മലപ്പുറം- കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കും ചികിത്സാ സൗകര്യങ്ങൾക്കും സഹായം തേടി മലപ്പുറം ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെയും മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങളെയും കണ്ടു. ഇന്നലെ ഉച്ചക്കാണ് കലക്ടർ പാണക്കാട്ടെത്തിയത്. തുടർന്ന് സാദിഖലി തങ്ങളുമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും ജില്ലയിലെ നിലവിലെ സാഹചര്യങ്ങളെ ക്കുറിച്ചും ചർച്ച ചെയ്തു.
ജില്ലയിൽ രോഗികളുടെ എണ്ണം ദിനം പ്രതി ഉയർന്നുകൊണ്ടിരിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും മരണനിരക്ക് കുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ജില്ലാ ഭരണകൂടം ഊന്നൽ നൽകുന്നതെന്നും കലക്ടർ പറഞ്ഞു. വരും ദിവസങ്ങളിൽ സർക്കാർ ഒരുക്കിയിട്ടുള്ള പരിമിതമായ സൗകര്യം തികയാതെ വന്നേക്കും. ഈ സാഹചര്യത്തെ നേരിടുന്നതിനാണ് കലക്ടർ മുസ്ലിം ലീഗിന്റെ സഹായം തേടിയത്. നിലവിൽ ജില്ലയിലെ കോവിഡ് ചികിത്സാകേന്ദ്രങ്ങളിൽ 30 വെന്റിലേറ്ററുകൾ മാത്രമാണുള്ളത്. 100 എണ്ണമെങ്കിലും ജില്ലയിൽ ആവശ്യമുണ്ട്. കൂടാതെ മറ്റു ജീവൻരക്ഷാ ഉപകരണങ്ങളും സജ്ജമാക്കേണ്ട സാഹചര്യമാണുള്ളത്. ഇത്തരം സൗകര്യങ്ങൾ ഒരുക്കുന്നതിന് മുസ്ലിം ലീഗിന്റെ സഹകരണം പ്രതീക്ഷിച്ചാണ് കലക്ടർ പാണക്കാട്ടെത്തിയത്.
ജീവൻരക്ഷാ ഉപകരണങ്ങൾ ഒരുക്കാനും തുടർന്നുള്ള കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കും മുസ്ലിം ലീഗിന്റെയും പോഷകസംഘടനകളുടെയും എം.എൽ.എമാരുടെയും സഹകരണ ബാങ്കുകളുടെയും സഹകരണം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉറപ്പു നൽകി. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് അഹമ്മദ് സാജുവും ചർച്ചയിൽ പങ്കെടുത്തു.