മസ്‌കത്ത് - ഈ മാസം ഒന്നിന് മസ്‌കത്ത് വിമാനത്താവളത്തിൽ ആരംഭിച്ച ഡ്രൈവ് ത്രൂ പി.സി.ആർ ടെസ്റ്റ് സെന്റർ ജനകീയമാകുന്നു.
ഉപയോക്താക്കൾക്ക് വാഹനത്തിൽനിന്ന് പുറത്തിറങ്ങാതെ തന്നെ സാമ്പിളുകൾ നൽകാനും കുറഞ്ഞ സമയത്തിനകം കോവിഡ് ഫലം കൈപ്പറ്റാനും പുതിയ സംവിധാനം വഴി സാധ്യമാകും. വിമാനത്താവള പാർക്കിംഗ് ഏരിയയിലേക്ക് പ്രവേശിക്കുന്ന വഴിയിൽ വിവിധ സ്ഥലങ്ങളിൽ കോവിഡ് ടെസ്റ്റ് സെന്ററിന്റെ ബോർഡുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
ലോകത്ത് രണ്ട് രാജ്യങ്ങളിലാണ് നിലവിൽ ബാരിക്കേഡിലൂടെ വാഹനമോടിച്ച് കോവിഡ് പരിശോധനക്ക് രജിസ്റ്റർ ചെയ്യാനും ടെസ്റ്റ് നടത്താനുമുള്ള സൗകര്യമുള്ളത്. 24 മണിക്കൂറിനകം എസ്.എം.എസിലൂടെയോ ഇ-മെയിൽ വഴിയോ ഫലം ലഭ്യമാകുന്ന ഈ സംവിധാനം ഉപയോഗപ്പെടുത്താൻ 19 ഒമാനി റിയാൽ ആണ് ഫീസ്. ആർക്കെങ്കിലും ഒമാൻ ആരോഗ്യമന്ത്രാലയം സ്റ്റാമ്പ് ചെയ്ത സർട്ടിഫിക്കറ്റ് ആവശ്യമാണെങ്കിൽ അഞ്ച് റിയാൽ കൂടി അധികം നൽകിയാൽ മതിയാകും.
തികച്ചും ലളിതമായ രീതിയിൽ നടപടിക്രമങ്ങൾ ലഘൂകരിച്ചാണ് മസ്‌കത്ത് വിമാനത്താവള അധികൃതർ കോവിഡ് ടെസ്റ്റ് സൗകര്യമൊരുക്കിയതെന്ന് ഡച്ച് പൗരനായ ഗ്രഹാം ജോസഫ് സാക്ഷ്യപ്പെടുത്തി. 'കാർ ഓഫാക്കുക പോലും ചെയ്യേണ്ടതില്ലാത്ത ഈ സംവിധാനം തികച്ചും ആകർഷണീയമാണ്. വളരെ വേഗം രജിസ്‌ട്രേഷൻ പൂർത്തിയാക്കി രണ്ട് മിനിറ്റിനുള്ളിലാണ് സെന്ററിൽ സാമ്പിൾ ശേഖരിക്കുന്നത്. സ്വകാര്യ ക്ലിനിക്കുകളെക്കാൾ കുറഞ്ഞ ഫീസാണ് എയർപോർട്ടിൽ ഈടാക്കുന്നത് എന്നതും എടുത്തുപറയേണ്ടതാണ്'- ഗ്രഹാം ജോസഫ് പറഞ്ഞു.
പി.പി.ഇ കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകരാണ് സെന്ററിൽ സാമ്പിൾ ശേഖരിക്കുന്നത്. രജിസ്‌ട്രേഷൻ നടപടികൾക്ക് കാർഡ് വഴി മാത്രമാണ് പണം സ്വീകരിക്കുക. ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്യുന്നവർക്ക് നേരിട്ട് ടെസ്റ്റിന് വിധേയരാകാമെന്ന സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ഡ്രൈവ് ത്രൂ പി.സി.ആർ ടെസ്റ്റ് സെന്റർ അധികൃതർ വ്യക്തമാക്കി.