ന്യൂദൽഹി- യു.പിയെ ഹാഥ്‌റസിൽ 19 കാരിയായ ദളിത് പെൺകുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ ജാതി ലഹള സംഘടിപ്പിക്കാൻ പോപ്പുലർ ഫ്രണ്ട് 50 കോടി രൂപ വിദേശ സഹായം സ്വീകരിച്ചെന്ന് യു.പി പോലീസ്. മൗറീഷ്യസിൽ നിന്നാണ് ഫണ്ട് നേടിയതെന്നാണ് ആരോപണം. കേസിലെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കി എൻഫോഴ്‌സ്‌മെന്റ് വിഭാഗവും രംഗത്തെത്തി. പ്രദേശത്ത് ജാതി കലാപമുണ്ടാക്കാൻ പോപ്പുലർ ഫ്രണ്ട് ശ്രമിക്കുകയാണെന്ന് ബി.ജെ.പിയും വ്യക്തമാക്കി. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് പോപ്പുലർ ഫ്രണ്ട് പ്രതികരിച്ചത്. ജനശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് ബി.ജെ.പി അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിക്കുന്നതെന്ന് പോപ്പുലർ ഫ്രണ്ട് ആരോപിച്ചു.