തിരുവനന്തപുരം - 'ഇനി ഒരു അമ്മയ്ക്കും ഈ ഗതി വരുത്തരുതേ' എന്ന നിലവിളിയോടെയാണ് വാളയാറിൽ ലൈംഗിക പീഡനത്തിന് ഇരയായ രണ്ട് പെൺകുട്ടികളുടെ അമ്മ സെക്രട്ടറിയേറ്റിന് മുന്നിൽ സത്യഗ്രഹമിരുന്നത്. ക്രൂരമായ ലൈംഗിക പീഡനത്തെ തുടർന്ന് ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്ത വാളയാർ കേസിലെ മുഴുവൻ പ്രതികൾക്കും ശിക്ഷ ഉറപ്പാക്കുക, കേസന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ് ഫോറത്തിന്റെ നേതൃത്വത്തിലുള്ള സത്യഗ്രഹം.
പെൺകുട്ടികളുടെ അച്ഛനും ഒപ്പമുണ്ടായിരുന്നു. മരണം വരെ നീതിക്കായി പോരാടുമെന്ന് കുട്ടികളുടെ കുടുംബം പറഞ്ഞു. ആദ്യം മുതൽ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർ പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമിച്ചത്. ആ ഉേദ്യാഗസ്ഥർ ഇപ്പോഴും സുരക്ഷിതരായി കഴിയുകയാണ്. കേസ് തുടക്കത്തിൽ അന്വേഷിച്ച വാളയാർ എസ്.ഐ പി.സി.ചാക്കോ, പിന്നീട് അന്വേഷണത്തിന് നേതൃത്വം കൊടുത്ത അന്നത്തെ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സോജൻ എന്നിവരെ അടക്കം സർവീസിൽ നിന്ന് പുറത്താക്കണം. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഡിവൈ.എസ്.പി സോജന് സ്ഥാനക്കയറ്റം നൽകാനുളള തീരുമാനം സർക്കാർ പിൻവലിക്കണം. അന്വേഷണ ഉദേ്യാഗസ്ഥരെക്കുറിച്ച് ആരോപിച്ച കാര്യങ്ങൾ തന്നെയാണ് ജുഡീഷ്യൽ അന്വേഷണ കമ്മീഷനും കണ്ടെത്തിയിട്ടുള്ളത്. കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ച് മാസങ്ങളായിട്ടും നടപടിയുണ്ടായില്ലെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.
വി.എസ്.അച്യുതാനന്ദന്റെ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി കെ.എം. ഷാജഹാൻ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. ഉത്തർപ്രദേശിലെ സംഭവത്തിൽ പ്രതികരിക്കുന്ന പ്രബുദ്ധരായ കേരളത്തിലെ മലയാളികൾ വാളയാർ കാണാതെ പോകുകയാണെന്ന് ഷാജഹാൻ പറഞ്ഞു. നരാധമന്മാരാൽ രണ്ട് പെൺകുട്ടികൾ കൊല്ലപ്പെട്ടിട്ടും യഥാർഥ പ്രതികളെ പിടികൂടാതിരുന്നിട്ടും കേരളത്തിന്റെ മനസ്സാക്ഷി വിങ്ങുന്നില്ല. കേസ് അന്വേഷണം അട്ടിമറിച്ച സോജനെ സർവീസിൽ നിന്നും പുറത്താക്കുന്നതിനു പകരം എസ്.പിയായി സ്ഥാനക്കയറ്റം കൊടുത്തിരിക്കുകയാണ് ഈ സർക്കാർ. വിട്ടുവീഴ്ചയില്ലാത്ത സ്ത്രീ സുരക്ഷ എന്നു പറഞ്ഞ് അധികാരത്തിൽ വന്നവരാണ് ഇത് ചെയ്യുന്നതെന്ന് ഓർക്കണമെന്നും കെ.എം ഷാജഹാൻ പറഞ്ഞു.