ജിദ്ദ- കോവിഡ് പ്രതിസന്ധിയിലകപ്പെട്ട് ദുരിതത്തിൽ കഴിഞ്ഞിരുന്നവർക്ക് ആശ്വാസമെത്തിച്ച കെ.എം.സി.സി വളണ്ടിയർമാരെ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആദരിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമായ സമയത്ത് സ്വന്തം ജീവൻ പോലും മറന്ന് സേവന നിരതരായ പ്രവർത്തകർക്ക് അർഹിക്കുന്ന ആദരവാണ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നൽകിയത്. രാഷ്ട്രീയമോ, ജാതി, മത വ്യത്യാസമോ ദേശീയതയോ നോക്കാതെ കോവിഡ് കെടുതികളനുഭവിച്ച ജനങ്ങൾക്ക് ആശ്വാസം പകരുന്നതിൽ ജിദ്ദ കെ.എം.സി.സിയുടെ പ്രവർത്തനം മാതൃകാപരമായിരുന്നു. ആയിരക്കണക്കിനു പേർക്ക് ഭക്ഷണവും മരുന്നും ആശുപത്രിയിലെത്തിച്ചുമുള്ള സഹായം നൽകി സമാശ്വാസം പകരാൻ കെ.എം.സി.സിക്കു കഴിഞ്ഞിരുന്നു.
കർഫ്യൂ അടക്കം കർശന നിയന്ത്രണങ്ങൾ നിലനിന്ന സമയത്ത് ജോലിയും കൂലിയുമില്ലാതെ ഒറ്റപ്പെട്ട ജിദ്ദയിലെയും പ്രാന്ത പ്രദേശങ്ങളിലെയും പ്രവാസികൾക്ക് സ്വന്തം ജീവൻ പോലും മറന്നാണ് കെ.എം.സി.സി പ്രവർത്തകർ സഹായം എത്തിച്ചുകൊണ്ടിരുന്നത്. ഇരുപതിനായിരത്തോളം ഭക്ഷ്യ കിറ്റുകളാണ് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വിതരണം ചെയ്തത്. ഒരാൾക്ക് ഒരു മാസത്തിലേറെകാലം പാചകം ചെയ്ത് കഴിക്കാൻ ആവശ്യമായ അരി, പഞ്ചസാര, ചായപ്പൊടി, പാചക എണ്ണ, മുളക് പൊടി, മല്ലിപ്പൊടി, റവ, പരിപ്പ്, ആട്ടപ്പൊടി, ചെറുപയർ, മൈദ, കടല, തക്കാളി, പച്ചമുളക്, ഇഞ്ചി, ഉള്ളി, വെളുത്തുള്ളി തുടങ്ങി കാരക്ക വരെയുളള ഭക്ഷ്യ വസ്തുക്കൾ അടങ്ങുന്ന ഏകദേശം 100 റിയാൽ വില വരുന്ന ഭക്ഷ്യകിറ്റുകളാണ് വിതരണം ചെയ്തത്. മലയാളികൾക്കും വിവിധ ഇന്ത്യൻ സംസ്ഥാനക്കാരായ പ്രവാസികൾക്കും പുറമെ ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിലെ ഭക്ഷണത്തിന് പ്രയാസപ്പെട്ട പ്രവാസികൾക്കും കെ.എം.സി.സി കാരുണ്യ ഹസ്തം സഹായം ലഭ്യമാക്കി. രണ്ടായിരത്തിലേറെ രോഗികൾക്ക് മരുന്ന് എത്തിച്ചു നൽകി. ജിദ്ദ കെ.എം.സി.സിയുടെ എഴുപതോളം വരുന്ന ഏരിയ കമ്മിറ്റികൾ മുഖേന സർവേ നടത്തി കഷ്ടപ്പെടുന്ന പ്രവാസികളെ കണ്ടെത്തുകയായിരുന്നു. സെൻട്രൽ കമ്മിറ്റിക്കു പുറമെ അതാത് ഏരിയ കമ്മിറ്റികളും സ്വന്തമായി ഭക്ഷണകിറ്റുകളും മരുന്നും സംഘടിപ്പിച്ചു വിതരണം നടത്തി. വിവിധ കമ്പനികളുടെയും സുമനസ്സുകളുടെയും സഹായത്തോടെയാണ് കെഎംസിസി ഇത്രയും വലിയ ജീവകാരുണ്യ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. നൂറ് കണക്കിന് ആളുകളെ കർഫ്യൂ സമയത്ത് ആശുപത്രികളിലെത്തിക്കാൻ സഹായിച്ചു.
കൊറോണ ഏറ്റവും ശക്തമായ സമയത്ത് ജിദ്ദ നാഷണൽ ഹോസ്പിറ്റലിലെ ഐസൊലേഷൻ വാർഡിൽ കെ.എം.സി.സി വളണ്ടിയർ സേവനം നടത്തി. സൗദി അറേബ്യയിൽനിന്ന് ആദ്യമായി കേരളത്തിലേക്ക് ചാർട്ടേഡ് വിമാന സർവീസ് നടത്തിയ സംഘടന ജിദ്ദ കെ.എം.സി. സി ആണ്. എല്ലാം അടഞ്ഞുകിടന്ന സമയത്ത് നാട്ടിലെത്താൻ നിർബന്ധിതരായ നൂറു കണക്കിന് ഗർഭിണികളുൾപ്പെടെ, രോഗികൾ, സന്ദർശക വിസയിൽ വന്നു കുടുങ്ങിയവർ തുടങ്ങി 2500 പേരെ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയും കീഴ്ഘടകങ്ങളുമായി നാട്ടിലെത്തിച്ചു. ജിദ്ദയിൽനിന്ന് സർവീസ് നടത്തിയ വന്ദേഭാരത് വിമാനത്തിലെയും കെ.എം.സി.സി ചാർട്ടേർഡ് വിമാനങ്ങളിലെയും മുഴുവൻ യാത്രക്കാർക്കും സൗജന്യമായി ജിദ്ദ കെ.എം.സി.സി പി.പി.ഇ കിറ്റുകൾ നൽകി. കോവിഡ് ബാധിച്ച് മരിച്ച ഭൂരിപക്ഷം ഇന്ത്യക്കാരുടെയും മയ്യിത്തുകൾ ജിദ്ദയിൽ നിയമ നടപടി പൂർത്തിയാക്കി മറവ് ചെയ്തതും ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് പ്രവർത്തകരായിരുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ മഹാമാരിക്കാലത്ത് ജനങ്ങൾ പുറത്തിറങ്ങാൻ ഭയപ്പെട്ടിരുന്നപ്പോൾ എല്ലാം മറന്നു സേവനത്തിനിറങ്ങിയ ജിദ്ദ കെ.എം.സി.സിയുടെ കാരുണ്യ ഹസ്തം വളണ്ടിയർമാരുടെ സംഗമം ഹരാസാത്തിലാണ് സംഘടിപ്പിച്ചത്. തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജിദ്ദ കെഎംസിസിയുടെ കോവിഡ് പ്രതിരോധ റിലീഫ് വിംഗിന്റെ വളണ്ടിയർമാരെ ജിദ്ദ കെഎംസിസി മുക്തകണ്ഠം പ്രശംസിച്ചു.
വൈസ് പ്രസിഡന്റ് വി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ചെയർമാൻ നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോവുന്ന ഇസ്മായിൽ ഒടുങ്ങാട്ട്, മുഹമ്മദലി കോങ്ങാട് എന്നിവരെ അൻവർ ചേരങ്കെ, സി.കെ.എ റസാഖ് മാസ്റ്റർ എന്നിവർ ഷാൾ അണിയിച്ചു ആദരിച്ചു. ഇസ്ഹാഖ് പൂണ്ടോളി വളണ്ടിയർമാരെ പരിചയപ്പെടുത്തി. വി.പി. അബ്ദുറഹ്മാൻ, നാസർ വെളിയംകോട്, എ.കെ. ബാവ, സീതി കൊളക്കാടൻ, ബാബു നഹ്ദി, ഹസ്സൻ ബത്തേരി, അബ്ദുസ്സമദ് അമ്പലവയൽ, ടി.പി. ശുഹൈബ്, ഷബീറലി കോഴിക്കോട്, ജലാൽ തേഞ്ഞിപ്പലം സംസാരിച്ചു. നാസർ ഒളവട്ടൂർ മജീദ് പുകയൂർ, ജലീൽ ഒഴുകൂർ, സാബിൽ മമ്പാട്, അബ്ദുള്ള ഹിറ്റാച്ചി, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ശിഹാബ് കണ്ണമംഗലം, സാലിഹ് ഫറുഖ്, ജാഫർ കുറ്റൂർ, അശ്‌റഫ് താഴക്കോട്, സക്കീർ മണ്ണാർമല, യൂസഫ് തിരുവേഗപുറ, മുസ്തഫ കോഴിശ്ശേരി, കബീർ മോങ്ങം, അലി പാങ്ങാട്ട്, അഫ്‌സൽ നാറാണത്ത്, ഹുസൈൻ കരിങ്കറ, ഫൈറൂസ് കൊണ്ടോട്ടി, ശിഹാബ് കണ്ണമംഗലം, അഫ്‌സൽ താനൂർ, അബ്ദുറഹ്മാൻ ഒളവണ്ണ, സുഹൈൽ മഞ്ചേരി, ശറഫു എടപ്പറമ്പ്, ലത്തീഫ് പൂനൂര്, നൗഫൽ റഹേലി, റഫീഖ് കൂളത്ത്, ഹംസകുട്ടി ആനക്കയം, താരിഖ് കൊടുവള്ളി
മുജീബ് വയനാട് പങ്കെടുത്തു. അബൂബക്കർ അരിമ്പ്ര സ്വാഗതവും നാസർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു.