Sorry, you need to enable JavaScript to visit this website.

ദമാം ഒ.ഐ.സി.സിയുടെ പ്രവർത്തനം  മാതൃകാപരം -രമേശ് ചെന്നിത്തല

ദമാം-  ഒ.ഐ.സി.സി ദമാം കമ്മിറ്റി  മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കോവിഡ് കാലത്ത് ബുദ്ധിമുട്ടിയ പ്രവാസികൾക്ക് ഭക്ഷണവും, മരുന്നും, താമസ സൗകര്യങ്ങളും, വിമാന ടിക്കറ്റുകളും ദമാം ഒ ഐ സി സി നൽകിയത് ഏറെ ശ്രദ്ധേയമായിരുന്നു. 
നാട്ടിൽ നിന്നുള്ള അഭ്യർത്ഥന മാനിച്ച് നടത്തിയ പ്രവർത്തനങ്ങളും ശ്ലാഘനീയമാണ്. നിരവധി വിമാനങ്ങൾ ചാർട്ട് ചെയ്തതും, പ്രളയ സമയത്ത് വീടുകൾ നിർമിച്ച് നൽകിയതുൾപ്പെടെ  ദമാം കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാ സാമാജികത്വത്തിന്റെ 50 വർഷങ്ങൾ പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രിയും എ ഐ സി സി ജനറൽ സെക്രട്ടറിയുമായ  ഉമ്മൻ ചാണ്ടിയെ ദമാം ഒഐസിസി ആദരിച്ച സുവർണം, സുകൃതം വെർച്ച്വൽ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ അർത്ഥത്തിലും പ്രവാസികളെ കബളിപ്പിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കേരളത്തിനുണ്ടായ നേട്ടങ്ങൾ വളരെ വലുതാണ്. എല്ലാ വെല്ലുവിളികളേയും അതിജീവിച്ച അതുല്യ രാഷ്ട്രീയ പ്രതിഭയാണ് ഉമ്മൻചാണ്ടി. 


സ്മാർട്ട് സിറ്റി, വിഴിഞ്ഞം തുറമുഖം, കണ്ണൂർ വിമാനത്താവളം തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണമികവിന്റെ ഉദാഹരണങ്ങളാണ്. കൃത്യതയുള്ള, സുതാര്യമായ ഉമ്മൻചാണ്ടിയുടെ ജീവിതം ഏവർക്കും ഒരു പാഠപുസ്തകമാണ്. മികച്ച ഭരണാധികാരി എന്ന നിലയിൽ ഐക്യരാഷ്ട്ര സഭയുടെ ബഹുമതി ഏറ്റുവാങ്ങിയ അദ്ദേഹം, കേരള രാഷ്ട്രീയത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന വ്യക്തിത്വമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.


ദമാം ഒ ഐ സി സി ചെയ്ത മികവുറ്റ സേവന പ്രവർത്തനങ്ങൾ തനിക്ക് നേരിട്ട് അനുഭവമുള്ളതാണെന്ന് മറുപടി പ്രസംഗത്തിൽ ഉമ്മൻചാണ്ടി പറഞ്ഞു. പ്രവാസി വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കരുതലോടെ ഉള്ള സമീപനമാണ് യു ഡി എഫ് സ്വീകരിച്ചിരുന്നത്. നോർക്ക ഡിപ്പാർട്ട്‌മെന്റ് അങ്ങനെ ഉള്ള പ്രവാസി പദ്ധതിയുടെ ഭാഗമായി ഉണ്ടായിട്ടുള്ളതാണ്. നാടിനെ നശിപ്പിക്കുന്ന, നിരാശാജനകമായ സർക്കാരുകളാണ് ഇന്ന് കേരളവും കേന്ദ്രവും ഭരിക്കുന്നത്. നാടിന്റെ രക്ഷക്കായ് കോൺഗ്രസ് അധികാരത്തിൽ വരണം. അഭിമാനത്തോടെ തല ഉയർത്തി നിൽക്കാനായ് പ്രസ്ഥാനത്തോടൊപ്പം പ്രവാസികളുടെ ആത്മാർത്ഥമായ പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 


മുൻ ആഭ്യന്തര മന്ത്രി  തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മുൻ പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, സക്കീർ ഹുസൈൻ,  ഷാനവാസ് ഖാൻ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശബരീനാഥ് എം എൽ എ, കോൺഗ്രസ് നേതാക്കളായ മാന്നാർ അബ്ദുൽ ലത്തീഫ്, ജോസി സെബാസ്റ്റിയൻ, ജർമ്മിയാസ്, പി എ സലിം, കല്ലട രമേശ്, കെ പി സി സി നിർവ്വാഹക സമിതി അംഗവും ഒ ഐ സി സി ഗ്ലോബൽ വൈസ് പ്രസിഡന്റുമായ അഹമ്മദ് പുളിക്കൽ, ഗ്ലോബൽ ഭാരവാഹികളായ സി അബ്ദുൽ ഹമീദ്, രാജു കല്ലുംപുറം, ചന്ദ്രൻ  കല്ലട, അഷ്‌റഫ് മുവാറ്റുപുഴ, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇസ്മാഈൽ എരുമേലി, ജിദ്ദ റീജണൽ പ്രസിഡന്റ് കെ ടി എ മുനീർ, അസീർ റീജണൽ പ്രസിഡന്റ് അഷ്‌റഫ് കുറ്റിച്ചൽ, ബഹ്‌റൈൻ ഒ ഐ സി സി നാഷണൽ പ്രസിഡന്റ് ബിനു കുന്നന്താനം, ദമാം റീജണൽ ഭാരവാഹികളായ ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, റഫീഖ് കൂട്ടിലങ്ങാടി, ഷംസ് കൊല്ലം, റഷീദ് ഇയ്യാൽ, നിസ്സാർ മാന്നാർ, ബുർഹാൻ ലബ്ബ, രാധികാ ശ്യാംപ്രകാശ്, തോമസ് തൈപറമ്പിൽ മറ്റു റീജണൽ ഭാരവാഹികളായ അബ്ദുളള വല്ലാഞ്ചിറ, ലാലു ശൂരനാട് എന്നിവർ ആശംസ നേർന്നു.  


ഉമ്മൻചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ 50 വർഷങ്ങളുടെ ആദരവിനായി ദമാം ഒ ഐ സി സി കാരുണ്യ സ്പർശം പദ്ധതിയുടെ ഭാഗമായി ഏറ്റവും കുറഞ്ഞ നിരക്കിലുള്ള കൊച്ചി ചാർട്ടേഡ് വിമാനം യോഗത്തിൽ പ്രസിഡന്റ് ബിജു കല്ലുമല പ്രഖ്യാപിച്ചു. റീജണൽ പ്രസിഡന്റ് ബിജു കല്ലുമല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ ഷിഹാബ് കായംകുളം സ്വാഗതവും ഇ കെ സലിം നന്ദിയും പറഞ്ഞു.

 

Latest News