Sorry, you need to enable JavaScript to visit this website.

സൂപ്പർ മാർക്കറ്റുകളിൽ സൗദിവൽക്കരണം: കൺസൾട്ടൻസി സഹായം തേടുന്നു

റിയാദ് - സൂപ്പർ മാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും ആദ്യ ഘട്ട സൗദിവൽക്കരണം നടപ്പാക്കാൻ കൺസൾട്ടൻസി സേവനം പ്രയോജനപ്പെടുത്താൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചതായി റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ അടുത്ത വർഷാവസാനത്തോടെ സൂപ്പർ മാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും 17,000 സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ലക്ഷ്യസാക്ഷാൽക്കാരം ഉറപ്പു വരുത്തുന്ന നിലക്ക് തൊഴിൽ രീതിശാസ്ത്ര അവലോകനം, സൗദിവൽക്കരണ പദ്ധതി വികസനം, സ്വകാര്യ മേഖലക്കും ഉദ്യോഗാർഥികൾക്കുമുള്ള പ്രോത്സാഹനങ്ങൾ നിർണയിക്കൽ, സൗദിവൽക്കരണത്തിന് സ്വകാര്യ മേഖലയുമായി ഒപ്പുവെക്കുന്ന കരാറുകളുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾ വികസിപ്പിക്കൽ എന്നീ ചുമതലകളാണ് കൺസൾട്ടൻസി വഹിക്കുക. 


സൗദിവൽക്കരണ പദ്ധതി നടപ്പാക്കുന്നതിൽ പങ്കാളിത്തം വഹിക്കാൻ അനുയോജ്യമായ, സൂപ്പർ മാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ് മേഖലയിൽ ഏറ്റവും വലിയ വളർച്ച കൈവരിക്കുന്ന കമ്പനികൾ നിർണയിക്കുന്ന ചുമതലയും നിയമന പ്രക്രിയ മാനേജ്‌മെന്റും വഹിക്കുന്ന കൺസൾട്ടൻസി 
ഉദ്യോഗാർഥികളെയും തൊഴിലവസരങ്ങളെയും ബന്ധിപ്പിക്കുകയും ചെയ്യും. സൗദിവൽക്കരണ പദ്ധതിയുടെ ഭാഗമായി നിയമന പ്രക്രിയകളുടെ കാര്യക്ഷമത ഉറപ്പു വരുത്തുകയും ജോലിയിൽ നിയമിച്ചുകൊണ്ട് ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകുകയും ചെയ്യും. 


സ്വദേശികൾക്ക് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ കഴിയുന്ന മേഖലയാണ് ചില്ലറ വ്യാപാര മേഖല. ഈ മേഖലയിൽ ചുരുങ്ങിയത് 20 ലക്ഷം ജീവനക്കാരുണ്ടെന്നാണ് കണക്കാക്കുന്നത്. മൂന്നര ലക്ഷത്തോളം സൗദികളും ചില്ലറ വ്യാപാര മേഖലയിൽ ജോലി ചെയ്യുന്നു. കുറഞ്ഞ വേതനവും ദീർഘമായ തൊഴിൽ സമയവും അടക്കമുള്ള വ്യത്യസ്ത വെല്ലുവിളികൾ ചില്ലറ വ്യാപാര മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾ നേരിടുന്നു. 
100 മുതൽ 500 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള 10,000 ത്തിലേറെ സൂപ്പർ മാർക്കറ്റുകളും 500 ചതുരക്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള 1299 ഹൈപ്പർ മാർക്കറ്റുകളും രാജ്യത്തുണ്ട്. ഇവിടങ്ങളിൽ 1,53,000 ത്തിലേറെ പേർ ജോലി ചെയ്യുന്നു. ഇക്കൂട്ടത്തിൽ 35 ശതമാനം പേർ സ്വദേശികളാണ്. സൗദിയിൽ ചില്ലറ വ്യാപാര മേഖലയിൽ പ്രതിവർഷം 40,000 കോടി റിയാലിന്റെ വിൽപന നടക്കുന്നുണ്ടെന്നാണ് കണക്ക്.
 

Latest News