കൊറോണയുടെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഉംറ പുനരാരംഭിച്ചത് ലോകത്താകമാനമുള്ള കോടിക്കണക്കിനു വിശ്വാസികളുടെ മനസ്സിൽ മാത്രമല്ല കുളിർമഴ തീർത്തത്, ഈ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം കണ്ടെത്തിയിരുന്ന ആഗോള തലത്തിലുള്ള പതിനായിരങ്ങളുടെ മനസ്സിൽ കൂടിയാണ്.കഴിഞ്ഞ വർഷം ആറു കോടിയിൽപരം ഉംറ തീർഥാടകരാണ് പുണ്യ നഗരിയിലെത്തിയത്. ഹജ് നിർവഹിക്കാനായി കാൽ ലക്ഷം പേർ വേറെയും.
എന്നാൽ കൊറോണയെന്ന മാഹമാരിയുടെ ഫലമായി കഴിഞ്ഞ ഏഴു മാസായി ഉംറ പൂർണമായും നിർത്തിവെച്ചിരിക്കുകയായിരുന്നു. ഹജിനാകട്ടെ, സൗദിക്കകത്തുനിന്നു തെരഞ്ഞെടുക്കപ്പെട്ട ആയിരം പേർ മാത്രവും. അതാകട്ടെ പൂർണമായും സൗജന്യവുമായിരുന്നു. ഇതു മൂലം സൗദി അറേബ്യക്കുണ്ടായ നഷ്ടം വിവരണാതീതമാണ്. ഈ നഷ്ടം സൗദിയിൽ മാത്രം ഒതുങ്ങുന്നതല്ല, തീർഥാടകർക്കാവശ്യമായ സേവനം ലഭ്യമാക്കുന്ന ലോകത്താകമാനമുള്ള ഏജൻസികൾക്കും കമ്പനികൾക്കും വ്യക്തികൾക്കും കൂടിയാണ്.
സൗദി അറേബ്യയുടെ എണ്ണ ഇതര വരുമാനത്തിലെ ഒരു മുഖ്യ ഉറവിടമാണ് ഉംറയും ഹജും. ലോകത്തിന്റെ വിവിധ കോണുകളിൽനിന്നുമെത്തുന്ന തീർഥാടകരുടെ വരവു മൂലം സൗദി അറേബ്യക്ക് പ്രതിവർഷം 12 ബില്യൺ ഡോളറിന്റെ വരുമാനമാണ് ലഭിക്കുന്നത്. തീർഥാടകരുടെ ഫീസ്, ഭക്ഷണം, താമസം, യാത്ര തുടങ്ങിയ ഇനങ്ങളിലാണ് ഇത്രയും ഭീമമായ തുക ലഭിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഓരോ വർഷവും പുണ്യ നഗരിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കോടിക്കണക്കിനു റിയാൽ ചെലവഴിക്കുകയും ഓരോ വർഷവും തീർഥാടകർക്കായുള്ള സൗകര്യങ്ങൾ വർധിപ്പിക്കുകയുമാണ്. 2030 ഓടു കൂടി പ്രതിവർഷം 30 കോടി ഉംറ തീർഥാടകരെയാണ് സൗദി അറേബ്യ പ്രതീക്ഷിക്കുന്നത്. അതിനനുസൃതമായ സൗകര്യങ്ങളും സൗദി ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് കൊറോണയുടെ ആഗമനം. ഇതോടെ തീർഥാടകരുടെ വരവ് പൂർണമായും നിലക്കുകയായിരുന്നു.
തീർഥാടനം നിർത്തിവെച്ച ഫെബ്രുവരി മുതൽ ഈ കാലയളവിനുള്ളിൽ കോടിക്കണക്കിനു തീർഥാടകർ സൗദിയിലെത്തി മടങ്ങേണ്ടതായിരുന്നു. ഇതുവഴി നടക്കേണ്ട ബില്യൺ കണക്കിനു റിയാലിന്റെ ബിസിനസ് ആണ് നഷ്ടമായത്. ഓരോ രാജ്യങ്ങളിലെയും ഓട്ടോ റിക്ഷ പോലുള്ള ചെറിയ ട്രാൻസ്‌പോർട്ടിംഗ് വാഹനങ്ങൾ ഓടിക്കുന്ന സാധാരണക്കാർ മുതൽ എയർബസ് 380 പോലുള്ള പടുകൂറ്റൻ വിമാനങ്ങൾ പറത്തുന്ന വിമനക്കമ്പനികൾക്കു വരെ ഇതിന്റെ നഷ്ടം സഹിക്കേണ്ടി വന്നിട്ടുണ്ട്.
ഭക്ഷണം, താമസം തുടങ്ങിയ മേഖലകളിലെ നഷ്ടം കണക്കിലെടുത്താൽ അതു സാധാരണക്കാരിൽ സാധാരണക്കാരെ വരെ ബാധിക്കുന്നതാണ്. തീർഥാടകരെ മാത്രം ആശ്രയിച്ചു മക്കയിലും മദീനയിലുമുള്ള ഹോട്ടലുകളിലെ പതിനായിരിക്കണക്കിനു മുറികളിൽ ആളക്കനമില്ലാതായിട്ട് മാസങ്ങളായി.
ഒരു മുറി പോലും ഒഴിവില്ലാതെ നിത്യവും വിവിധ രാജ്യക്കാരായ തീർഥാടകരെക്കൊണ്ട് നിറഞ്ഞിരുന്ന ഹോട്ടലുകളെല്ലാം ശൂന്യമാണ്. ഈ സ്ഥാപനങ്ങളെ ആശ്രയിച്ചു കഴിഞ്ഞിരുന്ന പതിനായിരക്കണക്കിനു പേരാണ് ജോലിയില്ലാതെ വിഷമത്തിൽ കഴിയുന്നത്. അതുപോലെ ബസ്, ടാക്‌സി മേഖലയിലെ ആയിരക്കണക്കിനു സാധാരണക്കാരായ തൊഴിലാളികളും തീർഥാടക പ്രവാഹം നിലച്ചതോടെ നിശ്ചലമാണ്. തീർഥാടകർക്കു വേണ്ടിയുള്ള ഇഹ്‌റാം വസ്ത്രങ്ങൾ നിർമിച്ചിരുന്ന തുണി മില്ലുകൾ പോലും നിശ്ചലമായ അവസ്ഥ. ഉംറ തീർഥാടനം നിർത്തിവെച്ചത് സൗദി അറേബ്യയെ മാത്രമല്ല, ലോകത്താകമാനമുള്ള ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന ആയിരങ്ങളെയുമാണ്.
കേരളം മാത്രം എടുത്തു പരിശോധിച്ചാൽ ആയിരക്കണക്കിനു പേർ ഹജ്, ഉംറ സേവനവുമായി ബന്ധപ്പെട്ട് ജീവിക്കുന്നുണ്ട്. നൂറകണക്കിനു ഹജ്, ഉംറ ഏജൻസികളാണ് കേരളത്തിലുള്ളത്. മദ്രസകളിലും ചെറിയ പള്ളികളിലെയുമെല്ലാം ജോലി ചെയ്യുന്ന മൗലവിമാരിൽ പലരും തങ്ങളുടെ കുറഞ്ഞ ശമ്പളം കൊണ്ട് മാത്രമായിരുന്നില്ല കഴിഞ്ഞിരുന്നത്. തീർഥാടകരെ സംഘടിപ്പിച്ചു കൊടുക്കലും ഏജൻസികൾ നേരിട്ടു നടത്തിയുമെല്ലാം അഡീഷണൽ വരുമാനം കണ്ടെത്തിയിരുന്ന അവരുടെ മാർഗമാണ് അടഞ്ഞു പോയത്.
ഇതു പലരെയും കടക്കെണിയിലാക്കുകയും സ്ഥാപനങ്ങളുടെ ഷട്ടറുകൾ താഴ്ത്തുന്നതിനു നിർബന്ധിതരാക്കുകയും ചെയ്തു. തീർഥാടകരെ സംബന്ധിച്ചാകട്ടെ, ഒരായുസ്സു മുഴുവൻ പണിയെടുത്തു സ്വരുക്കൂട്ടിയ തുക കൊണ്ട് ജീവിതാഭിലാഷം സഫലമാക്കുന്നതിനു കഴിയാതെ പോയതാണ് അവരെ അലട്ടുന്നത്. ഹജിനും ഉംറക്കുമായി അഡ്വാൻസ് വരെ നൽകി കാത്തിരുന്ന പതിനായിരങ്ങൾ നിരാശയിലാണ് കഴിയുന്നത്. കൊറോണക്കാലം കൂടിയായതോടെ പലരുടേയും ആരോഗ്യവും തീർഥാടനത്തിനായി സ്വരുക്കൂട്ടിയതുമെല്ലാം ശുഷ്‌കിക്കാൻ തുടങ്ങി. ഇത് ഇത്തരക്കാരെ മാനസികമായും തളർത്തി. അങ്ങനെ എല്ലാ നിലയിലും നിരാശയായിരുന്നു തീർഥാടനം നിലച്ചതോടെ ഉണ്ടായത്.
ആ നിരാശ മെല്ലെ പ്രതീക്ഷക്കു വഴിമാറുന്നതാണ് പുണ്യ നഗരിയിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടുവരുന്നത്. ലോകത്താകെ ഭീതി വിതച്ച കൊറോണ മഹാമാരി മാറി പഴയ നിലയിലെത്താൻ ഇനിയും സമയം എടുക്കുമെന്നതിനാൽ പഴയതു പോലെ മക്കയിലേക്കും മദീനയിലേക്കും തീർഥാടക പ്രവാഹം ഉണ്ടാകുന്നതിനും കാലതാമസമുണ്ടാകും. എങ്കിലും വളരെ പരിമിതമെങ്കിലും തീർഥാടകർ ഉംറക്കായി എത്താൻ തുടങ്ങിയത് ലോക മുസ്‌ലിംകളുടെ മാത്രമല്ല, തീർഥാടകർക്കുള്ള സർവീസ് സേവനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെയെല്ലാം മനസ്സകങ്ങളിലും പൂത്തിരി കത്തിച്ചിരിക്കുകയാണ്.
ദിനേന ലക്ഷക്കണക്കിനു തീർഥാടകർ വന്ന് ഉംറ നിർവഹിച്ചുകൊണ്ടിരുന്നിടത്ത് കൊറോണ വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾക്കു വിധേയമായി ആറായിരം പേർ മാത്രമാണ് ഇപ്പോഴെത്തുന്നത്. ഒക്ടോബർ 15 മുതൽ അത് 15,000 മുതൽ 40,000 വും അടുത്ത മാസം ആദ്യം മുതൽ 20,000 മുതൽ 60,000 വരെയുമായി ഉയരുമെങ്കിലും വിദേശ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരുടെ വരവ് സാധാരണ നിലയിലാവാൻ പിന്നെയും ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും. നവംബർ ഒന്നു മുതലാണ് വിദേശത്തു നിന്നുള്ള തീർഥാടകർക്ക് ഉംറ അനുവദിക്കുക. അതു തന്നെ ഒട്ടേറെ നിയന്ത്രണങ്ങൾക്കു വിധേയമായി കൊറോണ വ്യാപനം രൂക്ഷമല്ലാത്ത രാജ്യങ്ങൾക്കു മുൻഗണന കൊടുത്തുകൊണ്ടായിരിക്കും. പക്ഷേ, ഘട്ടം ഘട്ടമായാണെങ്കിലും പ്രതീക്ഷക്കു വക നൽകുന്നതാണ് സൗദി സർക്കാരിന്റെ ഓരോ നടപടികളും. തീർഥാടകരുടെ ആരോഗ്യ സുരക്ഷക്ക് പ്രാധാന്യം നൽകിയുള്ള ഓരോ നടപടികളും അതി സൂക്ഷ്മതയോടെയും ജാഗ്രതയോടെയുമാണ് നടത്തുന്നത്. ഈ ജാഗ്രത തീർച്ചയായും എല്ലാവിധ ആശങ്കകളെയം അകറ്റാനുതകുന്നതാണ്. അങ്ങനെ ലോകത്താകമാനമുള്ള തീർഥാടകർക്കും അവരുടെ സേവനത്തിന് തയാറായി നിൽക്കുന്നവർക്കുമെല്ലാം ആശ്വാസം പകരുന്നതാണ് ഉംറ പുനരാരംഭിച്ച നടപടി.