Sorry, you need to enable JavaScript to visit this website.

ഏറ്റവും വലിയ മരുപ്പച്ചയെന്ന പദവി അൽഹസക്ക് സ്വന്തം

അൽഹസ മരുപ്പച്ച

ദമാം - ലോകത്തെ ഏറ്റവും വലിയ മരുപ്പച്ചയെന്ന പദവിയുമായി അൽഹസ ഗിന്നസ് ബുക്കിൽ. കൂറ്റൻ ഭൂഗർഭജല സ്രോതസ്സിനെ അവലംബിക്കുന്ന 280 കുഴൽ കിണറുകളിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് 25 ലക്ഷം ഈത്തപ്പനകൾ അൽഹസ ശാദ്വല ഭൂമിയിൽ വളരുന്നു. അൽഹസ മരുപ്പച്ചയുടെ വിസ്തീർണം 85.4 ചതുരശ്ര കിലോമീറ്ററാണ്. അൽഹസ മരുപ്പച്ചയെ കുറിച്ച് ഗിന്നസ് ബുക്കിന് പരിചയപ്പെടുത്തിയത് ഹെറിറ്റേജ് കമ്മീഷനാണ്. 


യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ നേരത്തെ അൽഹസയെ ഉൾപ്പെടുത്തിയിട്ടുണ്ട്. അൽഉലയിലെ മദായിൻ സ്വാലിഹും ദിർഇയ്യയിലെ അൽതുറൈഫ് ഡിസ്ട്രിക്ടും ഹിസ്റ്റൊറിക് ജിദ്ദയും ഹായിലിലെ ജുബ്ബയിലും ശുവൈമിസിലുമുള്ള ശിലാചിത്ര പ്രദേശങ്ങളും ഇതേപോലെ യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. പരിസ്ഥിതി സമൃദ്ധിക്കും പ്രകൃതി പൈതൃകത്തിനും പുറമെ അൽഹസക്ക് ചരിത്ര, സാംസ്‌കാരിക സമ്പന്നതയുമുണ്ട്. നിരവധി മനുഷ്യ നാഗരികതകൾ അൽഹസയിൽ കഴിഞ്ഞുപോയിട്ടുണ്ട്. അറേബ്യൻ ഉപദ്വീപിനെ ലോകവുമായി ബന്ധിപ്പിക്കുന്ന തന്ത്രപരമായ കണ്ണിയായിരുന്നു അൽഹസ. നിരവധി ദേശീയ പൈതൃക കേന്ദ്രങ്ങൾ അൽഹസയിലുണ്ട്. അൽഹസയിലെ മനുഷ്യവാസ ചരിത്രത്തിന് ആയിരക്കണക്കിന് വർഷം പഴക്കമുണ്ട്. ലോകത്ത് മണൽ കൊണ്ട് ചുറ്റപ്പെട്ട ഏറ്റവും വലിയ ഈത്തപ്പന മരുപ്പച്ചയാണ് അൽഹസ ഈത്തപ്പന മരുപ്പച്ച. 


കണ്ണാടി ചില്ലുകൾ ഉപയോഗിച്ച് പുറംഭാഗം മറച്ച ലോകത്തെ ഏറ്റവും വലിയ കെട്ടിടം എന്നോണം അൽഉലയിലെ മറായാ തിയേറ്റർ കഴിഞ്ഞ വർഷം ഗിന്നസ് ബുക്കിൽ ഉൾപ്പെടുത്തിയിരുന്നു. സൗദിയിൽ നിന്നുള്ള മറ്റു നിരവധി നേട്ടങ്ങളും ഗിന്നസ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അറബ് ലോകത്ത് ഗിന്നസ് ബുക്കിൽ ഏറ്റവും കൂടുതൽ റെക്കോർഡുകൾ സ്ഥാപിച്ച രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യ. 

Latest News