രാജ്യം ഒരിക്കൽ കൂടി അപമാനം കൊണ്ട് തല കുമ്പിട്ടിരിക്കുന്നു, ഉത്തർ പ്രദേശിലെ ഹാഥ്‌റസിൽനിന്നുയർന്ന ദീനരോദനം കേട്ട്. പത്തൊമ്പത് വയസ്സ് മാത്രം പ്രായമുള്ള ഒരു ദളിത് പെൺകുട്ടിയെ സവർണ ജാതിക്കാരനായ നാല് നരാധമൻമാർ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു. അതു മാത്രമല്ല രാജ്യത്തെ നടുക്കുന്നത്, ആ കൊടുംകുറ്റവാളികളെ കേസിൽനിന്ന് രക്ഷപ്പെടുത്തിയെടുക്കാൻ വേണ്ടി പോലീസും സംസ്ഥാനത്തെ ബി.ജെ.പി ഭരണകൂടവും ചേർന്ന് ഒരു സങ്കോചവുമില്ലാതെ നടത്തുന്ന അതിക്രമങ്ങൾ കൂടി കൊണ്ടാണ്. ഒരു പ്രാകൃത സമൂഹത്തിൽ പോലും നടക്കാനിടയില്ലാത്ത കൊടിയ അനീതിയാണ് പോലീസ് നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതും. രാജ്യത്തെ നിയമ സംവിധാനങ്ങളെ ഒരു ഭരണകൂടം ഇത്ര പരസ്യമായി ചവിട്ടിമെതിക്കുന്ന ഒരു കാലഘട്ടം സ്വതന്ത്ര ഇന്ത്യയിൽ ഉണ്ടായിട്ടില്ല. ഏറ്റവുമൊടുവിൽ ആ കുടുംബത്തിന് പിന്തുണയും സഹായവും പ്രഖ്യാപിച്ച് ചെല്ലുന്നവരെ പോലും കള്ളക്കേസിൽ കുടുക്കാനുള്ള കുടില തന്ത്രങ്ങളാണ് പോലീസ് പ്രയോഗിക്കുന്നത്.
അക്രമികൾക്കും സാമൂഹ്യ വിരുദ്ധർക്കും രാജ്യത്തെ നിയമങ്ങളെ തരിമ്പും പേടിയില്ല എന്നു കൂടി ഹാഥ്‌റസ് സംഭവം തെളിയിക്കുന്നു. രാജ്യത്തെ നടുക്കുക മാത്രമല്ല, ലോകം തന്നെ ചർച്ച ചെയ്ത ദൽഹിയിലെ നിർഭയ ബലാത്സംഗ കൊലക്കേസിൽനിന്ന് രാജ്യം പാഠം പഠിച്ചിട്ടില്ല. നിർഭയ സംഭവത്തിനു ശേഷം കൂട്ടബലാത്സംഗ കേസ് പ്രതികൾക്ക് വധശിക്ഷ നൽകാൻ നിയമം നിർമിക്കുകയും ആ കേസിലെ നാല് പ്രതികളെ തൂക്കിലേറ്റുകയും ചെയ്തിട്ടും അതേ രീതിയിലുള്ള കുറ്റങ്ങൾ ആവർത്തിക്കപ്പെടുന്നു.
അതിനു ശേഷമാണ് ഉത്തർ പ്രദേശിലെ തന്നെ ഉന്നാവോയിലുണ്ടായ നടുക്കുന്ന ബലാത്സംഗവും തുടർന്നുണ്ടായ ഭയാനാകമായ തെളിവു നശിപ്പിക്കൽ അതിക്രമങ്ങളും കൊലപാതകങ്ങളും. സ്ഥലത്തെ ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സെംഗാറാണ് ആ കേസിലെ ഒന്നാം പ്രതി. വേറെയും നിരവധി ബലാത്സംഗങ്ങളും കൊലപാതകങ്ങളും യു.പിയിൽ മാത്രമല്ല ദൽഹിയിലും രാജസ്ഥാനിലും ഹരിയാനയിലും മറ്റിതര സംസ്ഥാനങ്ങളിലും ഇങ്ങ് കേരളത്തിലുമെല്ലാം അഭംഗുരം ആവർത്തിക്കുന്നു. ലോകത്തിന്റെ ബലാത്സംഗ തലസ്ഥാനമാണോ നമ്മുടെ രാജ്യമെന്ന് ആശങ്കപ്പെട്ടുപോകും വിധമുള്ള സംഭവങ്ങൾ.
മറ്റെല്ലാ സംഭവങ്ങളിൽനിന്നും വ്യത്യസ്തമായി ഹാഥ്‌റസിൽ കണ്ട കാര്യം പ്രതികളെ രക്ഷപ്പെടുത്താനും തെളിവു നശിപ്പിക്കാനും പോലീസും ഭരണകൂടവും പരസ്യമായി രംഗത്തിറങ്ങി എന്നതാണ്. ഇതാണ് യു.എൻ പോലും ഈ സംഭവത്തിൽ ആശങ്ക രേഖപ്പെടുത്താനുണ്ടായ കാരണവും. ഇരക്ക് നീതി നിഷേധിച്ചുവെന്ന് മാത്രമല്ല, ആ പെൺകുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടതിന്റെ ഉത്തരവാദിത്തവും പോലീസിനു മാത്രമാണ്. പ്രതികളുടെ ഉന്നത സ്വാധീനം കണക്കിലെടുക്കുമ്പോൾ ഭരണകൂടത്തിൽനിന്നുള്ള നിർദേശമനുസരിച്ചാണ് പോലീസ് അത് ചെയ്തതെന്ന ആരോപണം ശരിയാണെന്ന് വരുന്നു.
സെപ്റ്റംബർ 14 നാണ് ഹാഥ്‌റസിലെ തന്റെ ഗ്രാമത്തിലുള്ള പാടത്ത് പുല്ലരിയുകായിരുന്ന പെൺകുട്ടിയെ താക്കൂർ സമുദായാംഗങ്ങളായ നാല് പേർ ഷാൾകൊണ്ട് കെട്ടി വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്നതും മാരകമായി ദേഹോപദ്രവമേൽപിക്കുന്നതും. മകളെ കാണാതായപ്പോൾ അന്വേഷിച്ചെത്തിയ അമ്മ കണ്ടത് ദേഹമാസകലം ഒടിവും ചതവുമേറ്റ്, നാക്ക് മുറിക്കപ്പെട്ട് അബോധാവസ്ഥയിലായ പെൺകുട്ടിയെയാണ്. ഉടൻ തന്നെ കുട്ടിയെ സ്ഥലത്തെ ആശുപത്രയിൽ പ്രവേശിപ്പിച്ച കുടുംബം പോലീസിൽ പരാതി നൽകി. പക്ഷേ തുടക്കം മുതൽ പരാതി അവഗണിക്കാനും പ്രതികളെ രക്ഷിക്കാനുമാണ് പോലീസ് തുനിഞ്ഞത്. അവർ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി. ഒടുവിൽ നാട്ടുകാർ സംഘടിച്ച് പ്രക്ഷോഭമാരംഭിച്ചപ്പോൾ കേസെടുക്കാൻ നിർബന്ധിതമായെങ്കിലും തെളിവുകൾ ശേഖരിക്കാൻ പോലീസ് തയാറായില്ല. കൃത്യം നടന്ന് 11 ദിവസം കഴിഞ്ഞിട്ടാണ് പോലീസ് പെൺകുട്ടിയിൽനിന്ന് സാമ്പിളുകൾ പോലും ശേഖരിച്ചത്. പ്രക്ഷോഭം ശക്തമായപ്പോൾ പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ്, വാസ്തവത്തിൽ ചെയ്തത് അവരെ ജനരോഷത്തിൽനിന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
ഇതിനിടെ പെൺകുട്ടിയുടെ നില വഷളായെങ്കിലും അധികൃതർ ബോധപൂർവം വേണ്ട ചികിത്സ നൽകുകയോ, മെച്ചപ്പെട്ട ആശുപത്രിയിലേക്ക് മാറ്റുകയോ ചെയ്തില്ല. സംഭവം മാധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ് പെൺകുട്ടിയെ ദൽഹിയിലെ ഓൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റിയൂട്ടിലേക്ക് റഫർ ചെയ്തത്. എന്നാൽ എത്തിച്ചതോ കാര്യമായ സൗകര്യങ്ങളില്ലാത്ത സഫ്ദർജംഗ് ആശുപത്രിയിലും. അവിടെ വേണ്ടത്ര ചികിത്സ കിട്ടാതെ കുട്ടി മരിച്ചു. പിന്നീടാണ് തെളിവ് നശിപ്പിക്കലിന്റെ ഏറ്റവും ഭയാനകമായ നീക്കങ്ങൾ നടക്കുന്നത്. പെൺകുട്ടിയുടെ മൃതദേഹം ആംബുലൻസിൽ പോലീസ് അവരുടെ ഗ്രാമത്തിലെത്തിച്ചെങ്കിലും വീട്ടിലേക്ക് കൊണ്ടുപോയില്ല. മാതാപിതാക്കളെയും സഹോദരങ്ങളെയും പോലും കാണിക്കാതെ അർധരാത്രിക്ക് തന്നെ ചിതയൊരുക്കി ദഹിപ്പിച്ചു. എല്ലാ തെളിവും അങ്ങനെ കത്തിച്ചാമ്പലായി. കുഴിച്ചിട്ടിരുന്നെങ്കിൽ പിന്നീടൊരു സമയത്ത് പുറത്തെടുത്ത് റീപോസ്റ്റ്‌മോർട്ടം ചെയ്യുന്ന സാഹചര്യമുണ്ടായാലോ.
അതിനു ശേഷമാണ് ബലാത്സംഗം നടന്നിട്ടില്ലെന്നും അക്കാരണത്താലല്ല പെൺകുട്ടി മരിച്ചതെന്നും പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നത്. പെൺകുട്ടിയുടെ ശരീരത്തിൽ പുരുഷ ബീജം കണ്ടെത്തിയിട്ടില്ലെന്നും അതുകൊണ്ട് ബലാത്സംഗം നടന്നിട്ടില്ലെന്നുമാണ് പോലീസ് ഭാഷ്യം. 11 ദിവസത്തിനു ശേഷം നടന്ന സാമ്പിൾ ശേഖരണം തന്നെ പ്രതികളെ രക്ഷിക്കാനായിരുന്നു.
പെൺകുട്ടിയുടെ കുടുംബത്തിനും ബന്ധുക്കൾക്കും നേരെ പോലീസിന്റെയും മറ്റു ഉദ്യോഗസ്ഥരുടെയും ഭീഷണിയും സമ്മർദവുമായിരുന്നു അടുത്ത പടി. വീട് പോലീസ് വളഞ്ഞു. പുറത്തുനിന്ന് മാധ്യമ പ്രവർത്തകരെയും ജനപ്രതിനിധികളെയും ഉന്നത രാഷ്ട്രീയ നേതാക്കളെയും പോലും ആ വീട്ടിൽ പോയിട്ട്, ഗ്രാമത്തിൽ പോലും കയറ്റാത്ത അവസ്ഥ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പോലും അനുമതി നിഷേധിക്കപ്പെട്ടു. ചോദ്യം ചെയ്ത രാഹുൽ ഗാന്ധിയെ പിടിച്ചുതള്ളുകയും കേസെടുക്കയും ചെയ്ത പോലീസ്, ഏതറ്റം വരെയും പോകുമെന്ന് തെളിയിക്കുകയായിരുന്നു.
എം.പിമാരടക്കം മറ്റു പ്രതിപക്ഷ നേതാക്കളെയും പോലീസ് തടഞ്ഞു. ശക്തമായ പ്രതിഷേധത്തിനൊടുവിൽ രണ്ട് ദിവസത്തിനു ശേഷമാണ് രാഹുലിനും പ്രിയങ്കക്കും മറ്റും കർശന ഉപാധികളോടെ പെൺകുട്ടിയുടെ വീട്ടിലെത്താൻ കഴിഞ്ഞത്. ഇതിനിടയിലും പെൺകുട്ടിയുടെ കുടുംബത്തിനു നേരെ സമ്മർദവും ഭീഷണിയും തുടർന്നു. മാധ്യമ പ്രവർത്തകരും നേതാക്കളും വന്ന പോലെ പോവും, ഞങ്ങൾ ഇവിടെ തന്നെ കാണുമെന്നാണ് ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ കുടുംബത്തെ ഭീഷണിപ്പെടുത്തിയത്.
എന്നാൽ ഭീഷണികൾക്ക് വഴങ്ങാൻ പെൺകുട്ടിയുടെ കുടുംബം തയാറായില്ല. മാധ്യമ പ്രവർത്തകരോടും നേതാക്കളോടും അവർ നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറഞ്ഞു. സർക്കാർ മുന്നോട്ടുവെച്ച 25 ലക്ഷം നഷ്ടപരിഹാരവും കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലിയുമൊന്നും അവരെ പിന്തിരിപ്പിച്ചില്ല. ഒന്നും വേണ്ട, ഞങ്ങൾക്ക് നീതി മാത്രം മതിയെന്നാണ് പെൺകുട്ടിയുടെ അമ്മ വിലപിച്ചത്. യു.പി പോലീസിലും യോഗി ആദിത്യനാഥ് സർക്കാരിലും തങ്ങൾക്ക് വിശ്വാസമില്ലെന്നും അവർ വ്യക്തമാക്കി. മുഖ്യമന്ത്രി പ്രഖ്യാപിച്ച സി.ബി.ഐ അന്വേഷണത്തിലും അവർ തൃപ്തരല്ല. കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.
ഇത്രയുമായതോടെ പുതിയ പ്രതികാര നടപടിയുമായി യോഗി സർക്കാരിന്റെ അടുത്ത നീക്കം കണ്ടു. ചില ദുഷ്ട ശക്തികൾ പെൺകുട്ടിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് അവരെക്കൊണ്ട് സംസ്ഥാന സർക്കാരിനും പോലീസിനുമെതിരെ പ്രതികരിപ്പിക്കുയാണെന്നാണ് പുതിയ ആരോപണം. ഇങ്ങനെ ചെയ്തുവെന്ന് പറഞ്ഞ് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 19 കേസുകളാണ് എടുത്തിരിക്കുന്നത്. പെൺകുട്ടി പീഡനത്തിനിരയായപ്പോൾ കേസെടുക്കാൻ മടിച്ച പോലീസാണ് സർക്കാരിനു വേണ്ടി ഉണർന്നു പ്രവർത്തിച്ചത്.
അതിനിടയിൽ പ്രതികളെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. സ്വാഭാവികമായും പ്രതികളുടെ സമുദായമായ താക്കൂർമാരുടെ സംഘടനക്കാർ. മാധ്യമങ്ങൾ വേട്ടയാടുന്നത്രേ. ആരാണ് വേട്ടക്കാർ, ആരാണ് ഇരകൾ എന്നു പോലും അറിയാത്ത പാവങ്ങൾ.
പ്രതികളുടെ കുടുംബങ്ങൾക്ക് സർക്കാരിലും പോലീസിലും ഭരണകക്ഷിയായ ബി.ജെ.പി നേതൃത്വത്തിലും നല്ല പിടിപാടുണ്ടെന്ന തരത്തിലുള്ള തെളിവുകളും പുറത്തു വന്നു. അതുകൊണ്ടു തന്നെ കഴിഞ്ഞ വർഷം ഹൈദരാബാദിൽ കണ്ടതു പോലുള്ള 'ഇൻസ്റ്റന്റ് ജസ്റ്റിസ്' നടപടി ഇവിടെയുണ്ടായില്ല. ഹൈദരാബാദിൽ വനിതാ ഡോക്ടറെ വിജന പ്രദേശത്ത് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നാല് പ്രതികളെയും പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പിനിടെ വെടിവെച്ച് കൊല്ലുകയായിരുന്നല്ലോ. പ്രതികൾ ചെയ്ത ഹീനകൃത്യത്തിലും രോഷം മൂലം സമൂഹത്തിൽ നല്ലൊരു വിഭാഗം പോലീസിന് സല്യൂട്ട് ചെയ്തു. വാസ്തവത്തിൽ പോലീസ് നിയമം ലംഘിക്കുകയായിരുന്നു എന്നത് മനസ്സിലാക്കാതെ. ഒന്നുകിൽ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്നതാണ് നമ്മുടെ പോലീസ് നയമെന്ന് ഹൈദരാബാദിൽനിന്ന് ഹാഥ്‌റസിലെത്തുമ്പോൾ തെളിയുന്നു.
തങ്ങൾക്കെതിരെ ഒരക്ഷരം പറയാതിരിക്കാനാവണം ഹാഥ്‌റസിൽ പ്രതികൾ പെൺകുട്ടിയുടെ നാവരിഞ്ഞതെന്ന സംശയം ബലപ്പെടുന്നുണ്ട്. എന്നാൽ പിന്നീട് കണ്ടത് ഭരണകൂടവും പോലീസും ചേർന്ന് നീതിയുടെയും നിയമത്തിന്റെയും നാവരിയുന്നതാണ്. സമൂഹത്തിന്റെ മുഴുവൻ നാവടക്കാനാണത്. എത്ര അനീതി കണ്ടാലും ആരും മുരളാൻ പോലും പാടില്ല. ഒരു നിയമവും നിങ്ങളുടെ സഹായത്തിനെത്തില്ലെന്ന് സാരം. സംശയം വേണ്ട, ഇന്ത്യ ഇരുണ്ട കാലഘട്ടത്തിലേക്ക് തന്നെയാണ്.