അലവി കൊണ്ടോട്ടി
ഞാനും അവളും ചേര്‍ന്നുള്ള ജീവിതം തുടങ്ങിയിട്ട് നാളെ (ഒക്ടോബര്‍ 25) മുപ്പത് വര്‍ഷം തികയുകയാണ്. സുഖ ദുഃഖങ്ങളുടെ പട്ടിക ഒരു തുലാസിന്റെ ഇരു തട്ടുകളില്‍ വെച്ചാല്‍, പരീക്ഷണങ്ങള്‍ ഒട്ടനവധി നേരിടേണ്ടി വന്നു. എല്ലാ പരീക്ഷണങ്ങളേയും ദൈവാനുഗ്രഹത്താല്‍ വിജയിക്കുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.
നാട്ടില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെ, പോലീസ് സ്‌റ്റേഷനില്‍ വെച്ചായിരുന്നു പ്രവാസ ജീവിതം തുടങ്ങാനുള്ള എന്റെ തീരുമാനം.
കൊണ്ടോട്ടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി, കൊണ്ടോട്ടി യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹി എന്നീ നിലകളില്‍ സജീവമായി സംഘടന പ്രവര്‍ത്തനവും കൊണ്ടോട്ടി അങ്ങാടിയിലെ ചെറിയ കച്ചവടവും നോക്കി നടത്തിയിരുന്ന കാലമായിരുന്നു അത്.
കൊണ്ടോട്ടി തങ്ങള്‍സ് റോഡില്‍ സ്വര്‍ണക്കട നടത്തിയിരുന്ന സി.അബ്ദുസമദിനെ തൊണ്ടിമുതല്‍ വാങ്ങി എന്നതിന്റെ പേരില്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയതറിഞ്ഞ് ഏകോപന സമിതി ഭാരവാഹികളോടൊപ്പം സ്റ്റേഷനില്‍ ചെന്നതായിരുന്നു.
കള്ളനെ ചോദ്യം ചെയ്യുന്നതിനു പകരം സമദില്‍ മറ്റു കുറ്റങ്ങള്‍ അടിച്ചേല്‍പിക്കുന്നത് കണ്ടപ്പോള്‍ നോക്കി നില്‍ക്കാനായില്. ശക്തമായ പ്രതിഷേധം അറിയിച്ചു. കള്ളനേയും കൊണ്ട് വന്ന പോലീസ് ഉദ്യോഗസ്ഥന്‍ അകത്തേക്ക് വിളിച്ചു.
അകത്തെത്തിയപാടെ എന്തടാ നീ പറഞ്ഞേ എന്ന് പറഞ്ഞ് അടിക്കാനോങ്ങിയ പോലീസുകരനെ തടുത്തത് അദ്ദേഹത്തിനിഷ്ടപെട്ടില്ല. അതിനിടയില്‍ പരിചയക്കാരനായ സ്റ്റേഷന്‍ എസ്.ഐ അദ്ദേഹത്തെ പിന്തിരിപ്പിച്ചു. പിന്നെ എന്നെ അദ്ദേഹത്തിന്റെ സ്റ്റേഷനില്‍ കൊണ്ട് പോകുന്നതിനായി പോലീസ് ജീപ്പില്‍ കയറ്റി. ഇതറിഞ്ഞ കച്ചവടക്കാരും നാട്ടുകാരും സ്റ്റേഷന്‍ ഉപരോധിച്ചു. പരസ്പരം ക്ഷമാപണം നടത്തി രാത്രി പ്രശ്‌നം അവസാനിപ്പിക്കുമ്പോള്‍ ഏകോപന സമിതിയുടെ ജില്ലാ നേതാക്കളും യു.ഡി.എഫ് നേതാക്കളും സന്നിഹിതരായിരുന്നു.
പക്ഷേ, അന്ന് സ്റ്റേഷനില്‍ കാണാനെത്തിയ ഉപ്പയുടേയും വീട്ടുകാരുടേയും നിര്‍ബന്ധമാണ് ജീവിതത്തില്‍ വഴിത്തിരിവായത്. 1992 ഫെബ്രുവരിയില്‍ വിശുദ്ധ മക്കയിലെത്തി പ്രവാസ ജീവിതം ആരംഭിച്ചു.
രാഷ്ട്രീയ, സംഘടനാ ജീവതത്തില്‍ മാത്രമല്ല, പ്രതിസന്ധികള്‍ എന്റെ കൂടപ്പിറപ്പായിരുന്നു എന്നുവേണം കരുതാന്‍. പ്രവാസം ജീവിതം അവസാനിപ്പിക്കാനുള്ള കൊതിയോടെയാണ് ഇപ്പോഴും ഞാന്‍ പ്രവാസം തള്ളിനീക്കുന്നത്. കുടുബത്തിനത്താണിയാകന്‍ മൂത്ത മകനെ സൗദിയിലെത്തിച്ചു. പക്ഷെ, ഒരു കേസില്‍ കുടുങ്ങിയ അവന്റെ നിരപരാധിത്തം തെളിയിച്ച് ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ 18 മാസങ്ങള്‍ വേണ്ടി വന്നു.
പ്രതീക്ഷയോടെ കൊണ്ടുവന്ന മകന്‍ ബന്ധമില്ലാത്ത കേസില്‍ ജയിലിലായ വാര്‍ത്ത മലയാളം ന്യൂസ് റിപ്പോര്‍ട്ടര്‍ പി.എം. മായിന്‍കുട്ടിയിലൂടെ സ്ഥിരീകരിച്ചപ്പോള്‍ ആകെ തളര്‍ന്നു പോയതായിരുന്നു. വിശുദ്ധ ഹറമില്‍ അഭയം തേടിയുള്ള പ്രാര്‍ഥനകളായിരുന്നു പിന്നീടുള്ള ദിനരാത്രങ്ങള്‍. ഒരു ദിവസം നട്ടുച്ച നേരത്ത് എവിടെ നിന്നോ ഒരു വലിയ തുമ്പി വന്ന് മിനുറ്റുകളോളം എന്റെ കൈവിരലില്‍ ഇരുന്നു. അന്ന് ഒരു അപരിചിതന്‍ എന്നോടു പറഞ്ഞു:
നിങ്ങളെന്താണോ ഉദ്ദേശിച്ചത് അത് സാധിക്കും തീര്‍ച്ച.
കല്യാണ നാളില്‍ പുഴയിലൊരാള്‍ മുങ്ങി
1987 ഒക്ടോബര്‍ 25 ഞായറാഴ്ച പുലര്‍ന്നത് മൂടിക്കെട്ടിയ ആകാശത്തോടെയാണങ്കിലും എന്റെ മനസ് നിറയെ സ്വപ്‌നങ്ങളായിരുന്നു. ഉച്ചയും കഴിഞ്ഞ് വൈകുന്നരം അങ്ങാടിയില്‍ വെച്ച് നടക്കാനുള്ള വ്യാപാരിവ്യവസായി ഏകോപനസമിതിയുടെ പൊതുസമ്മേളനവും കഴിഞ്ഞ് രാത്രിയായല്‍ ....അവളെ കാണണം, എന്ത് പറയണം......
കല്യാണത്തിന് ആളുകള്‍ എത്തിതുടങ്ങി. ഒരു മണികഴിഞ്ഞു .ഉപ്പയും അളിയന്മാരുമൊക്കെ പറയാന്‍ തുടങ്ങി 'കുഞ്ഞുട്ട്യേ പോയി മാറ്റിക്കോ... അകത്ത്‌നിന്ന് വിളി വേറെ കുഞ്ഞുട്ട്യേ അന്നെ ഇമ്മു വിളിക്കുന്നു. അകത്തെത്തിയപ്പോള്‍ ഇമ്മുവും മൂത്തമ്മയും മറ്റും. താമസിക്കേണ്ട വേഗം മറ്റിക്കോ.......ഇമ്മുവിന്റെ കല്‍പനക്ക് മുന്നില്‍ കീഴടങ്ങി കുളിച്ചു വെള്ള ഖദര്‍ തുണിയും റോസ് നിറത്തിലുള്ള ഖദര്‍ ഷര്‍ട്ടും ടൗവ്വലും അത്തറും പൂശി അണിഞ്ഞൊരുങ്ങി. മുസ്്‌ല്യാരുടെ പ്രാര്‍ത്ഥനയും കഴിഞ്ഞ് നിക്കാഹിനായി അളിയന്മാരും ബന്ധുക്കളും സുഹൃത്തുക്കളും കുട്ടികളോടുമൊപ്പം യാത്രക്കൊരുങ്ങി.മുറ്റത്ത് നിന്ന് 15 മീറ്റര്‍ അകലെയുള്ള ഇടവഴിയിലിറങ്ങി മുന്നോട്ടുള്ള നടത്തത്തിനിടയില്‍ പിറകില്‍ നിന്നൊരു വിളി 'കുഞ്ഞുട്ട്യേ ചെരുപ്പ് പഴയതാണല്ലോ ? പുതിയത് മറന്നോ ?ആ കൂട്ടത്തിലെ പലരും ഞങ്ങളെടുത്ത് വരാം എന്ന് പറഞ്ഞിട്ടും ഞാന്‍ തന്നെ പോയി പുതിയതണിഞ്ഞു. അഞ്ചാറ് ജീപ്പുകളിലായി വധുഗൃഹത്തിലേക്ക് പുറപ്പട്ടു. രാമനാട്ടുകര-ഫറോക്ക് -കടലുണ്ടി റൂട്ടിലെ മണ്ണൂര്‍ വളവില്‍നിന്ന് പുല്ലിപറമ്പിലേക്കുള്ള ചെമ്മണ്‍പാതയിലൂടെ ചെന്ന് കടലുണ്ടിപുഴയുടെ കൈവരിയായ പുല്ലികടവില്‍ വണ്ടിയില്‍ നിന്നിറങ്ങി മരപാലം കടന്നാല്‍ അവരുടെ വീട് കാണാം.
കൊണ്ടോട്ടി മുനിസിപ്പല്‍ പ്രസിഡന്റ് സി നാടികുട്ടി,ചേനേപുറത്ത് റസാക്ക് തുടങ്ങിയ ചിലര്‍ ആദ്യം പാലം കടന്ന് അക്കരെയെത്തി. പി.ഇ ആസാദ് സംഘടിപ്പിച്ച് നല്‍കിയ ക്യാമറ നാടികുട്ടിയുടെ കൈവശമായിരുന്നു. അദ്ദേഹത്തിനായിരുന്നു ഫോട്ടോ എടുക്കാനുള്ള ചുമതല. മരപ്പാലത്തിന്റെ നടുവില്‍ ഞാനും എനിക്ക് ഇരുവശങ്ങളിലും പിറകിലുമായി കുട്ടികളും മുതിര്‍ന്നവരുമൊക്കെ നിന്ന് ഫോട്ടോക്ക് ഫോസ് ചെയ്തു. ഇത്തിരികൂടി അടുപ്പിച്ച് നില്‍ക്കാന്‍ ക്യാമറാമാന്‍ പറഞ്ഞതും എല്ലാവരും ഒന്ന് അടുത്തടുത്ത് നിന്നതും ഡിം...പാലം പൊളിഞ്ഞ് മിക്കവാറും എല്ലാവരും വെള്ളത്തില്‍. വേലിയേറ്റം ആരംഭിച്ചതിനാല്‍ പുഴയില്‍ നല്ല വെള്ളമുണ്ട്. ദൈവാനുഗ്രഹത്താല്‍ കുട്ടികളാരും വെള്ളത്തില്‍ വീണില്ല. നെടിയിരുപ്പ് സ്വദേശി വി.മൊയ്തീന്‍കുട്ടി, കാളോത്ത് സ്വദേശി വടക്കേങ്ങര സൈയ്തലവി, മംഗലാപുരത്തുനിന്നും വന്ന ചെറുകാട്ട് ദേവരാജന്‍,ചുണ്ടക്കാടന്‍ ബഷീര്‍ തുടങ്ങി പലര്‍ക്കും സാരമായ പരിക്കുകള്‍ പറ്റുകയും ചിലര്‍ക്ക് പണമടങ്ങിയ പഴ്‌സ് നഷ്ടപ്പെടുകയും കൂട്ടത്തിലൊരാള്‍ക്ക് തലയില്‍ വെച്ചിരുന്ന കൃത്രിമ മുടി നഷ്ടപ്പെടുകയുമുണ്ടായി.
പാലം പൊളിഞ്ഞ് വീണ് പുതിയാപ്പിയും സംഘവും പുഴയില്‍ വീണതറിഞ്ഞ് നിമിഷനേരം കൊണ്ട് വധൂ ഗൃഹത്തിലുണ്ടായിരുന്നവരും നാട്ടുകാരും ഓടിക്കൂടി. ആരോ തോണി വെള്ളത്തിലിറക്കി. കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും സുരക്ഷിതമായി കരയിലെത്തിയിട്ടുണ്ടന്ന് ഉറപ്പ് വരുത്തി. വിളിപ്പാടകലെയുള്ള വധൂ ഗൃഹത്തിലേക്ക് പോകാനൊരുങ്ങി.
വെള്ളത്തില്‍ വീണവരില്‍ പലരുടേയും വസ്ത്രങ്ങള്‍ നനയുകയും പുതിയാപ്പിളയായ എന്റേതുള്‍പെടെ ചിലരുടേത് വൃത്തികേടാവുകയും ചെയ്തു. ഞാന്‍ ധരിച്ചിരുന്ന അതേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞിരുന്ന ചേനേപുറത്ത് റസാഖിന്റ വസ്ത്രങ്ങള്‍ എനിക്ക് നല്‍കി. അഴുക്കായ എന്റെ വസ്ത്രങ്ങള്‍ അദ്ദേഹവും ധരിച്ചു.
കൂടുതല്‍ പരിക്ക് പറ്റിയിരുന്ന ചുണ്ടക്കാടന്‍ ബഷീറിനെ അടുത്തെവിടെയോ ഉണ്ടായിരുന്ന ക്ലിനിക്കിലേക്കയച്ചു. നോക്കിയാല്‍ കാണുന്ന ദൂരത്തുള്ള വധുവിന്റെ വിട്ടിലേക്ക് പുറപ്പെട്ട് രണ്ട് മൂന്നടി മുന്നോട്ട് വെച്ചതും പിറകില്‍ നിന്നാരോ വിളിച്ചു പറയുന്നു.
പോകല്ലീ ഒരാള്‍ വെള്ളത്തില്‍ മുങ്ങിതാഴുന്നു: പുതിയാപ്പിളയായ ഞാനുള്‍പെടെ എല്ലാവരും ഒരു നിമിഷം പകച്ചുപോയി. കുറേപേര്‍ പുഴക്കരയിലേക്കോടി.ആരായിരിക്കും ? കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും ഉണ്ടന്ന് തീര്‍ച്ചപെടുത്തിയതല്ലേ ? ഒരോ ജീപ്പിലുണ്ടായിരുന്നവര്‍ ഒരോ ഗ്രൂപ്പായി നിന്ന് നോക്കി എല്ലാവരും ഉണ്ട് . പിന്നെ ആരാവും ?രക്ഷിക്കാന്‍ വന്നവരിലാരങ്കിലും ആവണം . തോണിക്കാര്‍ വന്നു. മുങ്ങിതാഴുന്നത് കണ്ട ചെറുപ്പക്കാരന്‍ ചൂണ്ടി കാണിച്ച സ്ഥലം ലക്ഷ്യമാക്കി തോണികള്‍ തുഴഞ്ഞു. ഒരാള്‍ വെള്ളത്തിലിറങ്ങി നീന്തി . അതാ ഒരാളുടെ തല പൊങ്ങി വരുന്നു. ശരിയാണ് എല്ലാവരും കണ്ടു.നിമിഷനേരം കൊണ്ട് തോണിയിലുള്ളവര്‍ തയാറായി.
തോണിയിലെ രണ്ടാമനും നീന്തിയെത്തിയ ആളും ചേര്‍ന്ന് മുങ്ങിത്താണു കൊണ്ടിരിക്കുന്ന ആളെ പിടിക്കാനൊരുങ്ങി.ആദ്യം തോണിക്കാരനാണ് ആ തലയില്‍ പിടിച്ചത്. ഒരാളെ വലിച്ചുയര്‍ത്തുവാനുള്ള സകല ശക്തിയും സംഭരിച്ചുള്ള ആഞ്ഞുള്ള വലിയുടെ നിമിഷങ്ങളില്‍ കരയിലുള്ളവര്‍ പ്രാര്‍ത്ഥനയോടെ നിശബ്ദതയിലാണ്ടു. തോണിക്കാരന്റെ കൈയിലെ മനുഷ്യനെ കണ്ടതോടെ ആര്‍പ്പ് വിളികളും കൂക്കിവിളികളും നിമിഷനേരം കൊണ്ട് പൊട്ടിച്ചിരികളായി. കാരണം ഞങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒരാളുടെ നഷ്ടപെട്ട വിഗ്ഗ് വെള്ളത്തിന്റെ ഓളത്തിനനുസരിച്ച് മുങ്ങിത്താഴ്ന്നതായിരുന്നു.
അതാണ് ഒരാളുടെ തലയായി തോന്നിയത്. എല്ലാം കഴിഞ്ഞ് വധുവിന്റെ വീട്ടിലേക്ക് പുറപ്പെടും നേരം ആരോ പതിയെ ചെവിയില്‍ മന്ത്രിച്ചു കുഞ്ഞുട്ട്യേ ഇനി അങ്ങോട്ട് പോണോ...
ആദ്യത്തെ പുറകില്‍ നിന്നുള്ള വിളിയും പിന്നെയുള്ള വഴിമടക്കവും തുടര്‍ന്നുള്ള അപകടവും മറ്റു സംംഭവങ്ങളും ലക്ഷണക്കേടുകളുടെ പരമ്പര തന്നെ ഉണ്ടായതിനാലാവാം അയാളുടെ ആ ചോദ്യം. പതിനാലാം വയസില്‍ ഉപ്പ വാങ്ങി തന്ന ഖദറിട്ട് കെ.എസ്.യു വിലൂടെ വിദ്യാഭ്യാസ രാഷ്ട്രീയ പൊതുപ്രവര്‍ത്തനം തുടങ്ങിയ എനിക്ക് അത്തരം അന്ധവിശ്വാസങ്ങളോട് പുച്ഛമായിരുന്നു.
നിക്കാഹ് കഴിഞ്ഞു.തിരിച്ച് വീട്ടിലെത്തി. അല്‍പം കഴിഞ്ഞപ്പോള്‍ മണവാട്ടിയേയും കൊണ്ടുള്ള പുതുക്കവും എത്തി. മണവാട്ടിയുടെ കൂടെ പുതുക്കത്തിന് വന്നവരൊക്കെ മടങ്ങി. വൈകുന്നേരം കൊണ്ടോട്ടി അങ്ങാടിയില്‍ വെച്ച് നടന്ന വ്യാപാരി വ്യവസായി ഏകോപന സമിതി സമ്മേളനത്തില്‍ പങ്കെടുത്തു. കൊണ്ടോട്ടി യൂണിറ്റ് കമ്മറ്റി ഭാരവാഹിയായിരുന്ന എനിക്കായിരുന്നു സ്വാഗതം പറയാനുള്ള ചുമതല. അന്ന് കണ്‍വെന്‍ഷനും പൊതുസമ്മേളനവും വെച്ചത് തന്നെ നേതാക്കള്‍ക്ക് എന്റെ കല്യാണത്തില്‍ പങ്കെടുക്കാനുള്ള സൗകര്യം കൂടി പരിഗണിച്ചായിരുന്നു.
യോഗം കഴിഞ്ഞു വീട്ടിലെത്തി. തോരാത്ത മഴ. ഇടിയും കാറ്റുമുണ്ട്. കറണ്ട് വന്നും പോയുമിരുന്നു. എന്റെ മനസ്സില്‍ സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു. എന്താ ആദ്യം അവളോട് ചോദിക്കുക.സമയം ഒമ്പത് കഴിഞ്ഞു. പുറത്ത് നല്ല മഴയാണ് എല്ലാവരും വേഗം ഭക്ഷണം കഴിച്ച് കിടന്നോളി... ആണുങ്ങളൊക്കെ ഭക്ഷണം കഴിച്ചു. മണവാട്ടിയേയും കൂട്ടി സഹോദരന്‍രഎ ഭാര്യ മുറ്റത്തേക്കിറങ്ങി.......മുറ്റത്ത് നിന്നും കൂട്ടക്കരച്ചില്‍. ഓടിചെന്ന് നോക്കിയപ്പോള്‍ രണ്ടാളും പന്തലിനടിയില്‍ . പന്തലിലെ വെള്ളം പുറത്തേക്ക് ഒഴുകി പോകാത്തതിന്റെ ഭാരം കൊണ്ട് പൊളിഞ്ഞ് വീണത് അവരുടെ തലയിലേക്കാണ്. ആര്‍ക്കും ഒന്നും പറ്റിയില്ല!
ആദ്യസല്‍ക്കാരം അവളുടെ വീട്ടില്‍. രണ്ടാം സല്‍ക്കാരത്തിന് പിതൃസഹോദരന്റെ വീട്ടിലേക്ക്. ഭാര്യാപിതാവ് റിയാദിലായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ സഹോദരനായിരുന്നു നിക്കാഹ് കഴിച്ചു തന്നത്.ഒരു ജീപ്പില്‍ ഞങ്ങള്‍ പൊളിഞ്ഞു വീണ പാലത്തിനടുത്തെത്തി.
വണ്ടിയില്‍ നിന്നിറങ്ങിയതും ഭാര്യാസഹോദരന്‍ അബ്ദുല്‍ഗഫൂര്‍ പിറകില്‍ നിന്ന് വിളിച്ചു പറയുന്നു 'അളിയാ തുണി കത്തി വലിയ ഓട്ട(ദ്വാരം)യായിരിക്കുന്നു. ദേഷ്യവും കരച്ചിലും വന്ന നിമിഷം. അവിടെ വെച്ച് യാത്ര നിര്‍ത്തിയാലോയെന്ന് പോലും തോന്നി.തോണിയില്‍ കയറി അക്കരെയെത്തി. സല്‍ക്കാര വീട്ടിലെത്തിയിട്ടും മടക്കികുത്തിയ മുണ്ട് താഴെക്ക് നിവര്‍ത്തിയില്ല. ഞങ്ങള്‍ക്കിരിക്കാന്‍ സൗകര്യം ചെയ്ത മുറിയില്‍ അപരിചിതനായ ഒരാളുണ്ടായിരുന്നു.അയാളെ തന്ത്രത്തില്‍ പുറത്തേക്കിറക്കി കതകടച്ചു. കൂടെ വന്ന നെടിയിരുപ്പ് സ്വദേശി വി.മൊയ്തീന്‍കുട്ടിയുടെ മുണ്ട് ഞാനുടുത്തു.എന്റേത് അദ്ദേഹവും.
ജീവിതത്തിലെ എല്ലാ സുഖദുഃഖങ്ങളും ഞാനും ഭാര്യയും ഒരുമിച്ച് നേരിട്ടു. മക്കയിലെ ജോലി സര്‍വലോക നാഥനുമായി അടുക്കുവാന്‍ ഏറെ സഹായിച്ചു. സന്തോഷം വന്നാലും പ്രതിസന്ധി ഉണ്ടാകുമ്പോഴും വിശുദ്ധ ഹറമില്‍ അഭയം തേടി. പ്രതിസദ്ധി ഘട്ടങ്ങളിലെല്ലാം സ്‌പോണ്‍സറുടെ പിന്തുണയും സമാധാനപ്പെടുത്തലും വേറിട്ട അനുഭവമായി.ഒ.ഐ.സി.സി ഭാരവാഹികളായ ഷാനിയാസ് കുന്നികോട്, അമിന്‍ കോതമംഗലം,സഹപ്രവര്‍ത്തകരായ മുണ്ടോടന്‍ അബൂബക്കര്‍,റഫീഖ് പറമ്പില്‍പീടിക,ഷാജി ചുനക്കര,ജിദ്ദയിലെ പി.പി ഹാഷിം,മാമദ് പൊന്നാനി എന്നിവരുടെ പ്രോത്സാഹനവും പിന്തുണയും ജീവിതത്തിലെ പല തിരിച്ചറിവുകള്‍ക്കും കാരണമായി.