പത്തനംതിട്ട- തുലാമാസ പൂജക്ക് സന്നിധാനത്തേക്ക് തീര്‍ഥാടകരെ പ്രവേശിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളില്‍ ശനിയാഴ്ച തീരുമാനം ഉണ്ടായേക്കും. രാവിലെ 10ന് ദേവസ്വം മന്ത്രിയും 11.30ന് ജില്ലാ കലക്ടറും യോഗം വിളിച്ചിട്ടുണ്ട്. 16 മുതല്‍ 21 വരെയാണ് തുലാമാസ പൂജകള്‍.
ദിവസം 250 പേര്‍ക്ക് ദര്‍ശനം അനുവദിക്കും. പോലീസിന്റെ വെര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്തു വരുന്നവര്‍ക്കു മാത്രമാണ് ദര്‍ശനം. 48 മണിക്കൂര്‍ മുന്‍പ് പരിശോധന നടത്തികോവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മാത്രമേ വെര്‍ച്വല്‍ ക്യു ബുക് ചെയ്യാന്‍ പറ്റൂ.
ഇങ്ങനെ ദര്‍ശനത്തിനു വരുന്നവര്‍ക്ക് നിലയ്ക്കലില്‍ വീണ്ടും ആന്റിജന്‍ പരിശോധന നടത്തി കടത്തി വിടും. എന്നാല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് മൂന്നാം ദിവസം വീണ്ടും ആന്റിജന്‍ പരിശോധന നടത്തുന്നതിനോട് ദേവസ്വം ബോര്‍ഡിന് യോജിപ്പില്ല. ഇക്കാര്യം ഇന്നത്തെ യോഗത്തില്‍ ഉന്നയിക്കും.
ശബരിമല പാതയില്‍ പ്ലന്തോട് ഭാഗത്ത് മണ്ണാരക്കുളഞ്ഞി ചാലക്കയം പമ്പ റോഡ് പിളര്‍ന്നതിനാല്‍ ഗതാഗതം നിരോധിച്ചിട്ടുണ്ട്. അതിനാല്‍ എങ്ങനെ തീര്‍ഥാടകരെ പമ്പയിലേക്ക് കടത്തി വിടും എന്നതിനെപ്പറ്റിയും യോഗം ചര്‍ച്ച ചെയ്യും. റോഡിന്റെ തകരാര്‍ പരിഹരിക്കുന്നതിന് 1.70 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനുള്ള ടെന്‍ഡര്‍ ഇന്ന് തുറക്കും. ഇവിടെ താല്‍ക്കാലിക സംവിധാനം ഒരുക്കി അയ്യപ്പന്മാരുടെ ചെറിയ വാഹനങ്ങള്‍ കടത്തിവിടണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശം.