തിരുവനന്തപുരം- സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യം ഉടന്‍ ആലോചനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അണ്‍ലോക്ക് 5.0 നിര്‍ദ്ദേശത്തിലുള്ള ഇളവുകള്‍ നടപ്പാക്കണം എന്നത് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ആഗ്രഹം. ഇപ്പോഴത്തെ സ്ഥിതിയില്‍ അണ്‍ലോക്ക് പൂര്‍ണമായി ഒഴിവാക്കാനാവില്ല. പക്ഷേ ആവശ്യമായ ജാഗ്രത പാലിച്ച് പോകണമെന്നത് ഏറ്റവും പ്രധാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്‌കൂളുകള്‍ തുറക്കണമെന്ന ആഗ്രഹം തന്നെയാണ് എല്ലാവര്‍ക്കുമുള്ളത്. പക്ഷേ നിലവിലെ സാഹചര്യത്തില്‍ അത് പ്രായോഗികമല്ല. സ്‌കൂളുകള്‍ തുറക്കാനുള്ള സമയം ഇപ്പോ ആയോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കോവിഡ് വ്യാപനം കൂടി നില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കാനാകില്ല. വ്യാപനം കുറയുമ്പോള്‍ ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.