്ങൾ നടക്കുമ്പോഴാണ് വാളയാർ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ പോരാട്ടം തുടരുന്നത്. യു.പിയിലെ കിരാത സംഭവങ്ങളോടും അതിനോടുള്ള സർക്കാരിന്റെ നിലപാടിനോടും പ്രതിഷേധമുവള്ളവർ അതു പ്രകടിപ്പിക്കേണ്ടത് സമാനമായ ഈ സംഭവത്തോടും നീതിക്കായുള്ള പോരാട്ടത്തോടും ഐക്യപ്പെട്ടാണ്. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ, സ്വന്തം മുറ്റത്തു നടന്ന സംഭവത്തിൽ അത്തരമൊരു പ്രതിഷേധം കേരളത്തിൽ നടക്കുന്നില്ല.
ജിഷ സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് കേരളം പൂർണമായും മുക്തമാകുന്നതിനു മുമ്പായിരുന്നു പാലക്കാട് ജില്ലയിൽ സഹോദരിമാരായ 2 ദളിത് പെൺകുട്ടികളെ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടത്. 2018 ജനുവരി 13 നായിരുന്നു മൂത്ത കുട്ടി മരിച്ചത്. രണ്ടാമത്തെ കുട്ടി മാർച്ച് 4 നും. 11, 9 വയസ്സുള്ള കുട്ടികളാണ് മരിച്ചത്. പെൺകുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ പോസക്‌സോ ചുമത്തിയില്ല. സംഭവത്തിൽ പ്രതികളായ ബന്ധു ഉൾപ്പെടെയുളള 4 പേർ പോലീസ് പിടിയിലായിരുന്നു. എന്നാൽ കുട്ടികൾ ആത്മഹത്യ ചെയ്തതല്ലെന്നും കൊന്നു കെട്ടിത്തൂക്കിയതാണെന്നുമാരോപിച്ച് വിവിധ ദളിത് സംഘടനകൾ പ്രക്ഷോഭത്തിനിറങ്ങി. എട്ടടി ഉയരത്തിലാണ് വീടിന്റെ ഉത്തരം സ്ഥിതി ചെയ്യുന്നത്. കട്ടിലിൽ കയറി നിന്നാൽ പോലും കൈയെത്താത്ത ഉയരത്തിലാണ് ഇത്. ആദ്യ പെൺകുട്ടിയുടേത് ആത്മഹത്യയാണെന്നും രണ്ടാമത്തേതിൽ ദുരൂഹതയുണ്ടെന്നുമായിരുന്നു പോലീസ് നിലപാട്. എന്നാൽ കൊലപാതകം തെളിയിക്കുന്നതിനാവശ്യമായ തെളിവുകൾ ഒന്നും അന്വേഷണ സംഘത്തിന് ലഭിച്ചില്ലെന്നും പോലീസ് പറഞ്ഞു.
എന്തായാലും ഈ സംഭവത്തിനു ശേഷം നിരവധി ദളിത് സംഘടനകളുടെ പ്രവർത്തകർ വാളയാറിലെത്തി പല രീതിയിലുള്ള പ്രക്ഷോഭങ്ങളും നടത്തി. എന്നാൽ എല്ലാവരേയും ഞെട്ടിച്ച സംഭവങ്ങളാണ് പിന്നീടുണ്ടായത്. കേസ് തെളിയിക്കാനായില്ലെന്നു ചൂണ്ടിക്കാട്ടി പ്രതികളെ വെറുതെ വിടുകയാണ് കോടതി ചെയ്തത്. സത്യത്തിൽ പ്രതികൾക്ക് വേണ്ടി കേസ് അട്ടിമറിക്കുന്നതിൽ പോലീസും പ്രോസിക്യൂഷനും ഒരുപരിധി വരെ കോടതിയും പങ്കുവഹിക്കുകയായിരുന്നു. കുറ്റവാളികൾ കൺമുന്നിൽ തന്നെയുണ്ടായിട്ടും കൊലക്കുറ്റം ചുമത്തിയില്ല. കേവലം ഒരു മീറ്ററിലധികം മാത്രം പൊക്കമുള്ള 9 വയസ്സുകാരി ബാലിക അതിന്റെ എത്രയോ കൂടുതൽ ഉയരത്തിലുള്ള ഉത്തരത്തിൽ തൂങ്ങി മരിക്കാൻ പ്രേരിപ്പിച്ചു എന്നതാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം.
കൊലക്കുറ്റത്തിന് പകരം (302 ാം വകുപ്പ്) ആത്മഹത്യാ പ്രേരണ (305) ചുമത്തി അന്വേഷണം വഴിതിരിച്ചുവിട്ടാണ് കുറ്റപത്രമുണ്ടാക്കിയത്. മതിയായ തെളിവുകൾ ഹാജരാക്കാതെ ബലാൽസംഗവും (376 ാം വകുപ്പ്) കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട ചില വകുപ്പുകളും ഉൾപ്പെടുത്തി. കൊലപാതകത്തിനുള്ള വകുപ്പ് ഒഴിവാക്കിയതുപോലെ, മറ്റ് വകുപ്പുകളിലൊന്നും മതിയായ തെളിവുകൾ ഹാജരാക്കിയില്ല. കുട്ടികളുടെ സമ്മതത്തോടെയാവും ബലാൽക്കാരം എന്നു പോലും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇണഇ ചെയർമാൻ തന്നെ പ്രതിക്കായി ഹാജരായി. തികച്ചും യുക്തിരഹിതമായി പ്രോസിക്യൂഷനും പ്രതിഭാഗവും കോടതിയും പരസ്പരം കണ്ണിറുക്കി മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീർത്തു. അക്കാര്യം കോടതിക്കു പോലും മനസ്സിലായി. ഇതൊക്കെ തന്നെയാണല്ലോ ഇപ്പോൾ യു.പിയിലും നടക്കുന്നത്. അവിടെ നടന്ന പോലെ രണ്ടു കുട്ടികളുടെയും ശവശരീരങ്ങൾ പൊതുശ്മശാനത്തിൽ കത്തിച്ചു കളയാൻ പോലീസ് അമിതാവേശം കാട്ടിയെന്നും മാതാപിതാക്കൾ പറയുന്നു.
വാസ്തവത്തിൽ വാളയാറിലെ ദളിത് പെൺകുട്ടികൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ടപ്പോൾ ഉണരാതിരുന്ന കേരള മനഃസാക്ഷി അൽപമെങ്കിലും പ്രതികരിക്കാൻ ശ്രമിച്ചത് കോടതി വിധി പുറത്തുവന്ന ശേഷമായിരുന്നു. തുടർന്ന് വാളയാറിലേക്ക് സമരപ്രവാഹങ്ങളായിരുന്നു. പാലക്കാട് എസ്.പി ഓഫീസിലേക്ക് മാർച്ച് നടന്നു. യുഡിഎഫ് ജില്ലാ ഹർത്താലും നടത്തി. സംസ്ഥാനമുടനീളം പ്രകടനങ്ങൾ നടന്നു. എന്നാൽ കോടതിയുടെ വാദം ആവർത്തിക്കുകയായിരുന്നു ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ആദ്യം ചെയ്തത്. സമരങ്ങളും സമ്മർദങ്ങളും ശക്തമായപ്പോൾ വ്യാജമായി കെട്ടിച്ചമച്ച കുറ്റപത്രം തള്ളി, കൊലക്കുറ്റം ചുമത്തുന്ന പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യം തള്ളി, ജുഡീഷ്യൽ അന്വേഷണത്തിനാണ് സർക്കാർ ഉത്തരവിട്ടത്. എന്നാൽ സിബിഐ അന്വേഷണം തന്നെ വേണമെന്ന നിലപാടിലാണ് കുട്ടികളുടെ കുടുംബവും വിവിധ ദളിത് - സ്ത്രീ സംഘടനകളും. അതിന്റെ ഭാഗമായി വിവിധ ദളിത് - സ്ത്രീ സംഘടനകളുനടെ നേതൃത്വത്തിൽ പ്രക്ഷോഭം തുടർന്നു. കോവിഡ് രൂക്ഷമായപ്പോഴാണ് സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തൽ പൊളിച്ചത്. കേസ് അട്ടിമറിച്ച ഡിവൈ.എസ്.പി സോജനെ സർവീസിൽ നിന്നും നീക്കം ചെയ്യുക എന്ന ആവശ്യത്തിനു നേരെ മുഖം തിരിച്ച് അയാൾക്ക് പ്രൊമോഷൻ നൽകുകയാണ് കോവിഡ് കാലത്ത് സർക്കാർ ചെയ്തത്. കൂടാതെ ഐഎഎസ് നൽകാനും ശുപാർശ നൽകി.
വാസ്തവത്തിൽ ഇതൊക്കെ തന്നെയല്ലേ ഹാഥ്‌റസിലും നടന്നത്? താൻ ബലാൽസംഗം ചെയ്യപ്പെട്ടുവെന്ന് ആ പെൺകുട്ടിയുടെ അന്ത്യമൊഴി പോലും പരിഗണിക്കാതെ പോലീസ് പ്രതികൾക്കൊപ്പം നിന്ന് ആ കുടുംബത്തെ അധിക്ഷേപിക്കുകയാണ്. സ്ഥലത്താകെ ഭീകരാവസ്ഥയും സൃഷ്ടിച്ചു. മാധ്യമ പ്രവർത്തകർക്കു നേരെ പോലും യുഎപിഎ പ്രയോഗിച്ചു. എന്തു വില കൊടുത്തും ദളിത് പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് കൊന്നുകളഞ്ഞവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് യു.പി സർക്കാരും പോലീസും. അതിൽ പ്രതിഷേധിക്കണം. അതേസമയം അതു തന്നെയാണ് മൂന്നു വർഷമായി കേരളത്തിലും നടക്കുന്നത്. ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ നീതിക്കായി ഇപ്പോഴും പോരാടുകയാണെന്നും മറക്കരുത്. ആ പോരാട്ടത്തോട് ഐക്യപ്പെടാതെ ഹാഥ്‌റസിനെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നതിൽ ഒരർത്ഥവുമില്ല എന്നും തിരിച്ചറിയണം.