ദുബായ്- ലോക്ഡൗണിനെ തുടര്‍ന്ന് യാത്ര മുടങ്ങിയവര്‍ക്ക് വിമാന ടിക്കറ്റിന് ചെലവായ മുഴുവന്‍ തുകയും മടക്കി നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്ത് പ്രവാസലോകം. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) യുടെ ശുപാര്‍ശ പരിഗണിച്ചാണ് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള മൂന്നംഗ പാനല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
അടുത്ത വര്‍ഷം മാര്‍ച്ച് 30 വരെയാണ് പണം മടക്കി നല്‍കാന്‍ കോടതി സമയം അനുവദിച്ചിരിക്കുന്നത്. ഇത്തരം സന്നിഗ്ധ ഘട്ടത്തില്‍ വിമാന കമ്പനികള്‍ ബുക്കിംഗിന് മുതിരരുതായിരുന്നെന്നും റീഫണ്ടിംഗ് സുഗമമാക്കുന്നതിന്, ബന്ധപ്പെട്ട വിമാനക്കമ്പനികള്‍ തന്നെ സംവിധാനം ആവിഷ്‌കരിക്കണമെന്നും കോടതി വിധിപ്രസ്താവത്തില്‍ പറയുന്നു.
ആഭ്യന്തര, അന്താരാഷ്ട്ര ടിക്കറ്റുകള്‍ക്ക് പുതിയ ഉത്തരവ് ബാധകമാകും. ലോക്ക്ഡൗണ്‍ കാലത്ത് ഇന്ത്യന്‍ വിമാനങ്ങളില്‍ ബുക്ക് ചെയ്ത അന്താരാഷ്ട്ര യാത്രികരുടെ ടിക്കറ്റുകളില്‍ ഉടനടി റീഫണ്ടിംഗ് ചെയ്യാനാണ് ഉത്തരവിലുള്ളത്. വിദേശ വിമാനങ്ങളിലാണെങ്കില്‍ ഏജന്റ് വഴി ബുക്ക് ചെയ്ത ടിക്കറ്റുകളില്‍ ഏജന്റിനു പണം ലഭിക്കുന്നതോടെ അത് യാത്രക്കാര്‍ക്ക് കൈമാറണം. ഏജന്റ് വഴിയല്ലെങ്കില്‍ മൂന്നാഴ്ചയാണ് റീഫണ്ടിംഗിന് അനുവദിച്ച സമയപരിധി.
പ്രവാസി ലീഗല്‍ സെല്ലും (പി.എല്‍.സി) എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷനും നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 'നിരക്ക് കുറഞ്ഞ സമയത്താണ് മിക്കയാളുകളും ടിക്കറ്റ് ബുക്ക് ചെയ്തത്. നിര്‍ഭാഗ്യവശാല്‍ ലോക്ഡൗണിനെ തുടര്‍ന്ന് അവര്‍ക്ക് യാത്ര ചെയ്യാനായില്ല. സുപ്രീം കോടതി വിധി ഏറെ ആശ്വാസകരമാണ്'- യു.എ.ഇ പ്രവാസി ലീഗല്‍ സെല്‍ നേതാവ് ശ്രീധരന്‍ പ്രസാദ് പറഞ്ഞു.