റിയാദ് - വിദേശ രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഡ്രൈവർമാരുടെ തൊഴിൽ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ച് പുതിയ വ്യവസ്ഥകളും മാനദണ്ഡങ്ങളും ബാധകമാക്കാൻ പൊതുഗതാഗത അതോറിറ്റി ആലോചിക്കുന്നു. കരടു ഗതാഗത നിയമത്തിലെ പതിനാലാം വകുപ്പുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിൽ നിന്ന് ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പുതിയ കരടു ഗതാഗത നിയമം അഭിപ്രായ, നിർദേശങ്ങൾക്കായി അതോറിറ്റി നേരത്തെ പരസ്യപ്പെടുത്തിയിരുന്നു. ഡ്രൈവർമാരുടെ തൊഴിൽ കാര്യക്ഷമത ഉറപ്പുവരുത്താനും കബളിപ്പിക്കപ്പെടുന്നതിൽനിന്ന് തൊഴിലുടമകൾക്ക് സംരക്ഷണം നൽകാനുമുതകുന്ന വ്യവസ്ഥകൾ കരടു ഗതാഗത നിയമത്തിലെ പതിനാലാം വകുപ്പിൽ ഇല്ലെന്ന കാര്യമാണ് പ്രധാനമായും അതോറിറ്റിയുടെ ശ്രദ്ധയിൽ പെടുത്തിയത്. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ച് ഇതിനായി വ്യവസ്ഥകൾ ബാധകമാക്കുമെന്ന് അതോറിറ്റി മറുപടി നൽകി.
സൗദിയിലെ റോഡുകളിൽ വാഹനമോടിക്കുന്നതിനു മുമ്പായി ഡ്രൈവർമാർ നേടേണ്ട തൊഴിൽ കാര്യക്ഷമതാ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വ്യവസ്ഥകൾക്കും മാനദണ്ഡങ്ങൾക്കും അതോറിറ്റി രൂപംനൽകും. ഡ്രൈവർമാർക്ക് പ്രാപ്തിയുണ്ടെന്ന് ഉറപ്പുവരുത്താനാണ് മാനദണ്ഡങ്ങളും വ്യവസ്ഥകളും ബാധകമാക്കുന്നത്. പൊതുഗതാഗത അതോറിറ്റിയുടെയും മറ്റു ബന്ധപ്പെട്ട വകുപ്പുകളുടെയും അംഗീകാരമുള്ള പരിശീലന, ടെസ്റ്റിംഗ് സെന്ററുകൾ നിലവിൽവന്ന ശേഷം ഡ്രൈവർമാർക്ക് തൊഴിൽ കാര്യക്ഷമതാ സർട്ടിഫിക്കറ്റും ഗതാഗത കമ്പനി മാനേജർമാർക്ക് പ്രൊഫഷനൽ മെറിറ്റും ബാധകമാക്കുമെന്ന് പൊതുഗതാഗത അതോറിറ്റി രണ്ടു വർഷം മുമ്പ് അറിയിച്ചിരുന്നു.
വിദ്യാർഥികൾക്കും അധ്യാപികമാർക്കുമായുള്ള വാഹനങ്ങളിലെ ഡ്രൈവർമാർക്ക് തൊഴിൽ കാര്യക്ഷമതാ പരീക്ഷ നിർബന്ധമാക്കാൻ ഇതുമായി ബന്ധപ്പെട്ട പുതിയ നിയമാവലി അനുശാസിക്കുന്നുണ്ട്. ഡ്രൈവർമാരുടെ യോഗ്യതയും വാഹനമോടിക്കാനുള്ള ഉയർന്ന ശേഷിയും കാര്യക്ഷമതയും പ്രൊഫഷനലിസവും തൊഴിൽ കാര്യക്ഷമതാ പരീക്ഷ നിർബന്ധമാക്കുന്നതിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നു.
സ്‌കൂൾ ട്രാൻസ്‌പോർട്ടേഷൻ മേഖലയിൽ ജോലി ചെയ്യുന്ന ഡ്രൈവർമാർ വാഹനത്തിന്റെ ഇനത്തിനനുസരിച്ച ഡ്രൈവിംഗ് ലൈസൻസ് നേടിയവരായിരിക്കണമെന്നും മുമ്പ് കുറ്റകൃത്യങ്ങളിൽ പെട്ടവരാകരുതെന്നും ഫസ്റ്റ് എയിഡുകൾ നൽകുന്നതിൽ അംഗീകൃത പരിശീലനം പൂർത്തിയാക്കണമെന്നും പുതിയ നിയമാവലി വ്യവസ്ഥ ചെയ്യുന്നു. പ്രായം 25 ൽ കുറവാകാൻ പാടില്ലെന്നും പ്രൊഫഷനൽ കാര്യക്ഷമതാ പരീക്ഷ പാസാകണമെന്നും അതോറിറ്റി നിശ്ചയിക്കുന്ന മറ്റു പരിശീലനങ്ങൾ പൂർത്തിയാക്കണമെന്നും വ്യവസ്ഥകളുണ്ട്.