തൃശൂര്‍- ചിറ്റിലങ്ങാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിസനൂപിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നന്ദനെ പൊലീസ് പിടികൂടി. തൃശൂരിലെ ഒളി സങ്കേതത്തിൽ നിന്നുമാണ് നന്ദനെ പൊലീസ് പിടികൂടിയത്. ജില്ല വിടാൻ സാധ്യതയുണ്ടെന്ന് കണക്കിലെടുത്ത് ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രാവിലെ ചിറ്റിലങ്ങാട് സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരായിരുന്നു പ്രതികളെ കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ സഹായിച്ചത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും നിർണ്ണായക വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇപ്പോൾ പ്രതികളായി കണ്ടെത്തിയിട്ടുള്ളവരെ കൂടാതെ ഒരാൾ കൂടിയുണ്ടെന്ന് പൊലീസിന് അറിവായി. നന്ദൻറെ പഴഞ്ഞിയിലെ ഭാര്യവീട്ടിൽ പൊലീസ് പരിശോധന നടത്തിയതിൽ പാസ്പോർട്ട് അടക്കമുള്ളവ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യ നിരീക്ഷണത്തിലൂടെ പൊലീസ് നന്ദനെ പിടികൂടിയത്.