Sorry, you need to enable JavaScript to visit this website.

എറണാകുളം, മാര്‍ ബേസില്‍

കോട്ടയം - എറണാകുളം ഓവറോള്‍ ചാമ്പ്യന്മാരാവുന്നതു കണ്ട് പാലായില്‍ കാല്‍നൂറ്റാണ്ടിനുശേഷം വിരുന്നെത്തിയ സ്‌കൂള്‍ കൗമാര കായികമേളക്ക് കൊടിയിറങ്ങി.

258 പോയന്റിന്റെ മേധാവിത്വം നേടിയ എറണാകുളത്തിന് ബഹുദൂരം പിന്നിലാണ് കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ പാലക്കാട് ജില്ല (185 പോയന്റ്). കോതമംഗലം ബാര്‍ബേസില്‍ (75 പോയന്റ്) സ്‌കൂളുകളില്‍ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തിയപ്പോള്‍ അപ്രതീക്ഷിത പ്രകടനത്തില്‍ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് സ്‌കൂള്‍ രണ്ടാമതെത്തി.

എറണാകുളത്തിന് 34 സ്വര്‍ണം ഉള്‍പ്പെടെ 71 മെഡലുകളാണ് ലഭിച്ചത്. പാലക്കാടിന് 22 സ്വര്‍ണവും. കോഴിക്കോട് (109) മൂന്നും തിരുവനന്തപുരം (99) നാലും സ്ഥാനങ്ങളിലെത്തി.
റെക്കോര്‍ഡുകളുടെ മേളയായിരുന്നു പാലായിലേത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ ഗായത്രി ദേശീയ റെക്കോര്‍ഡ് മറികടന്നു. സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ ജിസ്ന എം. മീറ്റ് റെക്കോര്‍ഡും ദേശീയ റെക്കോര്‍ഡും നേടി. 1.71 മീറ്റര്‍ ചാടിയാണ് ജിസ്ന നിലവിലെ റെക്കോര്‍ഡുകള്‍ തകര്‍ത്തത്. ആന്‍സി സോജനും അഭിനവ് സി.വിയും ഡബിള്‍ നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ സ്പ്രിന്റ് ഇനത്തില്‍ അപര്‍ണ റോയ് ട്രിപ്പിള്‍ സ്വര്‍ണം സ്വന്തമാക്കി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂര്‍ നാട്ടിക ഫിഷറീസ് സ്‌കൂളിലെ ആന്‍സി സോജനും സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍  കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ അഭീഷ പി.യും വ്യക്തിഗത പട്ടം കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തില്‍ അനുമോള്‍ തമ്പിയും  കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് സ്‌കൂളിലെ അപര്‍ണാ റോയിയും ചാമ്പ്യന്‍പദം പങ്കിട്ടു. ഇരുവര്‍ക്കും 15 പോയിന്റ് വീതം ലഭിച്ചു.
സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും മാര്‍ബേസിലാണ് വെന്നിക്കൊടി നാട്ടിയത്. 13 പോയിന്റോടെ ആദര്‍ശ് ഗോപി ചാമ്പ്യനായി. ജൂനിയറില്‍ ഇതേ സ്‌കൂളിലെ അഭിഷേക് മാത്യു ചാമ്പ്യനായി. സബ്് ജൂനിയറില്‍ മണിപ്പൂരുകാരനായ കോതമംഗലം സെന്റ് ജോര്‍ജിന്റെ സുവര്‍ണതാരം തംന്‍ജം അലര്‍ട്‌സണ്‍ സിംഗ്് ചാമ്പ്യനായി.
ആദ്യദിനത്തില്‍ മുന്നിലായിരുന്ന പാലക്കാടിനെ പിന്നിലാക്കി രണ്ടാം ദിനം മുതല്‍ എറണാകുളത്തിന്റെ കുതിപ്പായിരുന്നു. മാര്‍ ബേസിലിന് പിന്നാലെ ഗവ. വി.എച്ച്.എസ്.എസ് മാതിരപ്പള്ളി, സെന്റ് ജോര്‍ജസ് എച്ച്.എസ്.എസ് കോതമംഗലം, ഗവ. വി.എച്ച്.എസ്.എസ് മണീട്, സെന്റ് തോമസ് ഗേള്‍സ് എച്ച്.എസ് പെരുമ്പാവൂര്‍ എന്നീ സ്‌കൂളുകളും എറണാകുളത്തിന്റെ കുതിപ്പിന് ആവേശം പകര്‍ന്നു.
അവസാന ഇനമായ റിലേ ആയിരുന്നു ഏറ്റവും ആവേശം നിറഞ്ഞത്. പെണ്‍കുട്ടികളുടെ റിലേ പാലക്കാടിന് സ്വന്തമായപ്പോള്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തീരുവനന്തപുരം ഒന്നാമതെത്തി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്റര്‍ ജയിച്ച കോതമംഗലം മാര്‍ ബേസിലിന്റെ് അഭിഷേക് മാത്യൂ ട്രിപ്പിള്‍ സ്വര്‍ണം പിടിച്ചു. 1500, 400 മീറ്റര്‍ മത്സരങ്ങളില്‍ നേരത്തെ സ്വര്‍ണം നേടിയിരുന്നു. ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ ജയിച്ച പ്രസില്ല ഡാനിയേലിന് രണ്ടാം സ്വര്‍ണം കിട്ടി. 400 മീറ്ററിലും സ്വര്‍ണം നേടി.

 
 

Latest News