റിയാദ് - കമ്പനികൾക്കും വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്കുമിടയിൽ ആരോഗ്യകരമായ മത്സരം ഉറപ്പു വരുത്തുന്ന കോംപറ്റീഷൻ നിയമം ലംഘിച്ചതിന് പെപ്സി കമ്പനിക്ക് ഒരു കോടി റിയാൽ പിഴ ചുമത്തിയതായി ജനറൽ അതോറിറ്റി ഫോർ കോംപറ്റീഷൻ അറിയിച്ചു. ശീതളപാനീയ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റൊരു കമ്പനി അതോറിറ്റിയെ അറിയിക്കാതെ സ്വന്തമാക്കിയതിനും വിപണികൾ പങ്കിട്ടെടുക്കുന്നതിന് മറ്റു കമ്പനികളുമായി ഏകോപനം നടത്തിയതിനുമാണ് പെപ്സികോ സർവീസസ് കമ്പനി എൽ.എൽ.സിക്ക് പിഴ ചുമത്തിയത്.
ഓരോ നിയമ ലംഘനത്തിനും 50 ലക്ഷം റിയാൽ വീതമാണ് കമ്പനിക്ക് പിഴ ചുമത്തിയത്. പിഴ ചുമത്താനുള്ള അതോറിറ്റി തീരുമാനത്തിനെതിരെ പെപ്സി കമ്പനി അഡ്മിനിസ്ട്രേറ്റീവ് കോടതിയിൽ അപ്പീൽ നൽകിയിരുന്നു. അഡ്മിനിസ്ട്രേറ്റീവ് കോടതിയും അഡ്മിനിസ്ട്രേറ്റീവ് അപ്പീൽ കോടതി അതോറിറ്റി തീരുമാനം ശരിവെച്ചതോടെ വിധി അന്തിമമാവുകയായിരുന്നു. കമ്പനിയുടെ പേരുവിവരങ്ങളും കമ്പനി നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും പെപ്സി കമ്പനിയുടെ ചെലവിൽ പരസ്യം ചെയ്യാനും വിധിയുണ്ട്.