Sorry, you need to enable JavaScript to visit this website.

വീട്ടില്‍നിന്ന് അസാധാരണ ശബ്ദം; കാസർകോട് കലക്ടർ പിടിച്ചത് ഒരു ടണ്‍ ചന്ദനം

കാസര്‍കോട്- ജില്ലാ കലക്ടറുടെ ക്യാംപ് ഓഫീസിന് സമീപത്തെ വീട്ടില്‍നിന്ന് വന്‍ ചന്ദനശേഖരം പിടികൂടി. ജില്ലാ കലക്ടര്‍ സജിത്ത് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു ടണ്ണോളം ചന്ദനശേഖരമാണ് പിടിച്ചെടുത്തത്. ചന്ദനം ഉടന്‍ തന്നെ വനംവകുപ്പിന് കൈമാറും.

 സംഭവത്തില്‍ മുഖ്യപ്രതി അബ്ദുള്‍ ഖാദറിനെ (58) അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇയാള്‍ ചന്ദനക്കടത്തിലെ പ്രധാന കണ്ണിയാണെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പറഞ്ഞു. ഇയാളുടെ മകന്‍ അര്‍ഷാദിനേയും കേസില്‍ പ്രതി ചേർത്തിട്ടുണ്ട്. പരിശോധനക്കിടെ വീട്ടുടമ അടക്കം നാലുപേര്‍ ഓടി രക്ഷപ്പെട്ടിരുന്നു.

പുലര്‍ച്ചെ നാലരയോടെ കലക്ടറുടെ ഗണ്‍മാനും ഡ്രൈവറും രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍  സമീപത്തെ വീട്ടില്‍നിന്ന് ശബ്ദം കേട്ട് പോയി നോക്കുകയായിരുന്നു. ഈ സമയത്ത് വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ചന്ദനം കയറ്റുകയായിരുന്നു. 

തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച നിലയില്‍ ചന്ദനത്തടികള്‍ കണ്ടെത്തിയത്.  വിപണിയില്‍ രണ്ടരക്കോടി രൂപ വിലവരുന്ന ചന്ദനശേഖരമാണ് പിടികൂടിയത്.

സിമന്റാണെന്ന വ്യാജേനയാണ് ലോറിയില്‍ ചന്ദനം കടത്താന്‍ ശ്രമിച്ചത്. വീടിന് പിന്നിലെ അറയിലാണ് ചന്ദനം സൂക്ഷിച്ചിരുന്നത്.

ശബ്ദത്തോടെ  എന്താണ് കയറ്റുന്നതെന്ന സംശയമാണ് പരിശോധിക്കാന്‍ ഇടയാക്കിയതെന്ന് കലക്ടര്‍ സജിത്ത് ബാബു പറഞ്ഞു.


 

Latest News