റിയാദ്- സൗദി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഐടി മേഖലയില്‍ 36 പ്രൊഫഷനുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവശേഷി, സാമൂഹിക മന്ത്രാലയം തീരുമാനിച്ചു.
ഐ.ടി വിഭാഗത്തില്‍ നാലില്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ 25 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്.
ദുല്‍ഖഅദ് 17 (27 ജൂണ്‍ 2021)നാണ് വ്യവസ്ഥ നിലവില്‍ വരുന്നതെങ്കിലും അതിന് മുമ്പേ സ്ഥാപനങ്ങള്‍ പദവി ശരിയാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഐടി വിദ്യാഭ്യാസ മേഖലയില്‍ രാജ്യം കുതിപ്പിലാണെന്നും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പേര്‍ പഠിച്ചിറങ്ങുമെന്നും അതിനനുസരിച്ച് ഐ.ടി മേഖലയിലെ സൗദിവല്‍ക്കരണം കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രാലയം പറയുന്നു.
ഐടി ആന്റ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗ്, പ്രോഗ്രാമിംഗ് ആന്റ് ആപ്ലിക്കേഷന്‍ ഡവലപ്‌മെന്റ്, കമ്മ്യൂണിക്കേഷന്‍സ് ടെക്‌നിക്കല്‍ ആന്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് എന്നിങ്ങനെ ഐടി മേഖലയെ മൂന്നായി തിരിച്ചാണ് പുതിയ വ്യവസ്ഥ നടപ്പാക്കുന്നത്. ഇവയിലേതെങ്കിലും ഒരു മേഖലയില്‍ നാലില്‍ കൂടുതല്‍ ജീവനക്കാരുണ്ടെങ്കില്‍ 25 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കണം.
എന്നാല്‍ നാലില്‍ താഴെ ജീവനക്കാരുള്ള ചെറുകിട ഐടി, ടെലികോം കമ്പനികള്‍ക്ക് വ്യവസ്ഥ ബാധകമല്ല.
എഞ്ചിനീയറിംഗ് മേഖലയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍, ടെലി കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയര്‍, നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍, സാറ്റലൈറ്റ് നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍, റേഡിയോ ആന്റ് ടെലിവിഷന്‍ എഞ്ചിനീയര്‍, ട്രാന്‍സ്മിഷന്‍ ബ്രോഡ്കാസ്റ്റ് എഞ്ചിനീയര്‍, റേഡിയോ ആന്റ് റഡാര്‍ എഞ്ചിനീയര്‍ എന്നീ പ്രൊഫഷനുകളും പ്രോഗ്രാമിംഗ് ആന്റ് ആപ്ലിക്കേഷന്‍ മേഖലയില്‍ സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്, സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ് സ്‌പെഷ്യലിസ്റ്റ്, ബിസിനസ് അനാലിസിസ് സ്‌പെഷ്യലിസ്റ്റ്, പ്രോഗ്രാം ആന്റ് സിസ്റ്റംസ് ഡോക്യുമെന്റേഷന്‍ സ്‌പെഷ്യലിസ്റ്റ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഡാറ്റാ ബാങ്ക് സിസ്റ്റംസ് പ്രോഗ്രാമര്‍, ജനറല്‍ സിസ്റ്റം അനാലിസ്റ്റ്, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ഓഫീസ് സ്‌പെഷ്യലിസ്റ്റ്, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സ്‌പെഷ്യലിസ്റ്റ്, സിസ്റ്റംസ് ഓപറേഷന്‍ സ്‌പെഷ്യലിസ്റ്റ്, ടെക്‌നിക്കല്‍ സര്‍വീസസ് സ്‌പെഷ്യലിസ്റ്റ്, കമ്പ്യൂട്ടര്‍ ടെക്‌നീഷ്യന്‍, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ഓഫീസ് ടെക്‌നീഷ്യന്‍, സപ്പോര്‍ട്ട് ടെക്‌നീഷ്യന്‍, കമ്പ്യൂട്ടര്‍ ഓപറേറ്റര്‍, ഇലക്ട്രോണിക് കമ്പ്യൂട്ടര്‍ ഓപറേറ്റര്‍, കമ്പ്യൂട്ടര്‍ മെയ്ന്റനന്‍സ് ഇലക്ട്രോണിക്, ഇന്റര്‍നെറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ പ്രൊഫഷനുകളുമാണ് സൗദിവല്‍ക്കരണം നടത്താനിരിക്കുന്നത്. ടെക്‌നിക്കല്‍ സപ്പോര്‍ട്ട് മേഖലയില്‍ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍സ് ടെക്‌നീഷ്യന്‍, കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് ടെക്‌നീഷ്യന്‍, നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍, വയേര്‍ഡ് ആന്റ് വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍സ് ടെക്‌നീഷ്യന്‍, കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗ് ടെക്‌നീഷ്യന്‍, ടെലിഫോണ്‍ ടെക്‌നീഷ്യന്‍, കാര്‍ ഫോണ്‍ ടെക്‌നീഷ്യന്‍, ബ്രോഡ്കാസ്റ്റ് ട്രാന്‍സ്മിഷന്‍ ഇലക്ട്രോണിക് ടെക്‌നീഷ്യന്‍, ടെലിഫോണ്‍ മെയിന്റനന്‍സ് ഇലക്ട്രീഷ്യന്‍, ജനറല്‍ കമ്മ്യൂണിക്കേഷന്‍സ് ഡിവൈസസ് ഇലക്ട്രോണിക്, ഗ്രൗണ്ട് സ്റ്റേഷന്‍ റേഡിയോ ഓപറേറ്റര്‍ എന്നീ പ്രൊഫഷനുകളും സൗദിവല്‍ക്കരണത്തിന്റെ പരിധിയിലുണ്ട്. ചെറുകിട സ്ഥാപനങ്ങളില്‍ ഈ പ്രൊഫഷനുകള്‍ നിലവിലെ രീതിയില്‍ തന്നെ തുടരും.
എഞ്ചിനീയറിംഗ്, ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഡവലപ്‌മെന്റ് മേഖലയില്‍ ജോലി ചെയ്യുന്ന സൗദികള്‍ക്ക് 7000 റിയാല്‍, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് മേഖലയിലുളളവര്‍ക്ക് 5000 റിയാല്‍ എന്നിങ്ങനെയാണ് ശമ്പളം നല്‍കേണ്ടത്. ഇതില്‍ കുറഞ്ഞ ശമ്പളം നല്‍കിയാല്‍ സൗദിവല്‍ക്കരണ തോതില്‍ പരിഗണിക്കില്ല.
എല്ലാ സ്ഥാപനങ്ങളും ഒമ്പത് മാസത്തിനുള്ളില്‍ സൗദിവല്‍ക്കരണം പാലിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം സ്ഥാപനങ്ങളുടെ എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളും സസ്‌പെന്റ് ചെയ്യും. ഇതോടെ പ്രൊഫഷന്‍, സ്‌പോണ്‍സര്‍ഷിപ് മാറ്റം, പുതിയ വിസ, ഇഖാമ പുതുക്കുന്നതിനുള്ള ലേബര്‍ കാര്‍ഡ് ഇഷ്യു ചെയ്യല്‍ എന്നീ സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കപ്പെടും.