Sorry, you need to enable JavaScript to visit this website.

വാളയാർ പെൺകുട്ടികളുടെ കുടുംബത്തിന്  നീതി നൽകാതെ മുഖ്യമന്ത്രി വഞ്ചിച്ചു -ചെന്നിത്തല

  • യോഗിയും പിണറായിയും ഒരുപോലെ  

തിരുവനന്തപുരം- വാളയാർ പെൺകുട്ടികളുടെ കുടുംബത്തിന് നീതി വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ അവരെ വഞ്ചിക്കുകയായിരുന്നുവെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ കേസിൽ ഗുരുതരമായ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി ആദരിക്കുകയാണ് സർക്കാർ ചെയ്തത്. ഇക്കാര്യത്തൽ യോഗി ആദിത്യനാഥും പിണറായി വിജയനും തമ്മിൽ എന്ത് വ്യത്യാസമാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. വാളയാർ പെൺകുട്ടികൾക്ക് നീതി തേടി  സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന അവരുടെ മാതാപിതാക്കളെ സന്ദർശിച്ച  ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  


പെൺകുട്ടികളുടെ മതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടപ്പോൾ നൽകിയ ഉറപ്പുകളൊന്നും പാലിച്ചില്ല. ഈ ഹീനമായ കൊലപാതകത്തിൽ അന്വേഷണം അട്ടിമറിച്ചു എന്നാണ് ജുഡീഷ്യൽ കമ്മീഷൻ കണ്ടെത്തിയത്. ദേശീയ ബാലാവകാശ കമ്മീഷൻ തെളിവെടുപ്പ് നടത്തിയപ്പോൾ അത് ഒഴിവാക്കുന്നതിനായി മാതാപിതാക്കളെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു മുഖ്യമന്ത്രി. പുനരന്വേഷണത്തെ എതിർക്കില്ല, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും തുടങ്ങിയ ഉറപ്പുകൾ അന്ന് ഈ കുടുംബത്തിന് നൽകിയെങ്കിലും അതെല്ലാം പാഴ്‌വാക്കായി.
വിചിത്രമായ നടപടികളാണ് ഈ സർക്കാർ ചെയ്യുന്നത്. വീഴ്ച വരുത്തിയതിനു ആദ്യം സസ്‌പെൻഷനിലായ എസ്.ഐക്ക് പ്രൊമോഷൻ നൽകി സർക്കിൾ ഇൻസ്‌പെക്ടർ ആക്കി. കേസിനു മേൽനോട്ടം വഹിക്കുകയും അശ്ലീല പരാമർശത്തിലൂടെ വീണ്ടും കുട്ടികളെ അപമാനിക്കുകയും ചെയ്ത് ഡിവൈ.എസ്.പിക്ക് പ്രമോഷൻ നൽകി എസ്.പിയാക്കി. ഇദ്ദേഹത്തിന് ഇപ്പോൾ ഐ.പി.എസ് നൽകണം എന്ന ശുപാർശ നൽകി കേന്ദ്രത്തിന് അയച്ചിരിക്കുകയാണ്.


ഫോറൻസിക് റിപ്പോർട്ടുകൾ എങ്ങനെ അട്ടിമറിക്കാമെന്നതിനെക്കുറിച്ചാണ് ഇപ്പോൾ സർക്കാർ ചിന്തിക്കുന്നത്. സെക്രട്ടറിയേറ്റിൽ തീപ്പിടിത്തം ഉണ്ടയതിന്റെ ഫോറൻസിക് റിപ്പോർട്ട് വന്നു. ഫോറൻസിക് റിപ്പോർട്ടുകൾ സർക്കാരിനെതിരായത് കൊണ്ട് ഇനി അവയെ എങ്ങനെ സർക്കാരിന് അനുകൂലമാക്കാം എന്നാണ് ചിന്തിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഫോറൻസിക്കിന്റെ തലപ്പത്ത് വെച്ച് കൊണ്ട് എങ്ങനെ ആ റിപ്പോർട്ടുകൾ തങ്ങൾക്കനുകൂലമാക്കാമെന്നാണ് സർക്കാർ ചിന്തിക്കുന്നത്.
വാളയാർ സംഭവം കേരളത്തിന് തന്നെ അപമാനമാണ്.   
വാളായാർ പെൺകുട്ടികളുടെ വീട്ടിൽ താൻ പോയതാണ്. ഒരു കാരണവാശാലും ആത്മഹത്യക്കുള്ള ഒരു കാരണവും അവിടെ കണ്ടില്ല. കുട്ടികളുടെ മാതാപിതാക്കളെ തിരുവനന്തപുരത്ത് ക്ഷണിച്ച് വരുത്തി മുഖ്യമന്ത്രി കൊടുത്ത വാക്ക് എന്തുകൊണ്ട് പാലിച്ചില്ല. കേരളത്തിന്റെ മുഖ്യമന്ത്രി ആ കുടുംബത്തെ വഞ്ചിക്കുകയാണ് ചെയ്തത്.  ആ കുടുംബത്തിന്റെ കണ്ണുനീർ കേരളത്തിന്റെ കണ്ണുനീർ തന്നെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 
 

Latest News