കോഴിക്കോട്-ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി സമൂഹ മാധ്യമങ്ങള്‍ വഴി പണം തട്ടിപ്പ്. ഋഷിരാജ് സിങ്ങിന്റെയും പി.വിജയന്റെയും ജി.ലക്ഷ്മണയുടെയും പേരില്‍ വരെ തട്ടിപ്പുകാര്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഐജി പി.വിജയന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
സമൂഹമാധ്യമങ്ങള്‍ വഴിയുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഐജി പി.വിജയന്റെയടക്കം ഡിജിപി, ഐജി ,ഡിവൈഎസ്പി തുടങ്ങിയ പോലീസ് മേധാവികളുടെ വ്യാജ അക്കൗണ്ടിലൂടെ പണം തട്ടുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. പി.വിജയന്‍ ഐപിഎസ് എന്ന പേരിലാണ് വ്യാജ അക്കൗണ്ട്. എന്നാല്‍ ഇതേ പേരില്‍ അദ്ദേഹത്തിന് വെരിഫൈഡ് പേജുണ്ട്. തന്റെ പേരില്‍ ആരോ വ്യാജ ഐഡി ഉണ്ടാക്കിയിരിക്കുകയാണെന്നും ആ ഐഡിയില്‍നിന്ന് വരുന്ന ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കരുതെന്നും ഐജി പി.വിജയന്‍ പറഞ്ഞു. മാത്രമല്ല താന്‍ പൊതുവേ ആര്‍ക്കും ഫ്രണ്ട് റിക്വസ്റ്റ് അയക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാന്‍, ഒറീസ കേന്ദ്രമായുള്ള സംഘങ്ങളാണ് തട്ടിപ്പിനു പിന്നില്‍. ആലുവ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ഡിവൈഎസ്പിയുടെ പേരില്‍ സമൂഹ മാധ്യമത്തില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ച് പണം തട്ടാന്‍ ശ്രമം നടന്നിരുന്നു. ഡിവൈഎസ്പി മധു ബാബു രാഘവിന്റെ പേരിലാണ് തട്ടിപ്പുകാര്‍ വ്യാജ ഫേസ്ബുക് അക്കൗണ്ട് നിര്‍മ്മിച്ചത്. എന്നാല്‍ വ്യാജ അക്കൗണ്ട് തുടങ്ങി ദിവസങ്ങള്‍ക്കകം തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെ ആരുടേയും പണം നഷ്ടമായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.